ചെന്നൈ ∙ വേളാങ്കണ്ണിയിൽ വീടുവിട്ടിറങ്ങിയ 15 വയസ്സുകാരായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ തിരുവനന്തപുരം സ്വദേശികളായ യുവാക്കൾ അറസ്റ്റിലായി. സ്ഥലപരിചയമില്ലാത്ത പുതുക്കോട്ട സ്വദേശിനികളായ പെൺകുട്ടികളെ സഹായം വാഗ്ദാനം ചെയ്താണ് പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. നെയ്യാറ്റിൻകര സ്വദേശികളായ അജയ് ആന്റണി (27), വിശാൽ (23) എന്നിവരാണ് പിടിയിലായത്.
പഠനത്തിൽ പിന്നാക്കം പോയതിന് വീട്ടുകാർ നിരന്തരം സമ്മർദം ചെലുത്തിയതിനെ തുടർന്നാണ് പെൺകുട്ടികൾ വീടുവിട്ടിറങ്ങിയത്. നാഗപട്ടണത്തെ വേളാങ്കണ്ണിയിലെത്തിയ ഇവർ വിവിധ കടകളിൽ ജോലി അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് കടൽത്തീരത്ത് സമയം ചെലവഴിക്കുന്നതിനിടെയാണ് വിനോദസഞ്ചാരികളായി എത്തിയ മലയാളി യുവാക്കൾ ഇവരെ പരിചയപ്പെടുന്നത്. പിന്നാലെ ഇവർ പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.
രാത്രി തങ്ങാൻ ഇടം കണ്ടെത്താൻ സഹായിക്കണമെന്ന് പെൺകുട്ടികൾ ആവശ്യപ്പെട്ടതിനെ തുടർന്ന് യുവാക്കൾ ഹോട്ടലിൽ മുറിയെടുത്തു. ഇവിടെ വെച്ച് പെൺകുട്ടികളെ പീഡിപ്പിച്ചെന്നാണ് ഉയർന്ന പരാതി.
പിറ്റേദിവസം വീണ്ടും ജോലി അന്വേഷിച്ച് പുറത്തിറങ്ങിയ പെൺകുട്ടികളെ വഴിയിൽ വെച്ച് കണ്ട ഒരു സ്ത്രീക്ക് സംശയം തോന്നിയതോടെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടികളെ സിങ്കപ്പെൺ ടാസ്ക്ഫോഴ്സ് ചോദ്യം ചെയ്തതോടെയാണ് വിവരങ്ങൾ പുറത്തുവന്നത്. ഇതിന് പിന്നാലെ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
സംഭവത്തിൽ സർക്കാരിനെ വിമർശിച്ച് ഡിഎംകെ രംഗത്തെത്തി. സർക്കാരിന്റെ നിഷ്ക്രിയത്വം മൂലം സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പതിവായി മാറിയിരിക്കുകയാണെന്ന് ഡിഎംകെ എംപി കനിമൊഴി കുറ്റപ്പെടുത്തി. ഭരണപരാജയത്തിന്റെ പ്രതിഫലനമാണ് ഈ സംഭവമെന്നും പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.




