Sports

“അക്‌സർ പട്ടേലിന് സ്ഥിരതയില്ല, പിച്ച് തുണച്ചാല്‍ മാത്രം വിക്കറ്റ്, കുൽദീപിന് മുരളി കാർത്തിക്കിന്റെ അവസ്ഥ”: തുറന്നടിച്ച് മനിന്ദർ സിംഗ്

ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് ഓക്‌ലൻഡിലെ ഈഡൻ പാർക്കിൽ തുടക്കമാകുമ്പോൾ, ഇന്ത്യൻ ടീമിന്റെ സ്പിൻ ബോളിംഗ് നിരയാണ് പ്രധാന ആശങ്ക. കുൽദീപ് യാദവിനെ ബെഞ്ചിലിരുത്തിയതും ആൾറൗണ്ടർ അക്സർ പട്ടേലിന്റെ മോശം ഫോമും ശുഭ്മാൻ ഗില്ലിനും സംഘത്തിനും തിരിച്ചടിയാണ്.

അടുത്തിടെ സമാപിച്ച ട്വന്റി-20 പരമ്പരയിൽ 4 മത്സരങ്ങളിൽ നിന്ന് 3 വിക്കറ്റുകൾ മാത്രമാണ് അക്സറിന് നേടാനായത്. ബാറ്റിംഗിലും 42 റൺസ് മാത്രമേ നേടിയിട്ടുള്ളൂ. രവീന്ദ്ര ജഡേജയ്ക്ക് പകരം 2027 ലോകകപ്പിലേക്ക് അക്സറിനെ പരിഗണിക്കുന്നതിനാൽ താരത്തിന്റെ പ്രകടനം ഇന്ത്യയ്ക്ക് നിർണ്ണായകമാണ്.

അക്സർ പട്ടേലിന്റെ പ്രകടനത്തിൽ സ്ഥിരതയില്ലെങ്കിലും ടീം മാനേജ്‌മെന്റിന് ഇയാളിൽ വിശ്വാസമുണ്ടെന്ന് മുൻ ഇന്ത്യൻ സ്പിന്നർ മനിന്ദർ സിംഗ് പറഞ്ഞു. ബാറ്റിംഗിലോ ബോളിംഗിലോ തിളങ്ങാൻ സാധിച്ചില്ലെങ്കിൽ അത് കളിക്കാരന്റെ ആത്മവിശ്വാസത്തെ ബാധിക്കും. പിച്ച് പിന്തുണച്ചാൽ മാത്രം വിക്കറ്റുകൾ വീഴ്ത്താൻ കഴിയുന്ന ഫ്ലാറ്റ് ബോളറാണ് അക്സറെന്നും മനിന്ദർ വിലയിരുത്തി.

അതേസമയം, കുൽദീപ് യാദവിനെ ടീമിൽ ഉൾപ്പെടുത്താത്തതിൽ മനിന്ദർ സിംഗ് അദ്ഭുതം പ്രകടിപ്പിച്ചു. റിസ്റ്റ് സ്പിന്നർമാർക്ക് മത്സരങ്ങളിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയും. എന്നാൽ കുൽദീപിന്റെ കാര്യത്തിൽ ടീം മാനേജ്‌മെന്റിന് വേണ്ടത്ര ആത്മവിശ്വാസമില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. തനിക്ക് പന്തിൽ മികച്ച നിയന്ത്രണമുണ്ടായിരുന്നിട്ടും സച്ചിൻ ടെണ്ടുൽക്കറുടെയും സൗരവ് ഗാംഗുലിയുടെയും കാലത്ത് ടീമിൽ ഇടം ലഭിക്കാതിരുന്ന മുരളി കാർത്തിക്കിന്റെ അവസ്ഥയോടാണ് മനിന്ദർ കുൽദീപിനെ ഉപമിച്ചത്.

മറുവശത്ത്, ന്യൂസിലൻഡ് ക്യാപ്റ്റനും സ്പിന്നറുമായ മിച്ചൽ സാന്റ്നറുടെ പ്രകടനത്തെ മനിന്ദർ പ്രശംസിച്ചു. ട്വന്റി-20 പരമ്പരയിൽ 9 വിക്കറ്റുകൾ നേടി മികച്ച ഫോമിലായിരുന്നു സാന്റ്നർ. ഇന്ത്യൻ ബാറ്റർമാരുടെ ശൈലികൾ കൃത്യമായി പഠിച്ച് പന്തെറിയുന്ന സാന്റ്നർ തന്ത്രശാലിയായ ബോളറാണെന്നും മനിന്ദർ കൂട്ടിചേർത്തു.