കൊൽക്കത്ത: കൗമാരക്കാരനെയും പിതാവിനെയും നഗ്നരാക്കി നടത്തിയ സംഭവത്തിലെ പ്രതികളെയും അർദ്ധനഗ്നരാക്കി നടത്തിച്ച് കൊൽക്കത്ത പൊലീസ്. മൂന്ന് പ്രതികളെ ഷോർട്സ് മാത്രം ധരിപ്പിച്ച് ബെഹലയിലെ സർസുനയിലുള്ള ഖുദിറാം പള്ളിക്ക് സമീപമാണ് പൊലീസ് നടത്തിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് കൗമാരക്കാരനും അച്ഛനും നേരെ അതിക്രമമുണ്ടായത്.
ഖാൽപർ മഠത്തിന് സമീപം വെച്ച് 17-കാരനെ തന്റെ സുഹൃത്തായ പെൺകുട്ടിക്കൊപ്പമിരിക്കുന്നത് വീട്ടുകാർ കണ്ടിരുന്നു. 13-കാരിയെ 17-കാരൻ ചുംബിക്കുന്നത് കണ്ടുവെന്നാണ് പെൺകുട്ടിയുടെ കുടുംബം പറയുന്നത്. തുടർന്ന് ആൺകുട്ടിയെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും തടഞ്ഞുവെച്ച് ഇവർ മർദിക്കുകയായിരുന്നു.
ശേഷം ആൺകുട്ടിയുടെ അച്ഛനെയും അവിടെ വിളിച്ചുവരുത്തി. സ്ഥലത്തെത്തിയ അച്ഛനെയും ഇവർ ക്രൂരമായി മർദിച്ചു. തുടർന്ന് തോക്കിൻമുനയിൽ നിർത്തി മൂവരെയും വസ്ത്രങ്ങൾ ഉരിഞ്ഞ് ജനത്തിരക്കുള്ള പ്രദേശത്തിലൂടെ ഏകദേശം 50 മീറ്ററോളം നഗ്നരായി നടത്തിക്കുകയായിരുന്നു. സ്വന്തം മകനെ വെടിവച്ചുകൊല്ലാനോ കത്തികൊണ്ട് കുത്തിക്കൊല്ലാനോ പ്രതികൾ പിതാവിനോട് ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. ഇതിന് പിതാവ് വിസമ്മതിച്ചതോടെയാണ് മൂവരെയും നിർബന്ധിച്ച് വസ്ത്രങ്ങൾ അഴിപ്പിച്ച് നഗ്നരാക്കി പ്രധാന റോഡിലൂടെ നടത്തിച്ചത്.
ആക്രമണത്തിന് ഇരയായ ആൺകുട്ടിയുടെ പിതാവ് സർസുന പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ പിതാവ് പ്രദീപ് സർക്കാർ, അമ്മാവൻ രാഹുൽ ബർമൻ, സഹോദരൻ എന്നിവരെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ വൻ പൊലീസ് സന്നാഹത്തോടെ പ്രതികളെ കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ചു. തുടർന്നാണ് ഷോർട്സ് മാത്രം ധരിപ്പിച്ച് അരയിൽ കയർ കെട്ടി പൊലീസ് ഇവരെ തെരുവിലൂടെ നടത്തിച്ചത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
ഇതിനിടെ പ്രതികളുടെ മേൽക്കുപ്പായം ഊരിമാറ്റി പൊതുവഴിയിലൂടെ പരസ്യമായി നടത്തിച്ച പൊലീസ് നടപടിക്കെതിരെ ബംഗാളിലെ ഭരണ-പ്രതിപക്ഷ കക്ഷികൾ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ് പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ചു. പ്രതികളെ പൊലീസ് വേഗത്തിൽ പിടികൂടിയത് അഭിനന്ദനാർഹമാണെങ്കിലും, മേൽക്കുപ്പായമില്ലാതെ അവരെ പൊതുവഴിയിലൂടെ പരേഡ് ചെയ്യിച്ചത് തികച്ചും അപരിഷ്കൃതമായ നടപടിയാണെന്നും നിയമം ഇത് ഒട്ടും അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പൊലീസ് കുറ്റകൃത്യങ്ങൾ അന്വേഷിച്ച് കണ്ടെത്തുന്നതിലാണ് എക്കാലത്തും പേരെടുത്തിട്ടുള്ളതെന്നും, അല്ലാതെ ഇത്തരം ഫ്യൂഡൽ രീതികൾ നടപ്പിലാക്കുന്നതിലല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമും വിമർശിച്ചു.
അതേസമയം, രാഷ്ട്രീയ നേതാക്കളുടെ ആരോപണങ്ങൾ കൊൽക്കത്ത പൊലീസ് തള്ളി. വളരെ തിരക്കേറിയ സ്ഥലമായതിനാൽ പ്രതികൾ കസ്റ്റഡിയിൽ നിന്ന് ഓടിപ്പോകാൻ സാധ്യതയുണ്ടായിരുന്നുവെന്നും, ഷർട്ട് ധരിക്കാത്ത ഒരാളെ ദൂരെ നിന്ന് നോക്കിയാൽ പോലും പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുമെന്നതിനാലാണ് സുരക്ഷ മുൻനിർത്തി ഇപ്രകാരം ചെയ്തതെന്നുമാണ് പൊലീസിന്റെ വിശദീകരണം.




