മുംബൈ: സമൂഹമാധ്യമങ്ങളിൽ അനാവശ്യ വിമർശനങ്ങൾ ഉന്നയിക്കുന്നവരെയെല്ലാം ബ്ലോക്ക് ചെയ്യുകയാണെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ ക്രിക്കറ്റ് താരം അർഷ്ദീപ് സിങ്ങിന്റെ കാമുകി സമ്രീൻ കൗർ. സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ അർഷ്ദീപിന്റെ റീലുകളിൽ പതിവായി സമ്രീനും പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ വിദേശ പര്യടനങ്ങളിൽ ഭാര്യമാർക്ക് നിയന്ത്രണമുള്ളപ്പോഴും സമ്രീൻ അർഷ്ദീപിനൊപ്പം സഞ്ചരിക്കുന്നു എന്നാരോപിച്ച് വലിയ തോതിൽ വിമർശനങ്ങളും സൈബർ ആക്രമണങ്ങളും ഉയർന്നുവന്നിരുന്നു.
അടുത്തിടെ ഏഷ്യൻ ഗെയിംസിനായി ഇന്ത്യൻ ടീം ജപ്പാനിലേക്ക് പോയപ്പോൾ ജാപ്പനീസ് നഗരമായ നഗോയയിൽ നിന്നുള്ള ചിത്രങ്ങൾ അർഷ്ദീപും സമ്രീനും പങ്കുവെച്ചതാണ് വിവാദത്തിന് കാരണമായത്.
സ്വന്തം ചെലവിലാണ് യാത്രകൾ നടത്തുന്നതെന്നും 17–ാം വയസ്സുമുതൽ ജോലി ചെയ്തുതുടങ്ങിയതാണെന്നും വ്യക്തമാക്കി സമ്രീൻ കൗർ ഇൻസ്റ്റഗ്രാമിൽ മറുപടി നൽകി. പങ്കാളിയുമായുള്ള ബന്ധം മറച്ചുവെച്ചാൽ അതിൽ അഭിമാനമില്ലെന്ന് പറയുകയും, സ്നേഹം പരസ്യമാക്കിയാൽ പ്രശസ്തിക്ക് വേണ്ടിയാണെന്ന് ആരോപിക്കുകയും ചെയ്യുന്ന ആളുകളുടെ കാപട്യത്തെക്കുറിച്ച് അവർ കുറിച്ചു.
സ്വന്തം അധ്വാനം കൊണ്ട് സാമ്പത്തിക സ്വാതന്ത്ര്യം നേടാനും 20-ലധികം രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനും തനിക്ക് സാധിച്ചിട്ടുണ്ടെന്നും, ആരുടെ മുന്നിലും വിശദീകരണം ആവശ്യമില്ലാത്ത വിധം തന്നെ പൂർണ്ണമായി മനസ്സിലാക്കുന്ന ഒരാളെ പങ്കാളിയായി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും സമ്രീൻ വ്യക്തമാക്കി.
തന്റെ ജീവിതത്തിലെ വിശേഷങ്ങൾ പങ്കുവെക്കുന്നത് ഇഷ്ടമല്ലെങ്കിൽ ആളുകൾക്ക് അക്കൗണ്ടിൽ നിന്ന് മാറിനിൽക്കാമെന്ന് സമ്രീൻ ഓർമ്മിപ്പിച്ചു. അനാവശ്യ നെഗറ്റിവിറ്റിയും ഊഹാപോഹങ്ങളും പരത്തുന്നവരെയും സ്വന്തം ജീവിതത്തിലെ നിരാശകൾ തീർക്കാൻ ശ്രമിക്കുന്നവരെയും താനും ടീമും ചേർന്ന് ബ്ലോക്ക് ചെയ്യുകയാണെന്ന് അവർ മുന്നറിയിപ്പ് നൽകി.
നിലവിൽ താൻ ഏറെ സന്തോഷത്തിലും പ്രണയത്തിലുമാണെന്നും ജീവിതം ആസ്വദിക്കുകയാണെന്നും വ്യക്തമാക്കിയ സമ്രീൻ, അനാവശ്യമായി തങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. സമ്രീന്റെ ഈ പോസ്റ്റ് അർഷ്ദീപ് സിങും പങ്കുവെച്ചിട്ടുണ്ട്.




