റായ്‌പുര്‍: ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള വനിതാ ട്വന്റി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകുന്നു. റായ്‌പുരിലെ ഷഹീദ് വീര്‍ നാരായണ്‍ സിങ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് ഒന്നാം ട്വന്റി20 മത്സരം ആരംഭിക്കുന്നത്. സിംബാബ്‌വേ വനിതാ ടീം ആദ്യമായാണ് ഇന്ത്യയ്‌ക്കെതിരെ ഒരു ദ്വിരാഷ്‌ട്ര പരമ്പര കളിക്കുന്നത്.
റായ്‌പുരില്‍ ആദ്യമായി ഒരു വനിതാ രാജ്യാന്തര മത്സരം നടക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. ഈ വര്‍ഷം കളിച്ച ട്വന്റി20 മത്സരങ്ങളിലെല്ലാം തോറ്റ ശേഷമാണ് സിംബാബ്‌വേ ടീമെത്തുന്നത്. എന്നാൽ ഏഷ്യാ കപ്പ്, ഏഷ്യന്‍ ഗെയിംസ് കിരീടങ്ങൾ നേടിയ കരുത്തോടെയാണ് ഇന്ത്യന്‍ വനിതകൾ കളത്തിലിറങ്ങുന്നത്.
ഹര്‍മന്‍പ്രീത് കൗറിന് ശേഷം ഇന്ത്യയുടെ സ്ഥിരം നായികയായി ചുമതലയേറ്റ സ്മൃതി മന്ദാനയുടെ പുതിയ തുടക്കം കൂടിയാണിത്. നേരത്തെ 18 ട്വന്റി20 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച സ്മൃതി 11 ജയങ്ങൾ നേടിയിട്ടുണ്ട്. ഡബ്ല്യുപിഎല്ലിൽ ആർസിബിയെ രണ്ട് തവണ ചാമ്പ്യൻമാരാക്കിയ പരിചയസമ്പത്തും താരത്തിനുണ്ട്. സ്മൃതി മന്ദാനയെ കാത്തിരിക്കുന്നത് ഒരു ചരിത്രനേട്ടമാണ്. അന്താരാഷ്ട്ര ടി20യിൽ 5000 റൺസ് തികയ്ക്കുന്ന ലോകത്തിലെ ആദ്യ ബാറ്ററാകാൻ താരത്തിന് ഇനി 133 റൺസ് കൂടി മതി.
അവസാന മൂന്ന് വര്‍ഷത്തിനിടെ ട്വന്റി20 യില്‍ രണ്ട് സെഞ്ചുറികളും 15 അര്‍ധ സെഞ്ചുറികളും നേടിയ സ്മൃതി തകർപ്പൻ ഫോമിലാണ്. എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ മുഴുവന്‍ സമയ ക്യാപ്റ്റനായി സ്മൃതി ചുമതലയേറ്റെടുക്കുന്ന പരമ്പര കൂടിയാണിത്.
മറുഭാഗത്ത് ഈ വർഷം കളിച്ച 18 മത്സരങ്ങളിലും സിംബാബ്‌വേ പരാജയപ്പെട്ടിരുന്നു. അതേസമയം ഓസ്ട്രേലിയയോട് തോറ്റ ശേഷം കളിച്ച എട്ട് മത്സരങ്ങളിലും ജയിച്ചാണ് ഇന്ത്യ വരുന്നത്. റായ്‌പുരിലെ ബാറ്റിങ്ങിന് അനുകൂലമായ പിച്ചിൽ മികച്ചൊരു പോരാട്ടം തന്നെ പ്രതീക്ഷിക്കാം.
മത്സരത്തിന് അനുയോജ്യമായ കാലാവസ്ഥയാണ് റായ്പൂരിലുള്ളത്. ഇന്ത്യൻ താരം എന്‍. ശ്രീ ചരണിക്ക് 50 അന്താരാഷ്ട്ര വിക്കറ്റുകൾ തികയ്ക്കാൻ മൂന്ന് വിക്കറ്റുകൾ കൂടി മതി. പരിക്കേറ്റ ജെമീമ റോഡ്രിഗസിന്റെ അഭാവത്തില്‍ ജി. കമാലിനി മൂന്നാം നമ്പറിലിറങ്ങും. ഓസ്‌ട്രേലിയ എക്കെതിരേ തിളങ്ങിയ അനുഷ്‌ക ശര്‍മയ്‌ക്കോ നിക്കി പ്രസാദിനോ അവസരം ലഭിച്ചേക്കും. വിൻഡീസിനെതിരെ കളിച്ച സംഘവുമായി എത്തുന്ന സിംബാബ്‌വേയ്ക്ക് മാവുങ, മുതാസ, സിബാന്‍ഡ തുടങ്ങിയ പേസർമാരാണ് കരുത്ത്.
ഇന്ത്യൻ സാധ്യതാ ടീം: സ്‌മൃതി മന്ദാന (നായിക), ഷഫാലി വര്‍മ, അനുഷ്‌ക ശര്‍മ/നിക്കി പ്രസാദ്, ഹര്‍മന്‍പ്രീത് കൗര്‍, റിച്ചാ ഘോഷ്, ഭാരതി ഫുല്‍മാലി, ദീപ്‌തി ശര്‍മ, പ്രേമ റാവത്, എന്‍. ശ്രീ ചരണി, നന്ദിനി ശര്‍മ, ക്രാന്തി ഗൗഡ്.
സിംബാബ്‌വേ സാധ്യതാ ടീം: കെലിസ് എന്‍ലോവ്, ബെലവഡ് ബിസ, ചിപോ മുഗേരി ടിരിപാനോ, ക്രിസ്‌റ്റീന മുതാസ, ന്യായ്‌ഷ ഗിവാന്‍സുര, ചിഡെസ ധുരു, മോഡെസ്‌റ്റര്‍ എംപുചിക്‌വ, ജോസെഫിന്‍ എന്‍കോമോ (നായിക), കുഡ്‌സായ് ചിഗോര, ല്യോണ്‍ ഫിരി, നോംവെലോ സിബാന്‍ഡ.




