Oddly News

വിവാഹവേഷത്തില്‍ കല്യാണപ്പന്തലിലേക്ക് 18 കിലോമീറ്റർ നടന്ന് യുവതി! ഗ്രാമത്തിന്റെ ദുരിതം ലോകത്തെ അറിയിച്ച് വധു- വീഡിയോ

സ്വന്തം വിവാഹത്തിനായി ഒരുങ്ങി അണിഞ്ഞൊരുങ്ങി നിൽക്കുമ്പോൾ, പുതിയ വീട്ടിലെത്താൻ കുന്നിൻപ്രദേശങ്ങളിലൂടെ 18 കിലോമീറ്ററോളം നടക്കേണ്ടി വന്നാൽ എങ്ങനെയുണ്ടാകും? ഉത്തരാഖണ്ഡിലെ ഒരു വധുവിന് വിവാഹ വേഷത്തിൽ കുന്നും മലയും താണ്ടി കാൽനടയായി യാത്ര ചെയ്യേണ്ടി വന്നു.

ഉത്തരാഖണ്ഡിലെ ചക്രതയിൽ നിന്നുള്ള ഒരു വീഡിയോയിൽ, റോഡ് സൗകര്യമില്ലാത്തതിനാൽ വധുവും മറ്റ് അതിഥികളും പുതിയ വീട്ടിലേക്ക് നടന്നുപോകുന്നത് കാണാം. ബുൽഹാർ ഗ്രാമത്തിൽ നിന്ന് ഉണ്ടാവയിലേക്ക് യാത്ര ചെയ്യുകയായിരുന്ന വധുവിന്, റോഡ് ഇല്ലാത്തതിനാൽ യാത്രയുടെ അവസാന ഘട്ടത്തിൽ വാഹനം ഉപേക്ഷിച്ച് നടന്നു പോകേണ്ടി വരികയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

ഈ അസാധാരണ യാത്രയ്ക്കൊപ്പം തന്നെ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് വധു നൽകിയ അഭ്യർത്ഥനയും ഓൺലൈനിൽ ഏറെ ശ്രദ്ധ നേടി. ഗ്രാമത്തിൽ റോഡ് സൗകര്യം മെച്ചപ്പെടുത്തണമെന്ന് വധു വീഡിയോയിലൂടെ സംസ്ഥാന മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നത് കാണാമായിരുന്നു.

ഈ വീഡിയോ പെട്ടെന്ന് തന്നെ വൈറലാകുകയും നിരവധി പ്രതികരണങ്ങൾ നേടുകയും ചെയ്തു. യുവതി ഉന്നയിച്ച പ്രശ്നത്തോട് മിക്കവരും അനുകൂലമായി പ്രതികരിച്ചപ്പോൾ, മറ്റ് ചിലർ നവവധൂവരന്മാർക്ക് ആശംസകൾ നേർന്നു. “പർവ്വതപ്രദേശങ്ങളിലെ റോഡ് സൗകര്യങ്ങളെക്കുറിച്ച് യാതൊരു വിവരവുമില്ലാതെ നഗരത്തിലെ പരിസ്ഥിതി പ്രവർത്തകർ വെറുതെ കേസുകൾ കൊടുക്കുന്നു,” എന്ന് ഒരു ഉപയോക്താവ് പറഞ്ഞു. “നവവധൂവരന്മാർക്ക് ആശംസകൾ, അവരുടെ ആവശ്യം പെട്ടെന്ന് തന്നെ നിറവേറട്ടെയെന്ന് ആശംസിക്കുന്നു,” മറ്റൊരാൾ കമന്റ് ചെയ്തു. “എത്ര ദൂരമാണെങ്കിലും അല്ലെങ്കിൽ എത്ര കുത്തനെയുള്ള കയറ്റമാണെങ്കിലും പല്ലക്കിൽ ചുമന്നാണ് വധുവിനെ കൊണ്ടുപോകുന്നത്,” എന്ന് മറ്റൊരു ഉപയോക്താവ് കൂട്ടിച്ചേർത്തു.