Featured Sports

ടീം ഇന്ത്യയിലേക്ക് സർപ്രൈസ് എൻട്രി; ഇഷാന് പകരക്കാരനായി യുവ വിക്കറ്റ് കീപ്പർ, ആദ്യ വിളിയെത്തിയത് ജന്മദിനത്തിൽ

ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ, പരുക്കേറ്റ ഇഷാൻ കിഷന് പകരക്കാരനായി വിക്കറ്റ് കീപ്പർ ബാറ്റർ കുമാർ കുശാഗ്രയെ ഉൾപ്പെടുത്തി. നിലവിൽ ഇന്ത്യ എ ടീമിനൊപ്പം ക്രൈസ്റ്റ്ചർച്ചിലുള്ള 22 വയസ്സുകാരനായ കുശാഗ്ര, ശനിയാഴ്ച നടക്കുന്ന മത്സരത്തിനായി ഉടൻ ടീമിനൊപ്പം ചേരും. ആദ്യമായാണ് താരത്തിന് ട്വന്റി20 ടീമിലേക്ക് വിളി ലഭിക്കുന്നത്. മുൻപ് ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ടു മത്സരങ്ങൾക്കുള്ള ടീമിലും ബാക്അപ് വിക്കറ്റ് കീപ്പറായി കുശാഗ്ര ഇടംപിടിച്ചിരുന്നു. ഐപിഎലിൽ ശുഭ്മൻ ഗിൽ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസിന്റെ താരമാണ് അദ്ദേഹം.

ആദ്യ ട്വന്റി20 മത്സരത്തിനിടെ ഇഷാൻ കിഷന്റെ വലതു കാലിലെ പേശിക്ക് നേരിയ പരുക്കേറ്റതിനാലാണ് രണ്ടാം മത്സരത്തിൽ നിന്ന് ഒഴിവാക്കിയതെന്ന് ബിസിസിഐ പ്രസ്താവനയിലൂടെ വ്യക്തമാക്കി. സിലക്ഷൻ കമ്മിറ്റി നിർദേശിച്ച കുശാഗ്ര ഉടൻ ടീമിനൊപ്പം ചേരുമെന്നും, കിഷന്റെ പരുക്ക് മെഡിക്കൽ ടീം നിരീക്ഷിച്ചുവരികയാണെന്നും ബിസിസിഐ അറിയിച്ചു. അതേസമയം കുശാഗ്ര പ്ലേയിങ് ഇലവനിൽ കളിക്കുമോ എന്ന് ഉറപ്പില്ല. വൈഭവ് സൂര്യവംശി ടീമിലേക്ക് തിരിച്ചെത്താൻ സാധ്യതയുണ്ടെന്ന് ബാറ്റിങ് കോച്ച് സിതാൻഷു കോട്ടക് സൂചിപ്പിച്ചു. നിലവിൽ ഒരു മത്സരത്തിൽ നിന്നു മാത്രമാണ് കിഷനെ ഒഴിവാക്കിയിരിക്കുന്നതെങ്കിലും, പരുക്ക് ഗുരുതരമാണെങ്കിൽ പരമ്പര മുഴുവൻ നഷ്ടമായേക്കാം. ഐസിസി ട്വന്റി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള താരമാണ് കിഷൻ.

2004 ഒക്ടോബർ 23ന് ജനിച്ച കുശാഗ്രയ്ക്ക് 22-ാം ജന്മദിനത്തിലാണ് ദേശീയ ടീമിലേക്ക് ആദ്യമായി ക്ഷണം ലഭിക്കുന്നത്. 38 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 2507 റൺസ് താരം നേടിയിട്ടുണ്ട്. 2022ലെ രഞ്ജി ട്രോഫിയിൽ നാഗാലാൻഡിനെതിരെ 266 റൺസ് അടിച്ചുകൂട്ടിയതോടെയാണ് കുശാഗ്ര ശ്രദ്ധിക്കപ്പെടുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 250 റൺസ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്ററെന്ന നേട്ടവും അന്ന് താരം സ്വന്തമാക്കി. എം.എസ്.ധോണിയെ മാതൃകയാക്കി പത്താം വയസ്സിൽ വിക്കറ്റ് കീപ്പിങ് തുടങ്ങിയ അദ്ദേഹം, 2020ലെ അണ്ടർ-19 ലോകകപ്പ് ടീമിലും അംഗമായിരുന്നു. 2023ലെ ദേവ്ധർ ട്രോഫിയിൽ 227 റൺസും കുശാഗ്ര നേടിയിരുന്നു.

2024 ഐപിഎൽ ലേലത്തിൽ 7.2 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് കുശാഗ്രയെ സ്വന്തമാക്കിയെങ്കിലും നാലു മത്സരങ്ങളിൽ നിന്ന് മൂന്നു റൺസ് മാത്രമേ നേടാനായുള്ളൂ. തുടർന്ന് 2025ൽ 65 ലക്ഷം രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസ് താരത്തെ വാങ്ങുകയും 2026 സീസണിലേക്ക് നിലനിർത്തുകയും ചെയ്തു. 2025-26 ആഭ്യന്തര സീസണിൽ മികച്ച ഫോമിലായിരുന്ന കുശാഗ്ര, ജാർഖണ്ഡ് സയ്യിദ് മുഷ്താഖ് അലി ട്രോഫി നേടിയപ്പോൾ 10 മത്സരങ്ങളിൽ നിന്ന് 422 റൺസ് നേടി. ഫൈനലിൽ 38 പന്തിൽ 81 റൺസും രഞ്ജി ട്രോഫിയിൽ ബറോഡയ്ക്കെതിരെ 234 റൺസും അടിച്ചു കൂട്ടി. പിന്നീട് ദുലീപ് ട്രോഫി ഫൈനലിൽ ഈസ്റ്റ് സോണിനായി സെഞ്ച്വറിയും, ഓസ്‌ട്രേലിയ എ ടീമിനെതിരെ ഇന്ത്യ എ ടീമിനായി 113 റൺസും കുശാഗ്ര നേടിയിട്ടുണ്ട്.