നമ്മളിൽ പലരുടെയും കാലങ്ങളായുള്ള ആഗ്രഹങ്ങളിൽ ഒന്നാണ് ഒരു വളർത്തുമൃഗത്തെ, പ്രത്യേകിച്ച് ഒരു നായയെ സ്വന്തമാക്കുക എന്നത്. ഒരല്പം സ്നേഹവും കൂട്ടും ആഗ്രഹിച്ചോ അല്ലെങ്കിൽ വീട്ടിൽ തിരിച്ചെത്തുമ്പോൾ നമ്മളെ സന്തോഷത്തോടെ വരവേൽക്കാൻ ഒരാളുണ്ടാകാനോ ഒക്കെയായി വളർത്തുമൃഗങ്ങളെ വളർത്തുന്നത് പല കാരണങ്ങൾ കൊണ്ടും നല്ലൊരു ആശയമാണ്.
എന്നാൽ മറുവശത്ത്, അത് കൊണ്ടുവരുന്ന ഉത്തരവാദിത്തങ്ങൾ കൈകാര്യം ചെയ്യാൻ കഴിയില്ലെന്ന പേടി കാരണം നമ്മളിൽ പലരും നായകളെ വളർത്തുന്നതിൽ നിന്ന് പിന്നോട്ടുപോകാറുണ്ട്. എന്നാൽ ഒരു നായയെ വളർത്തുന്നത് നമ്മുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് വളരെ കുറച്ചുപേർ മാത്രമേ ചിന്തിക്കാറുള്ളൂ.
ഒരു വളർത്തുമൃഗത്തെ സ്വന്തമാക്കുന്നത് നമ്മുടെ ആരോഗ്യത്തെ പലവിധത്തിൽ മെച്ചപ്പെടുത്തുമെന്ന് പോഷകാഹാര വിദഗ്ദ്ധയായ ദീപ്ശിഖ ജയിൻ വിശ്വസിക്കുന്നു. ഒരു വളർത്തുമൃഗം നമ്മുടെ ദൈനംദിന ജീവിതത്തിൽ കൊണ്ടുവരുന്ന നേട്ടങ്ങളെക്കുറിച്ച് തൻറെ സമീപകാല പോസ്റ്റിൽ ഈ ഗട്ട് ഹെൽത്ത് സ്പെഷ്യലിസ്റ്റ് വിശദീകരിക്കുന്നുണ്ട്.
ഒരു വളർത്തുമൃഗം നമ്മുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്ന് ജയിൻ വ്യക്തമാക്കുന്നു. നായകൾക്ക് നമ്മുടെ വിശ്രമാവസ്ഥയിലുള്ള ഹൃദയമിടിപ്പിന്റെ നിരക്ക് (resting heart rate) കുറയ്ക്കാൻ കഴിയും. വിഷാദം, ഉത്കണ്ഠ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും വളർത്തുമൃഗങ്ങൾ സഹായിക്കുന്നു.
വളർത്തുമൃഗങ്ങളെ വളർത്തുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യും. നായകളെപ്പോലുള്ള വളർത്തുമൃഗങ്ങൾ പുറത്തുനിന്ന് നല്ല ബാക്ടീരിയകളെ വീട്ടിലേക്ക് കൊണ്ടുവരുന്നു, ഇത് കുടലിന്റെ ആരോഗ്യത്തെ (gut health) മെച്ചപ്പെടുത്തുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
കൂടാതെ വളർത്തുമൃഗങ്ങൾ മികച്ച ഉപാപചയ ആരോഗ്യത്തിന് (metabolic health) വഴിതെളിക്കും. ഈ മൃഗങ്ങൾ നമ്മുടെ ശാരീരിക അധ്വാനം വർദ്ധിപ്പിക്കുകയും നമ്മുടെ ദൈനംദിന ജീവിതത്തിൽ കുറഞ്ഞത് 3,000 ചുവടുകളെങ്കിലും അധികമായി നൽകുകയും ചെയ്യുന്നു. ഈ ഗുണങ്ങളെല്ലാം നേടണമെന്നുണ്ടെങ്കിൽ ഒരു വളർത്തുമൃഗത്തെ സ്വന്തമാക്കുന്നതിനെക്കുറിച്ച് ചിന്തിക്കാവുന്നതാണെന്ന് ജയിൻ പറയുന്നു. “കൂടുതൽ കാലം ആരോഗ്യത്തോടെ ജീവിക്കാൻ നായകൾ നിങ്ങളെ സഹായിക്കും,” എന്നാണ് അവർ കുറിച്ചിരിക്കുന്നത്.
മറ്റൊരു വീഡിയോയിൽ, ദീപ്ശിഖ ജയിൻ ദഹനം മെച്ചപ്പെടുത്തുന്നതിനായി ലളിതമായ ഒരു നുറുങ്ങുവിദ്യയും പങ്കുവെക്കുന്നുണ്ട്. ഭക്ഷണം കഴിച്ച ശേഷം 15 മിനിറ്റ് നടക്കുന്നത് ശീലമാക്കാനാണ് ഈ ആരോഗ്യ വിദഗ്ദ്ധ നിർദ്ദേശിക്കുന്നത്.
കനത്ത ഭക്ഷണത്തിന് ശേഷം നമ്മൾ ഉടൻ ഇരുന്ന് വിശ്രമിക്കുകയാണെങ്കിൽ, ഭക്ഷണം കഴിച്ചതുമൂലം ഉണ്ടാകുന്ന ഷുഗർ റഷ് ശരീരത്തിന് അനുഭവപ്പെടുമെന്ന് അവർ വ്യക്തമാക്കുന്നു. ഭക്ഷണം കഴിച്ചയുടൻ ഇരിക്കുന്ന ഈ ശീലം മാറ്റിയില്ലെങ്കിൽ അത് ശരീരത്തിൽ ഇൻസുലിൻ പ്രതിരോധം (insulin resistance) കൂട്ടാൻ ഇടയാക്കും. എന്നാൽ ഭക്ഷണത്തിനു ശേഷമുള്ള ചെറിയൊരു നടത്തം പേശികൾക്ക് ഗ്ലൂക്കോസ് മികച്ച രീതിയിൽ ഉപയോഗിക്കാൻ അവസരമൊരുക്കുകയും, ദഹനസംബന്ധമായ അസ്വസ്ഥതകൾ കുറയ്ക്കുകയും, ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്തുകയും, വയർ വീർത്തുകെട്ടുന്നത് കുറയ്ക്കുകയും ചെയ്യുമെന്നും പോഷകാഹാര വിദഗ്ദ്ധ വ്യക്തമാക്കുന്നു.




