ആന്ധ്രപ്രദേശ് സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് കോവളത്തെ സ്പായില്‍ വിറ്റു. മാതാപിതാക്കളുടെ മരണശേഷം കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത ഇവര്‍ ഇക്കഴിഞ്ഞ ജൂലായിലാണ് പെണ്‍കുട്ടിയെ കോവളത്ത് എത്തിച്ചത്.
16 വയസ്സ് മാത്രം പ്രായമുള്ള ഈ പെണ്‍കുട്ടി ക്രൂരമായ ലൈംഗിക ചൂഷണത്തിനാണ് ഇരയായത്. പ്രായം 20 ഉണ്ടെന്ന് കാണിക്കുന്ന ഒരു വ്യാജ ആധാര്‍ കാര്‍ഡും കുട്ടിയുടെ കൈവശമുണ്ടായിരുന്നു. സംഭവത്തില്‍ കോവളം സിഐ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍, കുട്ടിയെ വിറ്റ ബന്ധുക്കള്‍ ആന്ധ്രയിലേക്ക് മടങ്ങിപ്പോയതായാണ് വിവര ലഭ്യത.
ജൂലായ് മാസം മുതല്‍ പെണ്‍കുട്ടി ഇവിടെ വിവിധ സ്പാകളിലായി ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടെ ഒരു സ്പായിലെ യുവാവുമായി പ്രണയത്തിലായ കുട്ടി അവിടെനിന്നും ഓടിപ്പോകാന്‍ ശ്രമിച്ചതോടെയാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൂവാര്‍ സ്വദേശിയായ ഒരാളേയും ആലപ്പുഴ സ്വദേശിയായ മറ്റൊരാളേയും സ്പായില്‍ നിന്ന് പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.




