കാണാതായ മൊയിലോത്തറ സര്‍ക്കാര്‍ എല്‍പി സ്കൂള്‍ അധ്യാപിക കെ.അനുമോളെ കല്ലാച്ചി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കുടുംബത്തോടൊപ്പം പോകാനാണ് താല്പര്യമെന്ന്അറിയിച്ചതിനെ തുടർന്ന് മാതാപിതാക്കള്‍ക്കും ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം കോടതി ഇവരെ വിട്ടയച്ചു. കാണാതായി 12–ാം ദിവസം പാലക്കാട് കസബ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നുമാണ് അനുമോളെയും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വടകര സ്വദേശി അബ്ദുള്‍ സമദിനെയും പൊലീസ് കണ്ടെത്തുന്നത്.
ശനിയാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത ഇരുവർക്കും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം നാദാപുരം ഡിവൈ.എസ്.പി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തു. ഒപ്പം കൗണ്‍സിലിങും നല്‍കി. കുടുംബം നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെ, സമദ് ഈയിടെ എടുത്ത പുതിയ സിം കണക്ഷന്‍ കേന്ദ്രീകരിച്ച് തൊട്ടില്‍പാലം എസ്ഐ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലാകുന്നത്.
സമദിനെ കാണാനില്ലെന്ന് കാട്ടി കുടുംബം നേരത്തെ നൽകിയ പരാതിയിൽ വടകര പൊലീസ് കേസെടുത്തിരുന്നു. ഇരുവരും ഒരുമിച്ച് കോടതിയിൽ ഹാജരായി ഒരുമിച്ച് പോകാനുള്ള സാധ്യത ഒഴിവാക്കാൻ അനുമോളെ കല്ലാച്ചി കോടതിയിലും സമദിനെ വടകര കോടതിയിലും ഒരേ സമയം ഹാജരാക്കുകയായിരുന്നു. അനുമോളുടെ പ്രായമായ മാതാപിതാക്കളും ഭര്‍ത്താവും മക്കളും കല്ലാച്ചി കോടതിയിലെത്തിയിരുന്നു. കുടുംബത്തോടൊപ്പം പോകാൻ അനുമോൾ താല്പര്യം അറിയിച്ചതോടെ അനുമോളെ ബന്ധുക്കൾക്കൊപ്പവും സമദിനെ വടകര കോടതി സ്വന്തം കുടുംബത്തോടൊപ്പവും വിട്ടയച്ചു.
പതിനഞ്ചും പത്തും വയസുള്ള മക്കളുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ്, കുട്ടികളെ ഉപേക്ഷിച്ചു പോയതിന് ഇവർക്കെതിരെ ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കാൻ ആദ്യം ആലോചിച്ചിരുന്നു. എന്നാൽ കേസെടുത്താൽ ഇരുവരെയും ജയിലിലടക്കേണ്ടി വരുമെന്നും അനുമോൾക്ക് സര്‍ക്കാര്‍ ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുമെന്നും തിരിച്ചറിഞ്ഞ പൊലീസ് പിന്നീട് ഇതിൽ നിന്നും പിന്മാറുകയായിരുന്നു. കഴിഞ്ഞതെല്ലാം മറന്ന് സ്വീകരിക്കാമെന്ന് കുടുംബം നിലപാടെടുത്തതും കടുത്ത വകുപ്പുകൾ ചുമത്തുന്നതിൽ നിന്ന് പോലീസിനെ പിന്തിരിപ്പിച്ചു.




