Oddly News

വഴക്കിടാന്‍ മടിയാണോ? 2,600 രൂപ മതി, നിങ്ങൾക്ക് വേണ്ടി ‘പണി’ ഏറ്റെടുക്കാൻ ആള്‍ റെഡി! കില്ലർ ബിസിനസ്സ് !

തങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ ബുദ്ധിമുട്ടുന്ന ആളുകൾക്കായി മറ്റുള്ളവരുടെ തർക്കങ്ങളിലും പ്രശ്നങ്ങളിലും ഇടപെട്ട് വാദിച്ചുകൊണ്ട് പണം സമ്പാദിക്കുന്ന ഒരു വ്യക്തിയുടെ വാർത്ത ദക്ഷിണ ചൈനയിലെ ഗുവാങ്ഷൂവിൽ നിന്ന് പുറത്തുവന്നിരിക്കുകയാണ്. മറ്റുള്ളവരുടെ വഴക്കുകൾ പണം വാങ്ങി ഏറ്റെടുത്തു നടത്തുന്ന ഇയാളുടെ ഈ വേറിട്ട സേവനം തെരുവുകളിൽ പ്രചരിപ്പിക്കുന്നതിന്റെ വീഡിയോകൾ വൻതോതിൽ വൈറലായതോടെയാണ് വലിയ ശ്രദ്ധ നേടിയത്.

സമയം എത്ര എടുത്താലും ഉപഭോക്താക്കളുടെ പരാതികൾ പറഞ്ഞുതീർക്കുന്നതിനായി ഇയാൾ 188 യുവാൻ (ഏകദേശം 2,681 രൂപ) ആണ് ഈടാക്കുന്നത്. തൊഴിൽ തർക്കങ്ങൾ മുതൽ പണം തിരികെ വാങ്ങൽ വരെയുള്ള കാര്യങ്ങളിൽ, അനീതികൾക്കെതിരെ സംസാരിക്കാൻ മടിയുള്ളവരെ സഹായിക്കാനാണ് ഇയാൾ ഈ സേവനം ആരംഭിച്ചിരിക്കുന്നത്.

സ്ഥാപനങ്ങൾ ശമ്പളം നൽകാതിരിക്കൽ, കച്ചവടക്കാർ പണം തിരികെ നൽകാൻ വിസമ്മതിക്കൽ, വാഗ്ദാനം ചെയ്ത ഗുണനിലവാരം സേവനങ്ങളിൽ നൽകാതിരിക്കൽ തുടങ്ങിയ ദൈനംദിന പ്രശ്നങ്ങളിൽ ഇയാൾ ഇടപെടുമെന്ന് വ്യക്തമാക്കുന്നു. “മുതലാളി ശമ്പളം തരാതിരിക്കുന്നതുപോലെയുള്ള തൊഴിൽ തർക്കങ്ങൾ ഞാൻ ഏറ്റെടുക്കും” എന്ന് ഇയാൾ പറയുന്നു. ഇതിനുപുറമേ, പഠന കോഴ്‌സുകൾക്കും മറ്റ് സേവനങ്ങൾക്കും എതിരെയുള്ള ഉപഭോക്തൃ പരാതികളും ഇയാൾ കൈകാര്യം ചെയ്യുന്നുണ്ട്. ഉദാഹരണത്തിന്, മാതാപിതാക്കൾ കുട്ടികളെ ട്യൂഷന് ചേർക്കുകയും എന്നാൽ പിന്നീട് അധ്യാപകരെ മാറ്റി വിദ്യാഭ്യാസ നിലവാരം കുറയുകയും ചെയ്താൽ, പണം തിരികെ വാങ്ങാനും അഡ്മിഷൻ റദ്ദാക്കാനും ഇയാൾ ഇടപെടും.

സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾ (cosmetic surgery) പരാജയപ്പെടുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളും താൻ ഏറ്റെടുക്കാറുണ്ടെന്ന് ഇയാൾ വ്യക്തമാക്കുന്നു. പലർക്കും മുതലാളിമാരോടോ ബിസിനസ്സ് ഉടമകളോടോ നേരിട്ട് പരാതിപ്പെടാനോ പണം തിരികെ ചോദിക്കാനോ ഭയമാണ്. അത്തരം സാഹചര്യങ്ങളിൽ ഒരു മധ്യസ്ഥനായി നിന്നുകൊണ്ട് ഈ വ്യക്തി അവർക്ക് സഹായമേകുന്നു. എന്നാൽ ഇയാളുടെ സേവനം ഒരു നിയമപരമായ വക്കീൽ സേവനമല്ല, മറിച്ച് വാദപ്രതിവാദങ്ങളിൽ സഹായിക്കുക എന്നത് മാത്രമാണ്.

തന്റെ സേവനത്തെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ബോർഡും പിടിച്ച് ഗുവാങ്ഷൂവിലെ തെരുവുകളിലൂടെ നടക്കുന്ന ഇയാളുടെ വീഡിയോകൾ വഴിയാത്രക്കാരാണ് പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. ക്യാമറയ്ക്ക് മുന്നിൽ വളരെ ശാന്തനായി നിൽക്കുന്ന ഇയാൾ തന്റെ ജോലി വിശദീകരിക്കുമ്പോൾ ക്യാമറയെ നോക്കി ‘പീസ്’ (peace sign) അടയാളം കാണിക്കുന്നതും വീഡിയോകളിൽ കാണാം.