Featured Sports

ടെസ്റ്റ്, വൺഡേ, ട്വന്റി20.. ക്രിക്കറ്റിൽ പുതിയ ഫോർമാറ്റ്! കളിയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും, 80 ഓവര്‍, പകല്‍ ചുവന്ന പന്ത്, രാത്രി വെള്ള പന്ത്

ടെസ്റ്റ്, എകദിനം, ട്വന്റി 20 എന്നീ ഫോര്‍മാറ്റുകള്‍ക്കുശേഷം ക്രിക്കറ്റില്‍ പുതിയതായി ആവിഷ്‌കരിച്ച ‘ടെസ്റ്റ് ട്വന്റി’ എന്ന ഫോര്‍മാറ്റിന്റെ ആദ്യ ടൂര്‍ണമെന്റ് നവംബര്‍ 14 മുതല്‍ 29 വരെ കൊളംബോയിലെ സിംഹളീസ് സ്പോർട്സ് ക്ലബ്ബിൽ നടക്കും. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ടീമുകള്‍ പങ്കെടുക്കുന്ന ഈ മത്സരത്തില്‍ ഇരുടീമുകളുടെയും ആകെ സ്‌കോര്‍ കണക്കാക്കിയാകും വിജയിയെ നിശ്ചയിക്കുക.

ക്രിക്കറ്റിലെ നാലാമത്തെ ഫോര്‍മാറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ടൂര്‍ണമെന്റില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 13നും 21നും ഇടയില്‍ പ്രായമുള്ള 160 കളിക്കാര്‍ മാറ്റുരയ്ക്കും. ഇവരെ നാല് കോണ്‍ടിനെന്റല്‍ ടീമുകളായി തിരിക്കും. ഓരോ ടീമിലും 20 ആണ്‍കുട്ടികളും 20 പെണ്‍കുട്ടികളും വീതം ഉണ്ടാകും.

ഓരോ മത്സരത്തിലും പെണ്‍കുട്ടികളുടെ ടീം പെണ്‍കുട്ടികളുടെ ടീമിനെതിരെയും ആണ്‍കുട്ടികളുടെ ടീം അവരുടെ എതിരാളികള്‍ക്കെതിരെയും കളിക്കും. എന്നാല്‍ ഇരുടീമുകളും നേടുന്ന റണ്ണുകൾ ഒരുമിച്ച് ചേര്‍ത്ത് വരുന്ന ആകെ സ്‌കോറാണ് മത്സരഫലം നിര്‍ണ്ണയിക്കുന്നത്. ടോസിംഗിലും പുതിയ നിയമം കൊണ്ടുവന്നിട്ടുണ്ട്. ആദ്യം ബാറ്റ് ചെയ്യുന്നത് ആരാണെന്ന് തീരുമാനിക്കുന്നതിനൊപ്പം, ആണ്‍കുട്ടികളുടെയോ പെണ്‍കുട്ടികളുടെയോ ഏത് മത്സരമാണ് ആദ്യം കളിക്കേണ്ടതെന്നും ടോസ് തീരുമാനിക്കും. ഒരു വിഭാഗം നേടുന്ന റണ്ണുകള്‍ മറുവിഭാഗത്തിന്റെ മത്സരഫലത്തെ നേരിട്ട് സ്വാധീനിക്കുന്ന രീതിയിലാണ് ഇതിലെ ‘പാരിറ്റി റൂള്‍’ തയ്യാറാക്കിയിരിക്കുന്നത്.

