കഠിനമായ സ്റ്റണ്ടുകൾ ചെയ്യുന്നതിലൂടെയും പരമ്പരാഗത ഇന്ത്യൻ മാർഷ്യൽ ആർട്സ് വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നതിലൂടെയും പ്രശസ്തനായ നടനും മാർഷ്യൽ ആർട്ടിസ്റ്റുമാണ് വിദ്യാത് ജംവാൽ. ‘സ്ട്രീറ്റ് ഫൈറ്റർ’ എന്ന ചിത്രത്തിലെ ധൽസിം എന്ന കഥാപാത്രമായുള്ള അദ്ദേഹത്തിന്റെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ കഥാപാത്രത്തിനായി അദ്ദേഹം ചെയ്ത കഠിനമായ ശാരീരിക പരിശീലനത്തിൽ പുരാതന ഇന്ത്യൻ യുദ്ധകലയായ കളരിപ്പയട്ടിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള ചലനങ്ങളും ഉൾപ്പെടുന്നു. ഈ വ്യായാമങ്ങൾക്ക് പേശികളുടെ ബലം മാത്രമല്ല, ശരീരത്തിന്റെ നിയന്ത്രണവും ഏകോപനവും സ്ഥിരത നിലനിർത്താനുള്ള കഴിവും ആവശ്യമാണ്.
പരമ്പരാഗത യുദ്ധകലകൾ വെറും ആത്മരക്ഷാ മാർഗ്ഗം മാത്രമല്ല, ശരീരത്തെ മുഴുവനായി കരുത്തുറ്റതാക്കാനുള്ള ഒരു ഉപാധിയായി എങ്ങനെ മാറുന്നു എന്ന് വിദ്യാത് ജംവാളിന്റെ പരിശീലനം വ്യക്തമാക്കുന്നു. ഇതിൽ എടുത്തുപറയേണ്ട ഒന്നാണ് ‘കളരി ദണ്ഡ്’. ശരീരത്തെ നിയന്ത്രിത രീതിയിൽ താഴേക്ക് താഴ്ത്തിയും ചലിപ്പിച്ചും ചെയ്യുന്ന കഠിനമായ ഒരു വ്യായാമമാണിത്. ചെറിയ പ്രായം മുതൽ തന്നെ ജംവാൽ കളരിപ്പയറ്റ് അഭ്യസിക്കുന്നുണ്ട്. കേരളത്തിലെ ഒരു ആശ്രമത്തിൽ താമസിച്ച് മൂന്നാം വയസ്സു മുതൽ പതിമൂന്നാം വയസ്സു വരെ ഗുരുക്കന്മാരിൽ നിന്നാണ് താൻ കളരി അഭ്യസിച്ചതെന്ന് ‘ദി ടൈംസ് ഓഫ് ഇന്ത്യ’ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഉകച്ചിലുകൾ, അടികൾ, ചാട്ടങ്ങൾ, ശരീരത്തിന്റെ കറക്കങ്ങൾ, പ്രതിരോധ മുറകൾ എന്നിവയെല്ലാം ചേർന്നതാണ് പരമ്പരാഗത ഇന്ത്യൻ യുദ്ധകലയായ കളരിപ്പയറ്റ്. വഴക്കം, തുലനം, ഏകോപനം, മാനസിക ശിക്ഷണം എന്നിവയ്ക്കും ഇതിൽ വലിയ പ്രാധാന്യമുണ്ട്. ജംവാളിന്റെ ഒരു വീഡിയോയിൽ കാണുന്ന ‘കളരി ദണ്ഡ്’ ഈ പരിശീലന സമ്പ്രദായത്തിലെ ഏറ്റവും കഠിനമായ ശരീരഭാരം ഉപയോഗിച്ചുള്ള ഒരു വ്യായാമമാണ്. ശരീരം നിലത്തോട് ചേർന്ന് താഴേക്ക് കൊണ്ടുപോയി, കൈകൾ നിലത്ത് ഉറപ്പിച്ച് ശരീരത്തെ മുന്നോട്ടും പിന്നോട്ടും നിയന്ത്രിതമായി ചലിപ്പിക്കുന്ന രീതിയാണിത്. പുഷ്-അപ്പുകളോട് ഇതിന് ചില സാമ്യങ്ങളുണ്ടെങ്കിലും ഇതിന്റെ ചലന രീതി വ്യത്യാസപ്പെട്ടിരിക്കുന്നു. അതിനാൽ ഇതിന് കൂടുതൽ ഏകോപനവും ശരീരത്തിന്റെ അയവും ആവശ്യമാണ്.
