Featured Good News

അണുബാധയും ചർമ്മരോഗവും; നദി വൃത്തിയാക്കാൻ ബിട്ടു കളഞ്ഞത് സ്വന്തം ആരോഗ്യം ; പിന്മാറാതെ പോരാട്ടം

മധ്യപ്രദേശിലെ ബിയോറ നഗരത്തിലൂടെ ഒഴുകുന്ന അജ്നാർ നദിയെ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് മോചിപ്പിക്കാൻ ഒറ്റയാൾ പോരാട്ടം നടത്തി ശ്രദ്ധേയനായ സുരേന്ദ്ര സിങ് ചൗധരി എന്ന ബിട്ടു തബാഹി അസുഖങ്ങളും അണുബാധയും മൂലം ബുദ്ധിമുട്ടുന്നതായി റിപ്പോർട്ടുകൾ. സ്വന്തം ആരോഗ്യം പണയം വെച്ചാണ് ഈ ബി.എസ്.സി വിദ്യാർത്ഥി നദി ശുചീകരണത്തിനായി ഇറങ്ങിത്തിരിച്ചത്. എന്നാൽ ഈ കഠിനാധ്വാനം ഇപ്പോൾ ബിട്ടുവിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ദീർഘനേരം മലിനജലത്തിലും മാലിന്യങ്ങൾക്കിടയിലും ജോലിയെടുക്കുന്നത് കാരണം ബിട്ടുവിന്റെ കൈകാലുകളിൽ കടുത്ത ചർമ്മപ്രശ്നങ്ങളും അലർജിയും രൂപപ്പെട്ടിട്ടുണ്ട്.

മലിനജലം കാരണം കൈകാലുകളിൽ കടുത്ത അണുബാധ ഉണ്ടായതായി ബിട്ടു തന്നെ വെളിപ്പെടുത്തിയിരുന്നു. “കൈകളിലും കാലുകളിലുമുള്ള നിരന്തരമായ ചൊറിച്ചിലും വേദനയും എനിക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. പിറ്റേദിവസം രാവിലെ എഴുന്നേറ്റ് വീണ്ടും നദിയിലേക്ക് പോകണമെങ്കിൽ രാത്രി ഉറങ്ങുന്നതിന് മുമ്പ് ഞാൻ മരുന്നുകൾ കഴിക്കേണ്ട അവസ്ഥയാണ്” എന്ന് ബിട്ടു വ്യക്തമാക്കുന്നു.

മകന്റെ ആരോഗ്യനിലയിൽ ആശങ്കാകുലരായ ബിട്ടുവിന്റെ മാതാപിതാക്കൾ ദൗത്യത്തിൽ നിന്ന് പിന്മാറാൻ അവനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ മാതാപിതാക്കളെ വിഷമിപ്പിക്കാതിരിക്കാൻ താൻ നദി ശുചീകരണത്തിന് പോകുന്ന കാര്യം അവരിൽ നിന്ന് മറച്ചുവെക്കുകയാണെന്നും ബിട്ടു പറഞ്ഞു. “മാതാപിതാക്കൾക്ക് എന്റെ ആരോഗ്യത്തെക്കുറിച്ച് വലിയ ഭയമാണ്. മലിനജലത്തിലിറങ്ങി മാലിന്യം പെറുക്കുന്നത് അവർക്ക് ഇഷ്ടമല്ല. അതുകൊണ്ടാണ് ഞാൻ ഇപ്പോഴും ഈ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന വിവരം അവരെ അറിയിക്കാത്തത്. എങ്കിലും, നദി വീണ്ടും മാലിന്യക്കൂമ്പാരമായി മാറുന്നത് നോക്കിനിൽക്കാൻ എനിക്ക് കഴിയില്ല” എന്ന് ബിട്ടു പറയുന്നു.

കഴിഞ്ഞ ജനുവരി 26-നാണ് പ്ലാസ്റ്റിക് കുപ്പികളും മറ്റ് മാലിന്യങ്ങളും നിറഞ്ഞ അജ്നാർ നദിയെ ശുചിയാക്കാൻ ബിട്ടു തന്റെ ഒറ്റയാൾ ദൗത്യം ആരംഭിച്ചത്. സാമ്പത്തിക പിൻബലമോ അത്യാധുനിക യന്ത്രങ്ങളോ ഇല്ലാതെ, വെറുമൊരു മൺവെട്ടിയും ചിലപ്പോഴൊക്കെ വെറും കൈകളും ഉപയോഗിച്ചാണ് അവൻ നദി വൃത്തിയാക്കിയത്. നദിയുടെ മുമ്പും ശേഷവുമുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ആഗോളതലത്തിൽ വലിയ പ്രശംസയാണ് ബിട്ടുവിനെ തേടിയെത്തിയത്.

എന്നാൽ മാസങ്ങൾക്കിപ്പുറം അജ്നാർ നദി വീണ്ടും പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പലതവണ വൃത്തിയാക്കിയിട്ടും ആളുകൾ മുൻപത്തേക്കാൾ ഇരട്ടി മാലിന്യം പുഴയിലേക്ക് തള്ളുന്നത് നിരാശപ്പെടുത്തുന്നു എന്ന് ബിട്ടു തുറന്നുപറഞ്ഞിരുന്നു. ജനങ്ങൾ വീണ്ടും മാലിന്യം വലിച്ചെറിയുന്നത് തന്റെ അധ്വാനത്തെയാണ് ഇല്ലാതാക്കുന്നത്. സ്വന്തം ചെലവിൽ നദിക്കരയിൽ ഡസ്റ്റ്ബിനുകൾ സ്ഥാപിച്ചെങ്കിലും മാലിന്യ നിക്ഷേപം തുടരുകയാണ്. “എന്റെ ശരീരം വേദനിക്കന്നുണ്ട്, പക്ഷേ എന്റെ ആത്മവീര്യം തകർന്നിട്ടില്ല. വെള്ളത്തിൽ ഒരു തുണ്ട് മാലിന്യം ബാക്കിയുള്ളിടത്തോളം കാലം അത് നീക്കം ചെയ്യാൻ ഞാൻ പരമാവധി ശ്രമിക്കും” എന്ന് ബിട്ടു ഉറപ്പിച്ചു പറയുന്നു.