Oddly News

വയറ്റിൽ മുഴ, ആശുപത്രിയിലെത്തി; മണിക്കൂറുകൾക്കകം കുഞ്ഞിന് ജന്മം നൽകി 41-കാരി! ഗർഭലക്ഷണങ്ങളില്ലാതെ അപൂർവ്വ പ്രസവം!

വയറ്റിൽ മുഴയാണെന്നു കരുതി ഡോക്ടറെ കാണാൻ ചെന്ന യുകെ സ്വദേശിനിയായ 41 കാരി താൻ ഗർഭിണിയാണെന്നറിഞ്ഞ് ഞെട്ടിപ്പോയെന്നും, മണിക്കൂറുകൾക്കകം അവർ പ്രസവിച്ചതായും ‘വെയ്ൽസ് ഓൺലൈൻ’ റിപ്പോർട്ട് ചെയ്യുന്നു.

സാമ്മി എവൻസ് എന്ന സ്ത്രീയാണ് തന്റെ വാരിയെല്ലിന് സമീപം അസാധാരണമായ ഒരു മുഴ ശ്രദ്ധിച്ചത്. കഠിനമായ വ്യായാമം കാരണം പേശികൾക്ക് വലിഞ്ഞുമുറുക്കം സംഭവിച്ചതാകാം എന്നാണ് അവർ ആദ്യം കരുതിയത്. ഗർഭകാല ലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ താൻ ഗർഭിണിയാണെന്ന ചിന്ത അവരുടെ മനസ്സിൽപോലും വന്നിരുന്നില്ല. ആർത്തവം നിലച്ചപ്പോൾ അവർ പെരിമെനോപോസ് (ആർത്തവവിരാമത്തിന് തൊട്ടുമുമ്പുള്ള അവസ്ഥ) ആണെന്നാണ് കരുതിയത്.

‘ദിസ് മോർണിംഗ്’ എന്ന പരിപാടിയിൽ അവതാരകരായ ബെൻ ഷെപ്പേർഡ്, ക്യാറ്റ് ഡീലി എന്നിവരോട് സംസാരിക്കവെ അവർ ഈ അസാധാരണ കഥ പങ്കുവെച്ചു. “എനിക്ക് വല്ലാത്തൊരു അസ്വസ്ഥത തോന്നിയിരുന്നു, കുറച്ച് ഭാരവും സങ്കടവുമൊക്കെ തോന്നി. അത് എന്താണെന്ന് ഉറപ്പില്ലാതിരുന്നതിനാൽ ഞാൻ കഴിഞ്ഞ ആഗസ്റ്റിൽ ഒരു പരിശോധന നടത്തി, ആ സമയത്ത് എനിക്ക് എട്ടുമാസം ഗർഭമുണ്ടായിരുന്നുവെന്ന് ഞാൻ അറിഞ്ഞിരുന്നില്ല,” അവർ പറഞ്ഞു.

ഡോക്ടറെ കണ്ടപ്പോൾ അവർ ചില പരിശോധനകൾ നടത്തി. ഇതിനിടയിൽ ഒരു പതിവ് ഗർഭ പരിശോധനയും നടത്തിയെങ്കിലും തുടക്കത്തിൽ അതിന്റെ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാൽ മറ്റൊരു ഡോക്ടർ കൂടി പരിശോധിച്ചപ്പോൾ പരിശോധനാ കാർഡിൽ തീരെ ചെറിയൊരു വര കൂടി കണ്ടെത്തി. വീണ്ടും ഒരു പരിശോധന കൂടി നടത്താൻ ഡോക്ടർ ആവശ്യപ്പെടുകയായിരുന്നു.

തുടർന്ന് നടത്തിയ അൾട്രാസൗണ്ട് സ്കാനിംഗിലാണ് സ്ക്രീനിൽ ഒരു കാലും കയ്യും കുഞ്ഞിന്റെ പുറവും ഡോക്ടർ കണ്ടത്. താൻ ഗർഭിണിയാണെന്ന വിവരം അവർ തന്റെ പങ്കാളിയായ ട്രിസ്റ്റണിന് സന്ദേശത്തിലൂടെ അയച്ചുകൊടുത്തു. തങ്ങൾ ഗർഭധാരണത്തിന്റെ ആദ്യ ഘട്ടങ്ങളിലാണെന്നാണ് അവർ ആദ്യം കരുതിയത്. എന്നാൽ താൻ യഥാർത്ഥത്തിൽ പ്രസവവേദനയിലാണെന്ന് മറ്റൊരു ഡോക്ടർ അവരോട് പറഞ്ഞു. ആശുപത്രിയിൽ പ്രവേസിച്ച് വെറും അഞ്ച് മണിക്കൂറിനുള്ളിൽ എട്ട് പൗണ്ട് ഭാരമുള്ള നോവ്ല് എന്ന ആരോഗ്യവാനായ ആൺകുഞ്ഞിന് അവർ ജന്മം നൽകി. ഒൻപത് മാസം താൻ ഗർഭിണിയാണെന്ന കാര്യം അറിയുമായിരുന്നില്ലെങ്കിലും, അവരും കുടുംബവും ആ കുഞ്ഞിനെ വലിയ സന്തോഷത്തോടെ സ്വീകരിച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നു.