ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിലെ റസ്റ്ററന്റിൽ വെജിറ്റേറിയൻ ബിരിയാണി ഓർഡർ നൽകിയ വാരാണസി സ്വദേശികളായ കുടുംബത്തിന് അതിൽനിന്ന് ലഭിച്ചത് ചിക്കൻ കഷണങ്ങൾ. ഭക്ഷണം അറിയാതെ കഴിച്ചതിനെ തുടർന്ന് സസ്യാഹാരികളായ കുടുംബാംഗങ്ങൾ റസ്റ്ററന്റിൽ വച്ച് ജീവനക്കാരുമായി വാക്കേറ്റത്തിലേർപ്പെട്ടു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ നിലവിൽ പുറത്തുവന്നിട്ടുണ്ട്.
ബെംഗളൂരു വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിന് സമീപമുള്ള ഭക്ഷണശാലയിലാണ് ദുരനുഭവം ഉണ്ടായത്. ഓർഡർ ചെയ്ത വെജിറ്റേറിയൻ ബിരിയാണിയിൽ ചെറിയ ചിക്കൻ കഷണങ്ങൾ കൂട്ടിക്കലർത്തി നൽകുകയായിരുന്നു. ഭക്ഷണം കഴിച്ചു കഴിഞ്ഞ ശേഷമാണ് അത് ചിക്കനാണെന്ന് കുടുംബത്തിന് മനസ്സിലായത്. കുട്ടികളടക്കം ഇതിനോടകം തന്നെ ആഹാരം കഴിച്ചിട്ടുണ്ടായിരുന്നു. ഇതോടെ കടുത്ത അമർഷത്തിലായ കുടുംബാംഗങ്ങൾ ജീവനക്കാരോട് ഉച്ചത്തിൽ സംസാരിക്കുന്നതും കയർക്കുന്നതും വീഡിയോയിൽ കാണാം.
ഭക്ഷണം കഴിച്ച സ്ത്രീ ഒഴിഞ്ഞ പാത്രത്തിൽ ബാക്കിയായ ചിക്കൻ കഷണം എടുത്തുകാണിച്ചാണ് ജീവനക്കാരോട് പ്രതിഷേധിക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഭക്ഷണശാലയിലെ ജീവനക്കാരോട് സംസാരിക്കുകയും പ്രശ്നത്തിൽ ഇടപെടുകയും ചെയ്തു. കൂടാതെ റസ്റ്ററന്റ് മാനേജരെ ഉടനടി വിളിച്ചുവരുത്താൻ കുടുംബം ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.




