സാമൂഹിക ഒത്തുചേരലുകളിലും പാർട്ടികളിലും ആഘോഷവേളകളിലും മദ്യപാനം സാധാരണയായി കാണാറുണ്ട്. എന്നാൽ ചിലരെ സംബന്ധിച്ച്, ഇടയ്ക്കിടെയുള്ള മദ്യപാനം പിന്നീട് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തുകയും അത് ശാരീരിക ആരോഗ്യത്തെയും വൈകാരിക സ്ഥിതിയെയും ബന്ധങ്ങളെയും തൊഴിൽ ജീവിതത്തെയും ബാധിക്കുകയും ചെയ്യുന്നു. ജാവേദ് അക്തർ, പൂജ ഭട്ട്, ഫർദീൻ ഖാൻ തുടങ്ങി നിരവധി ബോളിവുഡ് സെലിബ്രിറ്റികൾ മദ്യപാനവുമായുള്ള തങ്ങളുടെ അനുഭവങ്ങളും മദ്യപാനം നിർത്താനുള്ള തീരുമാനവും പ്രൊഫഷണൽ സഹായം തേടിയതും വീണ്ടെടുക്കൽ പ്രക്രിയയെക്കുറിച്ചും തുറന്നുപറഞ്ഞിട്ടുണ്ട്.
മദ്യത്തോടുള്ള അഭിനിവേശം ഗ്ലാമറൈസ് ചെയ്യാതെ തന്നെ ഇത്തരം പ്രശ്നങ്ങളെ മനസ്സിലാക്കാൻ ഇവരുടെ അനുഭവങ്ങൾ സഹായിക്കുന്നു. മദ്യപാനവുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞ ബോളിവുഡ് വ്യക്തിത്വങ്ങളും അമിതമായ മദ്യപാനം ആരോഗ്യത്തിന് വരുത്തുന്ന ദോഷങ്ങളും താഴെ വിവരിക്കുന്നു.
- ജാവേദ് അക്തർ: എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തർ തനിക്ക് മുൻപുണ്ടായിരുന്ന മദ്യപാന ശീലത്തെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്. 19-ാം വയസ്സിലാണ് താൻ മദ്യപാനം തുടങ്ങിയതെന്നും പിന്നീട് അതൊരു ശീലമായി മാറിയെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു. ഒരു ദിവസം ഒരു കുപ്പി മദ്യം വരെ കഴിക്കുന്ന അവസ്ഥയിലേക്ക് താൻ എത്തിയതായി അദ്ദേഹം വിവരിച്ചു. മദ്യപാനം തുടർന്നാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ തിരിച്ചറിഞ്ഞതിനെ തുടർന്ന് 1991 ഓഗസ്റ്റ് 1-ന് താൻ മദ്യപാനം പൂർണ്ണമായും നിർത്താൻ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. വിനോദത്തിനായി മദ്യപാനം തുടങ്ങുമ്പോൾ പോലും അത് എങ്ങനെ ആസക്തിയായി മാറാം എന്ന് അദ്ദേഹത്തിന്റെ അനുഭവം വ്യക്തമാക്കുന്നു.
- പൂജ ഭട്ട് : മദ്യപാനത്തെക്കുറിച്ചും അതിൽ നിന്നുള്ള മോചനത്തെക്കുറിച്ചും തുറന്നുപറഞ്ഞ പ്രമുഖ ഇന്ത്യൻ വ്യക്തികളിൽ ഒരാളാണ് നടിയും ചലച്ചിത്ര നിർമ്മാതാവുമായ പൂജ ഭട്ട്. 2020 സെപ്റ്റംബറിൽ താൻ മൂന്ന് വർഷവും ഒൻപത് മാസവുമായി മദ്യപാനമില്ലാതെയാണ് ജീവിക്കുന്നത് എന്ന് അവർ പങ്കുവെച്ചു. മദ്യപാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മറച്ചുവെക്കാതെ അംഗീകരിക്കേണ്ടതിന്റെ പ്രാധാന്യവും അവരുടെ അനുഭവം വ്യക്തമാക്കുന്നു.