കളരി ദണ്ഡ് ഫിറ്റ്നസ് ലെവൽ എങ്ങനെ മെച്ചപ്പെടുത്തുന്നു? ഈ കഠിനമായ വ്യായാമത്തിന്റെ ആരോഗ്യ ഗുണങ്ങൾ താഴെ പറയുന്നവയാണ്.
- ഉപരിശരീരത്തിന്റെ ബലം വർദ്ധിപ്പിക്കുന്നു: ശരീരത്തിന്റെ ഭാരം താങ്ങാനും ചലിപ്പിക്കാനും ഈ വ്യായാമത്തിൽ കൈകളും തോളുകളും ഉപയോഗിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ശരീരം മുന്നോട്ട് തള്ളുമ്പോഴോ പഴയ സ്ഥാനത്തേക്ക് മടക്കുമ്പോഴോ നെഞ്ചിന്റെയും ട്രൈസെപ്സിന്റെയും പേശികൾ ചലനങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് പതിവായി ചെയ്യുന്നത് വഴി പേശികളുടെ ബലം കാലക്രമേണ വർദ്ധിക്കും.
- കോർ പേശികളെ ശക്തമാക്കുന്നു: ഉദരഭാഗത്തെ പേശികൾ, പുറംഭാഗത്തെ പേശികൾ എന്നിവയെല്ലാം അടങ്ങിയതാണ് കോർ പേശികൾ. ഇവ ശരീരത്തിന്റെ തുമ്പം സ്ഥിരതയോടെ നിലനിർത്താൻ സഹായിക്കുന്നു. കളരി ദണ്ഡ് ചെയ്യുമ്പോൾ ഇടുപ്പും താഴ്ഭാഗവും അമിതമായി താഴുകയോ തിരിയുകയോ ചെയ്യാതെ ശരീരം നിയന്ത്രിക്കാൻ കോർ പേശികൾ സഹായിക്കുന്നു. കുനിയുക, ഉയർത്തുക, നല്ല ഭാവം നിലനിർത്തുക തുടങ്ങിയ ദൈനംദിന കാര്യങ്ങൾക്ക് ഇത് ഏറെ ഉപകാരപ്രദമാണ്.
- ചലനശേഷിയും വഴക്കവും മെച്ചപ്പെടുത്തുന്നു: ശരീരത്തിന്റെ ചലനപരിധിയെ വെല്ലുവിളിക്കുന്ന രീതികളാണ് കളരിപ്പയറ്റിലുള്ളത്. കളരി ദണ്ഡിൽ ശരീരത്തെ താഴ്ത്തി മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുമ്പോൾ തോൾ, ഇടുപ്പ്, കാൽമുട്ടുകൾ, കണങ്കാലുകൾ എന്നിവയുടെ ചലനശേഷി വർദ്ധിക്കുന്നു. നിയന്ത്രണത്തോടെ സന്ധികളെ ചലിപ്പിക്കാനുള്ള കഴിവിനെയാണ് മൊബിലിറ്റി അഥവാ ചലനശേഷി എന്ന് വിളിക്കുന്നത്. പേശികൾക്ക് എത്ര ദൂരം വരെ നീളാൻ കഴിയുമെന്നതിനെ ഫ്ലെക്സിബിലിറ്റി അഥവാ വഴക്കം എന്നും പറയുന്നു.
- തുലനാവസ്ഥയും ഏകോപനവും വളർത്തുന്നു: കളരി ദണ്ഡ് ചെയ്യുമ്പോൾ ശരീരത്തിന്റെ പല ഭാഗങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. കൈകൾ ഉറപ്പിച്ചു വെക്കുകയും ശരീരം നിയന്ത്രിക്കുകയും കാലുകൾ ഉപരിശരീരത്തിനൊപ്പം ഒരേ വേഗത്തിൽ ചലിക്കുകയും വേണം. ഇത് ചലനവേളയിൽ ശരീരത്തിന്റെ സ്ഥാനം മനസ്സിലാക്കാനും നിയന്ത്രിക്കാനുമുള്ള കഴിവ് വർദ്ധിപ്പിക്കുന്നു. കായികരംഗത്തും മറ്റ് ശാരീരിക പ്രവർത്തനങ്ങളിലും ഇത് മികച്ച ഏകോപനം നൽകും.
