ന്യൂഡൽഹി: അമേരിക്കയിലെ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനൊപ്പമുള്ള കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുടെ ചിത്രങ്ങളും രേഖകളും പുറത്തുവന്നതോടെ കേന്ദ്ര സർക്കാർ കടുത്ത പ്രതിരോധത്തിൽ. ഹർദീപ് സിങ് പുരിയും എപ്സ്റ്റീനും മാത്രമായി ഒരു മുറിയിൽ ഇരിക്കുന്ന ചിത്രമാണ് കഴിഞ്ഞ ദിവസം യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടത്. ഇതോടെ കേന്ദ്രമന്ത്രി കള്ളം പറയുകയായിരുന്നുവെന്ന ശക്തമായ ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി.
‘എപ്സ്റ്റീൻ ഫയൽസി’ൽ പുരി ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണം നേരത്തേ തന്നെയുണ്ടെങ്കിലും ഇത്രയും കാലം അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. ബിജെപി ദേശീയ ആസ്ഥാനത്ത് വാർത്താ സമ്മേളനം വിളിച്ച് സ്വന്തം ഭാഗം വിശദീകരിക്കാൻ പുരിക്ക് അവസരവും നൽകിയിരുന്നു. ഇന്റർനാഷനൽ പീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിച്ചിരുന്ന കാലത്ത് ഔദ്യോഗിക ആവശ്യങ്ങൾക്കായി പ്രതിനിധി സംഘത്തിനൊപ്പം മൂന്നോ നാലോ തവണ മാത്രമാണ് എപ്സ്റ്റീനെ കണ്ടിട്ടുള്ളതെന്നായിരുന്നു അന്ന് മന്ത്രി നൽകിയ വിശദീകരണം. ലിങ്ക്ഡ്ഇൻ സ്ഥാപകൻ റീഡ് ഹോഫ്മാനുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഇന്റർനെറ്റ് ബിസിനസ് സാധ്യതകൾ ചർച്ച ചെയ്ത ഒരേയൊരു ഇ-മെയിലിൽ മാത്രമാണ് തന്റെ പേരുള്ളതെന്നും പുരി അന്ന് വ്യക്തമാക്കിയിരുന്നു.
എന്നാൽ എപ്സ്റ്റീനുമായി ഹർദീപ് സിങ് പുരി 14 തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും 62 തവണ ഇ-മെയിലുകൾ വഴി ബന്ധപ്പെട്ടിട്ടുണ്ടെന്നുമാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഇരുവരും തമ്മിൽ എന്താണ് ചർച്ച ചെയ്തതെന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ് മാധ്യമവിഭാഗം മേധാവി പവൻ ഖേര ആവശ്യപ്പെട്ടു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മുംബൈ സന്ദർശിക്കുന്നതിനിടെ പുറത്തുവന്ന ഈ ചിത്രത്തെ ചൂണ്ടിക്കാട്ടി, ഏത് രാജ്യദ്രോഹിയെയാണ് ഇവർ ബ്ലാക്ക്മെയിൽ ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. എപ്സ്റ്റീനുമായി ബന്ധമുണ്ടെന്ന് വ്യക്തമായിട്ടും പുരിയെ പ്രധാനമന്ത്രി സംരക്ഷിക്കുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കുറ്റപ്പെടുത്തി. അതിനിടെ, യുപിയിൽ നിന്നുള്ള രാജ്യസഭാംഗമായ പുരിക്ക് വീണ്ടും സീറ്റ് നൽകേണ്ടെന്ന് ബിജെപി തീരുമാനിച്ചതോടെ അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കാനുള്ള വഴിയൊരുങ്ങിയതായാണ് സൂചന.




