മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ ഇന്ത്യ ക്രിക്കറ്റ് സബ്റെഡിറ്റിൽ നടത്തിയ ചോദ്യോത്തര പരിപാടി സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമായി മാറിയിരിക്കുകയാണ്. ആരാധകരുടെ വിവിധ ചോദ്യങ്ങൾക്ക് സച്ചിൻ നൽകിയ രസകരവും വിദഗ്ധവുമായ മറുപടികളാണ് ഇപ്പോൾ പ്രധാന ചർച്ചാവിഷയം. ഇതിൽ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെക്കുറിച്ച് ചോദിച്ച ചോദ്യത്തിന് സച്ചിൻ നൽകിയ മറുപടി മലയാളി ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.
ട്വന്റി20 ലോകകപ്പിനിടെ മാസങ്ങളോളം സച്ചിനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും ദീർഘനേരം സംസാരിച്ചിരുന്നതായും സഞ്ജു പറഞ്ഞതിനെക്കുറിച്ചും, അന്ന് അദ്ദേഹത്തോട് എന്താണ് സംസാരിച്ചതെന്നുമായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഇതിന് ‘നീ പോ മോനേ ദിനേശാ! അതിന്റെ അർഥം സഞ്ജു തന്നെ നിങ്ങൾക്ക് പറഞ്ഞുതരും’ എന്നായിരുന്നു സച്ചിന്റെ ‘തഗ്’ മറുപടി. ‘നരസിംഹം’ സിനിമയിലെ മോഹൻലാലിന്റെ ഈ മാസ് ഡയലോഗ് സച്ചിന് അറിയാമെന്ന് കരുതിയില്ലെന്നും സഞ്ജുവിന് നന്ദിയെന്നും പറഞ്ഞ് ധാരാളം ആളുകളാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയത്.
നേരത്തെ ട്വന്റി20 ലോകകപ്പ് ടൂർണമെന്റിലെ മികച്ച താരമായതിന് പിന്നാലെ മുൻ മുതിർന്ന താരങ്ങളുടെ മാർഗനിർദേശങ്ങൾക്ക് സഞ്ജു സാംസൺ നന്ദി അറിയിച്ചിരുന്നു. ടീമിൽ അവസരം ലഭിക്കാതെ പുറത്തിരുന്നപ്പോൾ സ്വീകരിക്കേണ്ട മാനസികാവസ്ഥയെക്കുറിച്ച് അറിയാൻ സച്ചിൻ സാറിനെ സമീപിച്ചിരുന്നെന്നും കഴിഞ്ഞ ഏതാനും മാസങ്ങളായി അദ്ദേഹവുമായി നിരന്തരം സംസാരിച്ചിരുന്നുവെന്നും സഞ്ജു വ്യക്തമാക്കിയിരുന്നു. മത്സരത്തിന് ശേഷവും അദ്ദേഹം തന്നെ വിളിച്ച് സംസാരിച്ചിരുന്നുവെന്നും, സച്ചിനെപ്പോലൊരു ഇതിഹാസത്തിൽ നിന്ന് ലഭിക്കുന്ന വ്യക്തതയും പിന്തുണയും വലിയ കാര്യമാണെന്നും സഞ്ജു കൂട്ടിച്ചേർത്തു. ഈ വാക്കുകൾ ചൂണ്ടിക്കാട്ടിയായിരുന്നു സബ്റെഡിറ്റിൽ ആരാധകന്റെ ചോദ്യം വന്നത്.