ഓരോ മത്സരത്തിലും ആകെ 80 ഓവറുകള്‍ ഉണ്ടായിരിക്കും. ഒരു ദിവസം കൊണ്ട് മത്സരം പൂര്‍ത്തിയാക്കും. ആദ്യ 40 ഓവറുകള്‍ പകല്‍ വെളിച്ചത്തില്‍ ചുവന്ന പന്തുകൊണ്ട് കളിക്കും. ഈ സമയത്ത് കളിക്കാര്‍ വെള്ള വസ്ത്രം ധരിക്കണം. ശേഷിക്കുന്ന 40 ഓവറുകള്‍ ഫ്ലഡ്‌ലൈറ്റിന്റെ വെളിച്ചത്തില്‍ വെള്ള പന്തും കളര്‍ ജേഴ്സിയും ധരിച്ചായിരിക്കും കളിക്കുക. രണ്ട് സെഷനുകളിലെയും സ്‌കോറുകള്‍ ഇടവേളകളില്ലാതെ അടുത്തതിലേക്ക് തുടര്‍ന്ന് കൊണ്ടുപോകും. നവംബര്‍ 14ന് ഉദ്ഘാടന ചടങ്ങോടെ ടൂര്‍ണമെന്റ് ആരംഭിക്കും. നവംബര്‍ 29നാണ് ഫൈനല്‍ മത്സരം. എല്ലാ മത്സരങ്ങളും സോണി സ്പോർട്സ് നെറ്റ്‌വർക്കിൽ തത്സമയം സംപ്രേക്ഷണം ചെയ്യും.

അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് യുവ ക്രിക്കറ്റ് താരങ്ങളാണ് ഈ ടൂര്‍ണമെന്റിനായി രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ 300 ദിവസങ്ങളിലായി ഓണ്‍ലൈന്‍, ഗ്രൗണ്ട് ട്രയലുകളിലൂടെയാണ് താരങ്ങളെ തിരഞ്ഞെടുത്തത്. ഇന്ത്യയിലെ പ്രശസ്തനായ ക്രിക്കറ്റ് കോച്ച് രാജ്കുമാര്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ഗ്ലോബല്‍ സെലക്ഷന്‍ കമ്മിറ്റിയാണ് അവസാന ഘട്ടത്തിലേക്ക് കളിക്കാരെ തിരഞ്ഞെടുത്തത്. 80 ആണ്‍കുട്ടികളും 80 പെണ്‍കുട്ടികളും അടങ്ങുന്ന അവസാന 160 കളിക്കാരെ ഈ മാസം നടക്കുന്ന ഡ്രാഫ്റ്റിലൂടെ പ്രഖ്യാപിക്കും. ഇവര്‍ ആദ്യത്തെ ടെസ്റ്റ് ട്വന്റി കളിക്കാരുടെ നിരയായി മാറും.

എബി ഡി വില്ലിയേഴ്സ്, മാത്യു ഹെയ്ഡൻ, സര്‍ ക്ലൈവ് ലോയ്ഡ് എന്നിവരടങ്ങുന്ന ഉപദേശക സമിതിയും ഈ ടൂര്‍ണമെന്റിനുണ്ട്. രാജ്കുമാര്‍ ശര്‍മ്മ ഗ്ലോബല്‍ സെലക്ഷന്‍ കമ്മിറ്റിയെ നയിക്കുമ്പോള്‍ മൈക്ക് ഫോര്‍ഡഹാമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ക്രിക്കറ്റ് ലോകത്തെ പ്രമുഖരുടെ പിന്തുണയോടെയാണ് ഈ പുതിയ സംരംഭം യുവതാരങ്ങള്‍ക്കായി ഒരുങ്ങുന്നത്.

പുതിയൊരു ഫോര്‍മാറ്റ് രൂപീകരിക്കാനും യുവതാരങ്ങള്‍ക്ക് മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാനുമാണ് ഈ ടൂര്‍ണമെന്റ് ലക്ഷ്യമിടുന്നതെന്ന് ടെസ്റ്റ് ട്വന്റിയുടെ സ്ഥാപകനായ ഗൗരവ് ബഹിര്‍വാനി പറഞ്ഞു. മത്സരഫലത്തില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും പ്രകടനത്തിന് തുല്യ പ്രാധാന്യമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കൊളംബോയില്‍ നടക്കുന്ന ആദ്യ ടൂര്‍ണമെന്റിന് പിന്തുണ നല്‍കിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോർഡിനും എസ്.എസ്.സിക്കും അദ്ദേഹം നന്ദി അറിയിച്ചു. ക്രിക്കറ്റ് ചരിത്രത്തിലെ സുപ്രധാന നിമിഷമാണിതെന്നും അദ്ദേഹം വിശേഷിപ്പിച്ചു.