Spotlight

എൽ. മുരുഗന്റെ കേന്ദ്രമന്ത്രിസ്ഥാനം തെറിപ്പിച്ചത് ബോളിവുഡ് നടി! രാജി അശ്ലീലസന്ദേശമയച്ചെന്ന പരാതിയില്‍

കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍റ് ബ്രോഡ്കാസ്റ്റിങ് സഹമന്ത്രിയായിരുന്ന എല്‍. മുരുഗന്റെ പെട്ടെന്നുള്ള രാജിക്ക് പിന്നില്‍ ഒരു ബോളിവുഡ് നടിയുടെ പരാതി . മന്ത്രി തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതായി ആരോപിച്ച് നടി നല്‍കിയ പരാതിയെ തുടര്‍ന്നാണ് രാജിയെന്ന് ഒരു ഇംഗ്ലീഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. മന്ത്രിയില്‍ നിന്നുണ്ടായ അനുചിതമായ പെരുമാറ്റത്തെക്കുറിച്ച് നടി ബിജെപി ഉന്നത നേതൃത്വത്തെ അറിയിച്ചതോടെയാണ് കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. 2030 വരെ കാലാവധി ബാക്കിയുണ്ടായിട്ടും എല്‍. മുരുഗന്‍ തന്റെ രാജ്യസഭാംഗത്വവും ഒപ്പം രാജിവെച്ചിരുന്നു.

എന്നാല്‍ തമിഴ്നാട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് താന്‍ രാജിവെച്ചതെന്നാണ് എല്‍. മുരുഗന്‍ നല്‍കിയ വിശദീകരണം. ‘രാജ്യം ഒന്നാമത്, പാര്‍ട്ടി രണ്ടാമത്, സ്വന്തം കാര്യം അവസാനം’ എന്ന് വ്യക്തമാക്കി പ്രധാനമന്ത്രിക്ക് രാജി സമര്‍പ്പിച്ച വിവരം അദ്ദേഹം എക്സിലൂടെ പങ്കുവെക്കുകയായിരുന്നു. വരാനിരിക്കുന്ന 2029 ലെ തിരഞ്ഞെടുപ്പിനായി തമിഴ്നാട്ടില്‍ പാര്‍ട്ടിക്ക് തന്റെ സേവനം ആവശ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

സ്ഥാനമൊഴിയാനുള്ള താല്‍പര്യം പ്രധാനമന്ത്രിയോട് അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം അത് അംഗീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു. തമിഴ്നാട്ടിലെ തെരുവുകളിലൂടെയും ക്ഷേത്രങ്ങളിലൂടെയും സഞ്ചരിച്ച് ജനങ്ങളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും നേരിട്ട് കാണുമെന്നും ഇതിന്റെ പ്രതിഫലനം ലോക്സഭാ തിരഞ്ഞെടുപ്പില്‍ കാണാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാലു മാസത്തിനിടെ രാജിവെക്കുന്ന മൂന്നാമത്തെ കേന്ദ്രമന്ത്രിയായിരുന്നു എല്‍. മുരുഗന്‍.