ജയ്പൂരിൽ 20 രൂപയുടെ കച്ചോരി കഴിക്കാൻ വണ്ടി നിർത്തിയ വ്യവസായിക്ക് നഷ്ടപ്പെട്ടത് 20 ലക്ഷം രൂപ അടങ്ങിയ ബാഗ്. ഭക്ഷണം കഴിക്കാനായി നിർത്തിയ ഏതാനും മിനിറ്റുകൾക്കുള്ളിലാണ് സ്കൂട്ടറിലെത്തിയ രണ്ടു മോഷ്ടാക്കൾ ബാഗുമായി കടന്നുകളഞ്ഞത്.
തിങ്കളാഴ്ച ജയ്പൂരിലെ നഹർഗഢ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സിസിടിവിയിൽ പതിഞ്ഞ ഈ വിചിത്രമായ മോഷണ സംഭവം നടന്നത്. വൈകുന്നേരം നാലു മണിയോടെ ചമ്പാലാൽ എന്ന വ്യവസായി കച്ചോരി കഴിക്കാനായി സ്കൂട്ടർ ഒതുക്കി നിർത്തുകയും, പണമടങ്ങിയ ബാഗ് സ്കൂട്ടറിന്റെ മുൻഭാഗത്ത് വെയ്ക്കുകയുമായിരുന്നു. ഈ സമയത്താണ് സ്കൂട്ടറിലെത്തിയ രണ്ട് പേർ തന്ത്രപരമായി ബാഗ് തട്ടിയെടുത്ത് പാഞ്ഞത്.
ചമ്പാലാലും പ്രദേശവാസികളും മോഷ്ടാക്കളെ പിന്തുടർന്നെങ്കിലും അവരെ പിടികൂടാനായില്ല. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൻതോതിൽ പ്രചരിക്കുന്ന ഇതിന്റെ സിസിടിവി ദൃശ്യങ്ങളിൽ, ചമ്പാലാൽ സ്കൂട്ടറിലിരുന്ന് ശാന്തനായി കച്ചോരി കഴിക്കുന്നത് കാണാം. ഇതിനിടയിൽ തൊട്ടടുത്ത് വണ്ടി നിർത്തിയ മോഷ്ടാക്കളിലൊരാൾ വേഗത്തിൽ ബാഗ് കൈക്കലാക്കി കടന്നു കളയുകയായിരുന്നു. കയ്യിലിരുന്ന കച്ചോരി കളയാതെ തന്നെ ചമ്പാലാൽ മോഷ്ടാക്കളുടെ പിന്നാലെ ഓടുന്നതും വീഡിയോയിലുണ്ട്.
ഹെൽമറ്റ് ധരിച്ചെത്തിയ മോഷ്ടാക്കളെ തിരിച്ചറിയാനായി പോലീസുകാർ പ്രദേശത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. ചമ്പാലാലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നഹർഗഢ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




