ഉത്തർപ്രദേശിലെ ഔറയ്യ ജില്ലയിൽ 75-കാരനായ രാംസുഗറും 30-കാരിയായ റാണി രാജ്പുതും വിവാഹിതരാകാൻ ഒരുങ്ങുന്നു. ഒരു വർഷം മുൻപ് പ്രണയത്തിലായ ഇവരുടെ മോതിരമാറ്റം കഴിഞ്ഞു. നവരാത്രിക്ക് ശേഷമായിരിക്കും വിവാഹം. ഇൻസ്റ്റാഗ്രാം റീലുകൾ ചെയ്യുന്ന റാണിയുടെയും രാംസുഗറിന്റെയും ബന്ധം വളർന്നത് ഒരു സൗഹൃദത്തിലൂടെയാണ്. രാംസുഗറിന്റെ മകളെ കാണാൻ വീട്ടിലെത്തിയിരുന്ന റാണി, അവിടെവച്ച് ഇയാളുമായി അടുക്കുകയും ആ സൗഹൃദം പിന്നീട് പ്രണയമായി മാറുകയുമായിരുന്നു.
കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവർക്കുമൊപ്പം ദമ്പതികൾ സന്തോഷത്തോടെ നിൽക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇരുവരും തമ്മിലുള്ള വലിയ വയസ്സ് വ്യത്യാസമാണ് ആളുകളുടെ ശ്രദ്ധ ആകർഷിച്ചത്. വീഡിയോ പുറത്തുവന്നതോടെ തമാശ രൂപത്തിലും അല്ലാതെയും നിരവധി പ്രതികരണങ്ങളാണ് എക്സിൽ (ട്വിറ്റർ) ഉയരുന്നത്.
ചിലർ ദമ്പതികൾക്ക് ആശംസകൾ നേർന്നപ്പോൾ, മറ്റ് ചിലർ ഇത് തമാശയാക്കി മാറ്റി. രാംസുഗർ എന്ന പേരിനെ സൂചിപ്പിച്ച് “രാംസുഗർ അല്ല, ഷുഗർ ഡാഡി” എന്ന് ചിലർ കുറിച്ചു. “പ്രണയം അന്ധമാണെന്ന് പറയുന്നത് എത്ര സത്യമാണ്” എന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടപ്പോൾ, “അപ്പോൾ ഞങ്ങളെപ്പോലെയുള്ള ചെറുപ്പക്കാരുടെ കാര്യം എന്താകും” എന്ന് മറ്റു ചിലർ ആശങ്ക പങ്കുവെച്ചു. അതേസമയം, ഈ ബന്ധത്തിന് പിന്നിൽ സാമ്പത്തിക താല്പര്യങ്ങൾ ഉണ്ടാകാമെന്ന തരത്തിലുള്ള സംശയങ്ങളും ചോദ്യങ്ങളും ഉന്നയിച്ച് പ്രതികരിച്ചവരും കുറവല്ല.




