സിഡ്നി: പരമ്പരാഗതമായി മൃതദേഹം അടക്കം ചെയ്യുന്നതിനും ദഹിപ്പിക്കുന്നതിനും പുറമെ, മരണാനന്തര സംസ്കാരത്തിന് ‘ഹ്യൂമൻ കോമ്പോസ്റ്റിങ്’ (Human Composting) അഥവാ ‘ടെറാമേഷൻ’ (Terramation) എന്ന പുതിയ രീതിക്ക് നിയമസാധുത നൽകാനൊരുങ്ങി ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ്. മനുഷ്യശരീരത്തെ സ്വാഭാവിക ജൈവപ്രക്രിയയിലൂടെ പ്രകൃതിദത്തമായ മണ്ണിലേക്ക് ലയിപ്പിക്കുന്ന രീതിക്കാണ് ഇതിലൂടെ കളമൊരുങ്ങുന്നത്.
പ്രത്യേക നിയന്ത്രിത സാഹചര്യങ്ങളിൽ ജൈവ സാങ്കേതികവിദ്യ ഉപയോഗിച്ച് മൃതദേഹത്തെ വളത്തിന് സമാനമായ വസ്തുവാക്കി മാറ്റുകയാണ് ഇതിൽ ചെയ്യുന്നത്. സാധാരണ ശവസംസ്കാര രീതികളെ അപേക്ഷിച്ച് സ്ഥലപരിമിതി പരിഹരിക്കാനും ഊർജ ഉപഭോഗവും കാർബൺ പുറന്തള്ളലും കുറയ്ക്കാനും ഇതിലൂടെ സാധിക്കുമെന്ന് പരിസ്ഥിതി പ്രേമികൾ ചൂണ്ടിക്കാട്ടുന്നു. അതിനാൽ തന്നെ പ്രകൃതിസൗഹൃദ മരണാനന്തര സംസ്കാരങ്ങൾ ആഗ്രഹിക്കുന്നവർക്കിടയിൽ ഈ രീതിക്ക് മികച്ച പിന്തുണ ലഭിക്കുന്നുണ്ട്.
സംസ്കരണ പ്രക്രിയ പൂർത്തിയായ ശേഷം ലഭിക്കുന്ന ജൈവവസ്തു ബന്ധുക്കൾക്ക് കൈമാറുകയും, നിയമപരമായ അനുമതിയോടെ തോട്ടങ്ങളിലോ സ്മാരക തൈകൾ നടുന്നതിനോ ഉപയോഗിക്കുകയും ചെയ്യാം. എന്നാൽ ഇതിനെ സാധാരണ മണ്ണായി കരുതാൻ കഴിയില്ലെന്നും ഇതിന്റെ ഉപയോഗത്തിന് വ്യക്തമായ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങളും ചട്ടങ്ങളും ബാധകമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു. വ്യക്തിഗത താൽപര്യങ്ങൾക്ക് മുൻഗണന നൽകുന്ന ഈ രീതി തിരഞ്ഞെടുക്കാൻ വ്യക്തമായ സമ്മതപത്രവും നിയമനടപടികളും പൂർത്തിയാക്കേണ്ടതുണ്ട്.
അമേരിക്കയിലെ ചില സംസ്ഥാനങ്ങളിൽ ഈ സംസ്കാരരീതിക്ക് ഇതിനകം തന്നെ നിയമപരമായ അനുമതി ലഭിച്ചിട്ടുണ്ട്. പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിനൊപ്പം പരമ്പരാഗത രീതികൾക്ക് പകരം ജനങ്ങൾക്ക് പുതിയൊരു വഴി തുറന്നുനൽകാൻ ഇതിലൂടെ സാധിക്കുമെന്ന് ഇതിനെ അനുകൂലിക്കുന്നവർ വാദിക്കുന്നു.
സാമൂഹിക മാധ്യമങ്ങളിൽ ഈ വാർത്തയോട് സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. സംസ്കാര രീതികളെക്കുറിച്ചുള്ള പരമ്പരാഗത ചിന്തകൾ മാറിവരുന്ന ഇക്കാലത്ത് ഓസ്ട്രേലിയൻ സമൂഹം ഈ പുതിയ മാറ്റത്തെ എത്രത്തോളം സ്വീകരിക്കുമെന്ന് കണ്ടുതന്നെ അറിയേണ്ടിവരും.




