Oddly News

ഭീമൻ മലമ്പാമ്പുകളുമായി യുവാക്കളുടെ ജീവൻപണയം വെച്ചുള്ള അഭ്യാസം: അന്വേഷണം തുടങ്ങി പോലീസ്

പാമ്പുകളുമായി അപകടകരമായ സ്റ്റണ്ടുകൾ ചെയ്യുന്ന ഒരു സംഘം യുവാക്കളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഗംഗാ കനാൽ കരയോട് ചേർന്നുള്ള പാടത്തിനരികിലെ ടാറിട്ട റോഡിൽ വെച്ചാണ് വീഡിയോ എടുത്തതെന്നാണ് സൂചന. ഭീമാകാരമായ രണ്ട് പാമ്പുകളുടെ വാലിൽ പിടിച്ച് ക്യാമറയ്ക്ക് മുന്നിൽ ചിരിച്ചുകൊണ്ട് പോസ് ചെയ്യുന്ന രണ്ട് യുവാക്കളെ വീഡിയോയിൽ കാണാം. രക്ഷപ്പെടാൻ ശ്രമിക്കുന്ന പാമ്പുകളുമായി അവർ ആസ്വദിച്ചാണ് പെരുമാറുന്നത്. ഈ പാമ്പുകളെ തങ്ങൾ “രക്ഷപ്പെടുത്തിയതാണെന്ന്” യുവാക്കൾ പറയുന്നുണ്ടെങ്കിലും പോലീസും വനം വകുപ്പും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

“പാമ്പുകൾ സംരക്ഷിത വന്യജീവികളിൽ പെടുന്നവയാണ്. അവയെ പിടികൂടി പൊതുസ്ഥലത്ത് പ്രദർശിപ്പിക്കുന്നത് ഗുരുതരമായ കുറ്റമാണ്,” ജില്ലാ ഫോറസ്റ്റ് ഓഫീസർ (DFO) ഡോ. ഹരേന്ദ്ര സിംഗ് പറഞ്ഞു.

കുറ്റക്കാരായവരെ കണ്ടെത്താൻ പോലീസും സൈബർ ടീമും ചേർന്ന് അന്വേഷണം നടത്തിവരികയാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും സിറ്റി സി.ഒ പ്രഖാർ പാണ്ഡെ പറഞ്ഞു.

യുവാക്കൾ പാമ്പുകളെ കയ്യിൽ പിടിച്ച് കഴുത്തിൽ ചുറ്റാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ എടുത്ത കൃത്യമായ തീയതി വ്യക്തമല്ല. ദൃശ്യങ്ങളിൽ കാണുന്ന യുവാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

കൃത്യമായ അറിവുകളോ മുൻകരുതലുകളോ ഇല്ലാതെ പാമ്പുകളെ കൈകാര്യം ചെയ്യുന്നത് അപകടകരമായ സാഹചര്യങ്ങളിലേക്ക് നയിച്ചേക്കാം. ഏതാനും വർഷങ്ങൾക്ക് മുമ്പ് കർണാടകയിൽ നിന്നുള്ള മാസ് സയ്യിദ് എന്നയാൾ മൂന്ന് മൂർഖൻ പാമ്പുകൾക്ക് മുന്നിൽ നിന്ന്, അവയുടെ വാലിൽ പിടിച്ച് കൈകൾ അനക്കുന്ന വീഡിയോ ചിത്രീകരിച്ചിരുന്നു.

ഈ ആംഗ്യങ്ങൾ പാമ്പുകൾക്ക് ഭീഷണിയായി തോന്നുകയും, അവ പ്രകോപിതരായി ആ വ്യക്തിയെ ആക്രമിക്കുകയും ചെയ്തു.

ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. പാമ്പുകളിൽ ഒന്ന് ചാടിവീണ് യുവാവിന്റെ കാൽമുട്ടിൽ കടിക്കുന്നതായി വീഡിയോയിൽ കാണാം. ഞെട്ടിപ്പോയ ആ വ്യക്തി പാമ്പിനെ വലിച്ചുമാറ്റാൻ ശ്രമിച്ചിട്ടും അത് വിടാൻ തയ്യാറായില്ല.