ഹിമാചൽ പ്രദേശിലെ രോഹ്താങ് പാസിലുള്ള ഒരു വഴിയോര മാഗി സ്റ്റാൾ ഉടമ, വിനോദസഞ്ചാരികൾ കുറവുള്ള സമയത്തുപോലും ഒരു ദിവസം താൻ ഉണ്ടാക്കുന്ന ശരാശരി വരുമാനം വെളിപ്പെടുത്തി ആളുകളെ അമ്പരപ്പിച്ചിരിക്കുകയാണ്. സന്ദർശകർക്ക് മാഗിയും ചായയും മുട്ടയും വിറ്റ് പ്രതിദിനം 14,000 മുതൽ 15,000 രൂപ വരെയുള്ള വിറ്റുവരവാണ് ഇയാൾ നേടുന്നത്.
കണ്ടന്റ് ക്രിയേറ്ററായ ഹർഷ് ചൗഹാൻ ഈ കച്ചവടക്കാരനുമായി നടത്തുന്ന സംഭാഷണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. സീസൺ അല്ലാത്ത സമയത്ത് എത്ര വരുമാനം ലഭിക്കുമെന്ന ചോദ്യത്തിന്, ദിവസവും 100 രൂപ നിരക്കിൽ 60-70 പ്ലേറ്റ് മാഗിയും 40 രൂപ നിരക്കിൽ ഇരുന്നൂറോളം കപ്പ് ചായയും വിൽക്കാറുണ്ടെന്ന് ഇയാൾ വ്യക്തമാക്കുന്നു. ഇതിലൂടെ മാഗിയിൽ നിന്ന് മാത്രം 6,000 മുതൽ 7,000 രൂപ വരെയും ചായയിൽ നിന്ന് 8,000 രൂപയും ലഭിക്കും. മുട്ട വിൽപനയിൽ നിന്നുള്ള വരുമാനം ഇതിനുപുറമേയാണ്.
ചെറിയ ബിസിനസ്സുകളുടെ വലിയ സാധ്യതകൾ ചൂണ്ടിക്കാണിച്ചാണ് ഹർഷ് ഈ വീഡിയോ പങ്കുവെച്ചത്. എന്നാൽ ഇതിന് താഴെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ വ്യത്യസ്ത അഭിപ്രായങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ദിവസേനയുള്ള ഈ ഉയർന്ന വരുമാനത്തിൽ ചിലർ ആശ്ചര്യം പ്രകടിപ്പിച്ചപ്പോൾ, ഇത് വെറും വിറ്റുവരവ് മാത്രമാണെന്നും കഠിനമായ കാലാവസ്ഥയിലുള്ള യാത്രക്കൂലിയും സാധനങ്ങൾ മലമുകളിലേക്ക് എത്തിക്കാനുള്ള വലിയ ചെലവും കഴിച്ചുള്ള യഥാർത്ഥ ലാഭം കുറവായിരിക്കുമെന്നും മറ്റു ചിലർ ചൂണ്ടിക്കാണിക്കുന്നു.