- പേശികളുടെ സഹിഷ്ണുത വർദ്ധിപ്പിക്കാം: വേഗത്തിൽ ക്ഷീണിച്ചുപോകാതെ ജോലി തുടരാനുള്ള പേശികളുടെ കഴിവിനെയാണ് പേശികളുടെ സഹിഷ്ണുത എന്ന് പറയുന്നത്. ശരിയായ രീതിയിൽ ചെയ്യുകയാണെങ്കിൽ, ശരീരഭാരം മാത്രം ഉപയോഗിച്ചുള്ള ഇത്തരം ആവർത്തിച്ചുള്ള വ്യായാമങ്ങൾ ഈ കഴിവിനെ മെച്ചപ്പെടുത്തും. കളരി ദണ്ഡ് ചെയ്യുമ്പോൾ കൈകളും തോളുകളും കോർ ഭാഗവും ശരീരത്തെ താങ്ങുന്നതിനാൽ അവയുടെ സഹിഷ്ണുത ക്രമേണ വർദ്ധിക്കുന്നു.
ആരെല്ലാം കളരി ദണ്ഡ് ചെയ്യണം, എന്തൊക്കെ മുൻകരുതലുകൾ എടുക്കണം?
ഒരു നിശ്ചിത അളവിലുള്ള ബലവും ചലനശേഷിയും ശരീര നിയന്ത്രണവുമുള്ള ആളുകൾക്ക് മാത്രമാണ് കളരി ദണ്ഡ് ഏറ്റവും അനുയോജ്യം. ഫിറ്റ്നസ് ലോകത്തേക്ക് പുതിയതായി എത്തുന്ന ഒരാൾക്ക് ഇത് പെട്ടെന്ന് ചെയ്യാൻ കഴിഞ്ഞെന്നു വരില്ല.
- ലളിതമായ വ്യായാമങ്ങളിൽ നിന്ന് തുടങ്ങുക: നൂതനമായ മാർഷ്യൽ ആർട്ട് വ്യായാമങ്ങൾക്ക് ശ്രമിക്കുന്നതിന് മുൻപ് പരിഷ്കരിച്ച പുഷ്-അപ്പുകൾ, പ്ലാങ്കുകൾ, തുടക്കക്കാർക്ക് അനുയോജ്യമായ മറ്റ് വ്യായാമങ്ങൾ എന്നിവയിലൂടെ ബലം വർദ്ധിപ്പിക്കുക.
- ശരിയായ രീതി പഠിക്കുക: നിങ്ങളുടെ ശരിചലനങ്ങളും ശരീരഭാവവും തിരുത്താൻ കഴിയുന്ന യോഗ്യനായ കളരിപ്പയറ്റ് ഗുരുവിന്റോ ഫിറ്റ്നസ് പ്രൊഫഷണലിന്റേയോ കീഴിൽ പരിശീലിക്കുക.
- ശരിയായ രീതിയിൽ വാം-അപ്പ് ചെയ്യുക: പരിശീലനത്തിന് മുൻപ് തോൾ, കൈത്തണ്ട, ഇടുപ്പ്, കാൽമുട്ടുകൾ, കണങ്കാൽ എന്നിവയ്ക്ക് ആവശ്യമായ വാം-അപ്പ് നൽകുക.
- വേദന സഹിച്ച് ചെയ്യാതിരിക്കുക: കടുത്ത വേദനയോ തലകറക്കമോ അസ്വസ്ഥതയോ അനുഭവപ്പെട്ടാൽ ഉടൻ തന്നെ വ്യായാമം നിർത്തുക. നിലവിൽ സന്ധിവാതമോ മറ്റ് പരിക്കുകളോ ഉള്ളവർ വിദഗ്ദ്ധോപദേശം തേടിയ ശേഷം മാത്രം ഇത് ചെയ്യാൻ ശ്രമിക്കുക.
- പടിപടിയായി പുരോഗമിക്കുക: ലളിതമായ രീതികളിൽ തുടങ്ങി, ശരീരത്തിന്മേൽ പൂർണ്ണ നിയന്ത്രണം ലഭിച്ചതിന് ശേഷം മാത്രം വ്യായാമത്തിന്റെ കാഠിന്യം വർദ്ധിപ്പിക്കുക.




