ഉത്തർപ്രദേശിലെ പ്രയാഗ്രാജ് നഗരത്തിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമത്തിലെ സാധാരണ വീട്. എന്നാൽ ആ വീടിന്റെ അടിത്തറയ്ക്കുള്ളിൽ ഒളിപ്പിച്ചിരുന്നത് നിസ്സാര കാര്യങ്ങളായിരുന്നില്ല. മണ്ണിൽ ആഴത്തിൽ കുഴിച്ചിട്ട മൂന്ന് ഡ്രമ്മുകളിലായി സൂക്ഷിച്ചിരുന്ന കോടികളുടെ കള്ളപ്പണമാണ് പൊലീസ് സംഘം അവിടെ നിന്ന് കണ്ടെത്തിയത്. തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്ന 500 രൂപയുടെ നോട്ടുക്കെട്ടുകളാണ് നിലത്തിനടിയിൽ ഒളിപ്പിച്ചിരുന്നത്.
നവാബ്ഗഞ്ച് മേഖലയിലെ ‘മഹാകാൽ’ എന്നറിയപ്പെടുന്ന രാകേഷ് യാദവിന്റെ തറവാട്ടുട്ടുവീട്ടിൽ നിന്ന് ബുധനാഴ്ച രാത്രിയാണ് ഈ പണം കണ്ടെത്തിയത്. വീട്ടിനുള്ളിൽ മോഷണമുതൽ എന്ന് സംശയിക്കുന്ന പണം ഒളിപ്പിച്ചിട്ടുണ്ടെന്ന വിവരമാണ് പോലീസിന് ലഭിച്ചത്. സംഭവം പോലീസ് കമ്മീഷണർ പിയൂഷ് മോർദിയയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്, ഡിസിപി (ഗംഗാ നഗർ) സോനം കുമാർ, അഡീഷണൽ ഡിസിപി പുഷ്കർ വർമ്മ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വൈകുന്നേരം 6 മണിയോടെ ഗ്രാമത്തിലെത്തി.
പരിശോധന ആരംഭിക്കുന്നതിന് മുന്നോടിയായി പോലീസ് ഗ്രാമത്തിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. നാലര മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിൽ പോലീസ് പണം പിടിച്ചെടുക്കുകയും വീട് പൂട്ടി സീൽ ചെയ്യുകയും ചെയ്തു. രാകേഷിന്റെ സഹോദരൻ ബാബ്ലുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂടാതെ, ചോദ്യം ചെയ്യുന്നതിനായി കുടുംബത്തിലെ മറ്റ് ചിലരെയും കൊണ്ടുപോയിട്ടുണ്ട്. വീട്, തോട്ടം, സമീപത്തെ വിജനമായ പറമ്പ് എന്നിവ കേന്ദ്രീകരിച്ച് നാൽപ്പതിലധികം പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നത്.
അഞ്ചോ ആറോ ദിവസം മുമ്പ് രാകേഷും അയൽവാസികളും തമ്മിൽ തർക്കമുണ്ടാവുകയും, തുടർന്ന് ഇയാൾക്കെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ അന്വേഷണത്തിനെത്തിയ പോലീസ് സബ് ഇൻസ്പെക്ടറുമായി ഇയാൾ തർക്കത്തിലേർപ്പെട്ടതാണ് കൂടുതൽ സംശയത്തിന് കാരണമായത്.
കോവിഡ് മഹാമാരിയുടെ സമയത്ത് നാട്ടിൽ തിരിച്ചെത്തുന്നതിന് മുൻപ് രാകേഷ് പൂനെയിലെ ഒരു സ്വർണ്ണക്കടയിൽ ജോലി ചെയ്യുകയായിരുന്നുവെന്നാണ് ഗ്രാമവാസികൾ പറയുന്നത്. പിന്നീട് ഇയാൾ സ്ഥലം വാങ്ങുകയും, വീട് നിർമ്മിച്ച് സിമന്റും സ്റ്റീലും വിൽക്കുന്ന ബിസിനസ്സ് ആരംഭിക്കുകയും ചെയ്തു. കണ്ടെടുത്ത പണത്തിന്റെ ഉറവിടം പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
തുടക്കത്തിൽ നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ വീടിന്റെ മുറികളിലൊന്നിന്റെ തറ പരിശോധിച്ചപ്പോൾ, അവിടെ മണ്ണ് അടുത്തിടെ മാറ്റിയതായി പൊലീസ് കണ്ടെത്തി. തുടർന്ന് തൊഴിലാളികളെ കൊണ്ടുവന്ന് തറ കുഴിച്ചപ്പോഴാണ് മണ്ണിൽ പുതഞ്ഞ നിലയിൽ മൂന്ന് വലിയ ഡ്രമ്മുകൾ കണ്ടെത്തിയത്.
കട്ടിയുള്ള കറുത്ത പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് പലതവണ പൊതിഞ്ഞ നിലയിലായിരുന്നു ഡ്രമ്മുകൾ. ഇവ തുറന്നുനോക്കിയ പൊലീസ് സംഘം ഞെട്ടിപ്പോയി—അഞ്ചൂറ് രൂപ നോട്ടിന്റെ വലിയ കെട്ടുകളായിരുന്നു ഉള്ളിൽ നിറയെ. കോടിക്കണക്കിന് രൂപയുടെ മൂല്യമുള്ള നോട്ടുകളാണ് ഇതെന്ന് കരുതുന്നു.
ശേഖരിച്ച തുക വളരെ വലുതായതിനാൽ ഔദ്യോഗികമായി എണ്ണിത്തിട്ടപ്പെടുത്തിയാൽ മാത്രമേ കൃത്യമായ തുക വ്യക്തമാകൂ എന്ന് ഗംഗാനഗർ ഡി.സി.പി സോനം കുമാർ അറിയിച്ചു.
സംഭവം പുറത്തുവന്നതോടെ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വീട് സീൽ ചെയ്യുകയും കുടുംബാംഗങ്ങളിൽ ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാൽ ചോദ്യം ചെയ്യലിൽ ഇയാൾ ഇടയ്ക്കിടെ മൊഴി മാറ്റുകയും പരസ്പരവിരുദ്ധമായ മറുപടികൾ നൽകുകയുമാണെന്ന് പൊലീസ് പറഞ്ഞു.
പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ആദായനികുതി വകുപ്പിനെയും മറ്റ് സാമ്പത്തിക അന്വേഷണ ഏജൻസികളെയും വിവരമറിയിച്ചിട്ടുണ്ട്. അവരെത്തിയ ശേഷം പണം എണ്ണുന്ന നടപടികൾ ആരംഭിക്കും.




