Featured Travel

10,000 രൂപയ്ക്ക് ഇന്ത്യ ചുറ്റാനിറങ്ങിയ പെൺകുട്ടി, 2000 രൂപയ്ക്ക് 6 സംസ്ഥാനങ്ങൾ! യുവതിയുടെ സോളോ ട്രിപ്പ് വൈറൽ! വീഡിയോ കാണാം

വെറും 10,000 രൂപ കൊണ്ട് ഇന്ത്യ മുഴുവൻ ചുറ്റിക്കാണാൻ സാധിക്കുമോ? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ഒരു വനിതാ സഞ്ചാരി. ഇന്റർനെറ്റിൽ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ഈ യാത്രയിൽ, ഇതുവരെ ആറ് സംസ്ഥാനങ്ങൾ സന്ദർശിച്ചതായും അതിനായി വെറും 2,000 രൂപ മാത്രമാണ് ചെലവായതെന്നും ഇവർ അവകാശപ്പെടുന്നു. ബാക്കി ഇന്ത്യ കൂടി കണ്ടുതീർക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ.

ഇൻസ്റ്റാഗ്രാമിലെ ‘@flyyingxfishh’ എന്ന അക്കൗണ്ടിലൂടെയാണ് യാത്രയുടെ വിവരങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള വീഡിയോ പുറത്തുവന്നത്. വീഡിയോയിൽ അവർ പറയുന്നത് ഇങ്ങനെയാണ്: “നിങ്ങൾക്ക് ഒരു സ്ഥലം സന്ദർശിക്കാനുള്ള ബജറ്റായിരിക്കും 10,000 രൂപ, എന്നാൽ എനിക്ക് അത് ഇന്ത്യ മുഴുവൻ കറങ്ങി കാണാനുള്ള ബജറ്റാണ്. കേൾക്കുമ്പോൾ തമാശയായി തോന്നാം, അല്ലേ? എന്നാൽ ഇതൊരു തമാശയല്ല; ഞാൻ എനിക്ക് തന്നെ നൽകിയ ഒരു ചലഞ്ചാണ്. ഇതുവരെ ഞാൻ 6 സംസ്ഥാനങ്ങൾ യാത്ര ചെയ്തു കഴിഞ്ഞു, അതിനായി എനിക്ക് ചെലവായത് വെറും 2,000 രൂപ മാത്രമാണ്.”

അവർ തുടർന്നു പറയുന്നു: “എന്നാൽ കാത്തിരിക്കൂ, ഇനിയും ഇന്ത്യ മുഴുവൻ കണ്ടുതീർക്കാൻ ബാക്കിയുണ്ട്. ഈ 10,000 രൂപ ബജറ്റിൽ എനിക്ക് ഇന്ത്യ മുഴുവൻ ചുറ്റിക്കാണാൻ സാധിക്കുമോ എന്ന് അറിയില്ല. പണം തീരുന്നതോടെ ഈ ചലഞ്ചും അവസാനിക്കും. എങ്കിലും എനിക്ക് ഈ വെല്ലുവിളി പൂർത്തിയാക്കാൻ സാധിക്കുമോ?”

“10,000 രൂപയിൽ താഴെ ചെലവിൽ ഇന്ത്യ കാണാൻ ശ്രമിക്കുന്നു! ഞാൻ ഇതിൽ വിജയിക്കുമോ അതോ വഴിയിൽ ഉപേക്ഷിക്കുമോ എന്ന് അറിയാൻ ഈ യാത്രയുടെ ഭാഗമാകൂ. കാരണം ഈ യാത്ര എളുപ്പമല്ല, ഒരുപാട് കഷ്ടപ്പാടുകൾ നിറഞ്ഞതാണ്. പൂർണ്ണ എപ്പിസോഡുകൾ യൂട്യൂബിൽ കാണാം” എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ വീഡിയോയ്ക്ക്മ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇത് പ്രായോഗികമാണോ എന്ന് ചിലർ സംശയം പ്രകടിപ്പിച്ചപ്പോൾ, കൃത്യമായി പ്ലാൻ ചെയ്താൽ സാധ്യമാണെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം. “സൗജന്യ യാത്രയാണെങ്കിൽ പോലും ഞാൻ വിശ്വസിച്ചേനെ, എന്നാൽ 10,000 രൂപ ബജറ്റിൽ ഇത് സാധ്യമല്ല ചേച്ചി, എങ്കിലും ആശംസകൾ” എന്ന് ഒരാൾ കുറിച്ചപ്പോൾ, “തീർച്ചയായും ഇത് സാധ്യമാണ്, നിങ്ങൾ തിരഞ്ഞെടുക്കുന്ന വാഹനങ്ങൾ, താമസം, ഭക്ഷണം എന്നിവയെ ആശ്രയിച്ചിരിക്കും അത്” എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.