- ഫർദീൻ ഖാൻ മദ്യപാനം തന്റെ ജീവിതത്തെ ബാധിക്കുന്നു എന്ന് മനസ്സിലാക്കിയതിനെ തുടർന്ന് 2020-ൽ മദ്യപാനം നിർത്തിയതായി നടൻ ഫർദീൻ ഖാൻ 2025-ൽ വെളിപ്പെടുത്തി. സൈറസ് ബ്രൂച്ചയ്ക്ക് നൽകിയ അഭിമുഖത്തിൽ, മദ്യപാനം നിർത്താൻ താൻ പ്രൊഫഷണൽ സഹായം തേടിയതായും മദ്യമില്ലാത്ത ജീവിതത്തിലേക്ക് തിരിച്ചെത്തിയത് എടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
- ബോബി ഡിയോൾ മദ്യപാനം തന്റെ പെരുമാറ്റത്തെയും കുടുംബവുമായുള്ള ബന്ധത്തെയും ബാധിച്ച ഒരു ദുഷ്കരമായ കാലഘട്ടത്തെക്കുറിച്ച് നടൻ ബോബി ഡിയോൾ സംസാരിച്ചിട്ടുണ്ട്. താൻ ഒരു വർഷത്തിലേറെയായി മദ്യപാനമില്ലാതെയാണ് ജീവിക്കുന്നതെന്ന് അദ്ദേഹം 2025 സെപ്റ്റംബറിൽ വെളിപ്പെടുത്തി. തന്റെ മദ്യപാനം തന്നോട് ഏറ്റവും അടുത്തവരെ എങ്ങനെ ബാധിച്ചുവെന്നും അവരുടെ ഭയവും വിഷമവുമാണ് തന്റെ ശീലങ്ങളെക്കുറിച്ച് പുനർവിചിന്തനം ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
- അമിതാഭ് ബച്ചൻ മദ്യപാനവും പുകവലിയും ഉപേക്ഷിച്ചതിനെക്കുറിച്ച് നടൻ അമിതാഭ് ബച്ചൻ 2023-ൽ പരസ്യമായി എഴുതിയിരുന്നു. മുൻകാലങ്ങളിൽ താൻ മദ്യപിച്ചിരുന്നുവെന്ന് സമ്മതിച്ച അദ്ദേഹം, പിന്നീട് ഈ ശീലങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കാൻ ഉറച്ച തീരുമാനം എടുത്തതായി വ്യക്തമാക്കി. വർഷങ്ങളായി താൻ ഈ രണ്ട് ശീലങ്ങളും ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
- റോണിത് റോയ് വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിലെ പ്രയാസകരമായ ഒരു ഘട്ടത്തിന് ശേഷം തന്റെ ജീവിതരീതി മാറ്റുകയും മദ്യപാനം ഉപേക്ഷിക്കുകയും ചെയ്തതിനെക്കുറിച്ച് നടൻ റോണിത് റോയ് 2025-ൽ സംസാരിച്ചു. അമിതാഭ് ബച്ചനുമായുള്ള താരതമ്യങ്ങൾ തന്റെ പെരുമാറ്റത്തെയും ശീലങ്ങളെയും കുറിച്ച് ചിന്തിക്കാൻ തന്നെ പ്രേരിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
- പീയുഷ് മിശ്ര തന്റെ വ്യക്തിജീവിതത്തെയും തൊഴിൽ ജീവിതത്തെയും ബാധിച്ച മദ്യപാനത്തോടുള്ള നീണ്ട പോരാട്ടത്തെക്കുറിച്ച് നടനും എഴുത്തുകാരനുമായ പീയുഷ് മിശ്ര തുറന്നുപറഞ്ഞിട്ടുണ്ട്. മദ്യപാനം നിയന്ത്രിക്കാൻ കഴിയാതെ വന്നതിനെക്കുറിച്ചും അത് തന്റെ ബന്ധങ്ങളിൽ ഉണ്ടാക്കിയ ബുദ്ധിമുട്ടുകളെക്കുറിച്ചും അദ്ദേഹം വിവരിച്ചു. സഹായം തേടിയതിനെക്കുറിച്ചും വിപസന ധ്യാനം ഉൾപ്പെടെയുള്ള ആത്മീയ കാര്യങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കിയതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
- മനീഷ കൊയിരാല മദ്യപാനവുമായുള്ള തന്റെ മുൻകാല ബന്ധത്തെക്കുറിച്ചും ആ കാലഘട്ടത്തിൽ താൻ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ചും നടി മനീഷ കൊയിരാല സംസാരിച്ചിട്ടുണ്ട്. തന്റെ ആത്മകഥയെക്കുറിച്ച് നൽകിയ അഭിമുഖങ്ങളിൽ, വ്യക്തിപരമായ മറ്റ് വെല്ലുവിളികൾക്കൊപ്പം മദ്യത്തോടുള്ള ആശ്രയത്തെക്കുറിച്ചും അവർ ചർച്ച ചെയ്യുകയുണ്ടായി.
