Crime

തൊണ്ടിമുതലായ എം.ഡി.എം.എ മോഷ്ടിച്ച എസ്.ഐ അറസ്റ്റിൽ! CCTVയില്‍ കുടുങ്ങിയത് ‘തൂഫാൻ വാരിയർ’ !

രാസലഹരിക്കേസിൽ പിടികൂടി സീൽ ചെയ്‌ത്‌ സ്‌റ്റേഷനിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 87 ഗ്രാം എം.ഡി.എം.എ കവറോടെ മോഷ്ടിച്ച കേസില്‍ എറണാകുളം സെൻട്രൽ സ്‌റ്റേഷനിലെ എസ്.ഐ അനസ് എസ്.തൗഫിഖ് അറസ്റ്റിലായി. സർക്കാർ ജീവനക്കാരൻ മോഷണം നടത്തി, തെളിവു നശിപ്പിച്ചു, ലഹരി കൈവശം വച്ചു തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ എസ്.ഐയെ സസ്പെൻഡ് ചെയ്തിരുന്നു. വിവിധ കേസുകളിൽ പിടികൂടുന്ന രാസലഹരി കോടതിയിൽ ഹാജരാക്കി ലാബിലേക്കുള്ള സാംപിൾ ശേഖരിച്ച ശേഷം സെൻട്രൽ സ്റ്റേഷനിലെ ലോക്കറിലാണ് സൂക്ഷിക്കുന്നത്. ഇത് നശിപ്പിക്കാനായി കഴിഞ്ഞയാഴ്ച എ.ആർ ക്യാംപിലെ ഗോഡൗണിലേക്കു കൊണ്ടുപോയപ്പോഴാണ് 87 ഗ്രാമിന്റെ കവർ കാണാനില്ലെന്ന് മനസ്സിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴുമാണ് ഈ മാസം 18-ന് ചുമതലകളൊന്നുമില്ലാതിരുന്ന അനസ് ലോക്കർ മുറിയിൽ കയറിയതായി കണ്ടെത്തിയത്.

പിന്നീട് അനസ് വീണ്ടും ലോക്കറിന്റെ താക്കോൽ‍ തിരക്കിയപ്പോൾ ഉദ്യോഗസ്ഥർ വിശദീകരണം തേടിയെങ്കിലും തൃപ്തികരമായ മറുപടി നൽകാൻ കഴിഞ്ഞില്ല. കുടുങ്ങുമെന്നായപ്പോൾ കഴിഞ്ഞ തിങ്കളാഴ്ച എസ്.ഐ രാസലഹരി കവറടക്കം തിരിച്ചേൽപിക്കുകയായിരുന്നു. എന്നാൽ ഇത് തൂക്കി നോക്കിയപ്പോൾ ഭാരവ്യത്യാസം കാണിക്കുകയും സീൽ ചെറിയ തോതിൽ മാറ്റിയ നിലയിലുമായിരുന്നു. ഈ ഭാരവ്യത്യാസത്തിൽ കൃത്യമായ വിശദീകരണം ലഭിക്കാത്തതിനെ തുടർന്ന് ശാസ്ത്രീയ പരിശോധനയ്ക്കായി സാംപിൾ ഫോറൻസിക് ലാബിലേക്ക് അയച്ചു.

‘ഓപ്പറേഷന്‍ തൂഫാ’നുമായി ബന്ധപ്പെട്ട് ലഹരിക്കെതിരെയുള്ള നിരവധി പരിപാടികളിൽ പങ്കെടുത്ത് സംസാരിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ് അനസ്.

എന്തിനു വേണ്ടിയാണ് പോലീസ്‌ ഉദ്യോഗസ്ഥൻ എം.ഡി.എം.എ മോഷ്ടിച്ചതെന്ന കാര്യം വിശദമായി അന്വേഷിച്ചു വരികയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം എം.ഡി.എം.എയിൽ നിന്ന് ഒരു ഭാഗമെടുത്ത് മറിച്ചുവില്പന നടത്തുകയാണ് ചെയ്തതെന്നാണ് അനസിന്റെ മൊഴി. എന്നാൽ ഇയാൾ ലഹരി ഉപയോഗിക്കുന്ന ആളാണോ എന്നും മുൻപും ഇത്തരത്തിൽ തൊണ്ടിമുതൽ മോഷ്ടിച്ച് വിറ്റിട്ടുണ്ടോ എന്നും പോലീസ് കേന്ദ്രങ്ങൾ അന്വേഷിക്കുന്നുണ്ട്.