- കപിൽ ശർമ്മ തന്റെ കരിയറിലെ ബുദ്ധിമുട്ടേറിയ ഘട്ടത്തിൽ കപിൽ ശർമ്മ മദ്യപാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിട്ടിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. അമിതമായ മദ്യപാനം ജോലിയെയും ദൈനംദിന ജീവിതത്തെയും എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ അവസ്ഥ. പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് ഉചിതമായ സഹായം തേടേണ്ടതിന്റെ പ്രാധാന്യമാണ് ഇത്തരം സംഭവങ്ങൾ കാണിക്കുന്നത്.
മദ്യത്തോടുള്ള ആസക്തി ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു?
മദ്യപാനം പലപ്പോഴും കരളെയാണ് ഗുരുതരമായി ബാധിക്കുന്നത്. ഇത് ഫാറ്റി ലിവർ, ഹെപ്പറ്റൈസ്, സിറോസിസ് തുടങ്ങിയ കരൾ രോഗങ്ങളിലേക്ക് നയിച്ചേക്കാം. മദ്യം തലച്ചോറിന്റെ പ്രവർത്തനങ്ങളെയും മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നു. ഇത് ഓർമ്മശക്തിയെയും തീരുമാനമെടുക്കാനുള്ള കഴിവിനെയും തടസ്സപ്പെടുത്തുന്നു. ഹൃദ്രോഗങ്ങൾ, ഉയർന്ന രക്തസമ്മർദ്ദം, ചിലതരം ക്യാൻസറുകൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കാനും അമിതമായ മദ്യപാനം കാരണമാകുന്നു. ശാരീരിക ബുദ്ധിമുട്ടുകൾക്ക് പുറമെ, ഇത് വ്യക്തികളുടെ തൊഴിലിനെയും കുടുംബബന്ധങ്ങളെയും പ്രതികൂലമായി ബാധിക്കാറുണ്ട്.
മദ്യം ഉപേക്ഷിച്ചാൽ ശരീരം വീണ്ടെടുക്കപ്പെടുമോ?
മദ്യപാനം പൂർണ്ണമായും നിർത്തുന്നത് ആരോഗ്യത്തിൽ വലിയ പുരോഗതി ഉണ്ടാക്കാൻ സഹായിക്കും. ഉറക്കം മെച്ചപ്പെടാനും ഊർജ്ജസ്വലത വീണ്ടെടുക്കാനും ഇത് സഹായിക്കുന്നു. കരളിന്റെ പ്രാരംഭ ഘട്ടത്തിലുള്ള കേടുപാടുകൾ ഭേദമാക്കാൻ മദ്യം ഉപേക്ഷിക്കുന്നത് വഴി സാധിക്കും. എന്നാൽ പെട്ടെന്ന് മദ്യം നിർത്തുന്നത് വിറയൽ, ഉത്കണ്ഠ, അസ്വസ്ഥതകൾ തുടങ്ങിയ പിൻവാങ്ങൽ ലക്ഷണങ്ങൾക്ക് (withdrawal symptoms) കാരണമായേക്കാം. അതിനാൽ ഗുരുതരമായി മദ്യപിക്കുന്നവർ ഡോക്ടറുടെയോ വിദഗ്ധരുടെയോ സഹായത്തോടെ വേണം മദ്യം നിർത്താൻ. മദ്യപാന ആസക്തി എന്നത് ഒരു ധാർമ്മിക പ്രശ്നമല്ല, മറിച്ച് ഒരു ആരോഗ്യപ്രശ്നമാണ്. നിങ്ങളുടെ ആരോഗ്യത്തെയോ ബന്ധങ്ങളെയോ ഇത് ബാധിക്കുന്നുണ്ടെങ്കിൽ ഒരു യോഗ്യതയുള്ള ആരോഗ്യ വിദഗ്ധന്റെ സഹായം തേടേണ്ടതാണ്.




