ദക്ഷിണ കൊറിയൻ റണ്ണിംഗ് ഇൻഫ്ലുവൻസറും കൈസ്റ്റ് (KAIST) ഗവേഷകയുമായ യൂ ജീ-വോൺ 2026-ലെ സിയോൾ റേസ് ഹാഫ് മാരത്തൺ പൂർത്തിയാക്കാൻ ഏതാനും മീറ്ററുകൾ മാത്രം ബാക്കിനിൽക്കെ കുഴഞ്ഞുവീണ് മരിച്ചു. അഡ്വാൻസ്ഡ് സെമികണ്ടക്ടർ ഗവേഷണത്തിനൊപ്പം ദീർഘദൂര ഓട്ടത്തിലും തിളങ്ങിയിരുന്ന 25-കാരിയായ ജീ-വോൺ, ഒക്ടോബർ 11-ന് നടന്ന 21 കിലോമീറ്റർ റേസിൽ 20.6 കിലോമീറ്റർ പിന്നിട്ടപ്പോഴാണ് ബോധരഹിതയായി വീണത്.
റസൊണേറ്റ് വോയ്സസിന്റെ റിപ്പോർട്ട് പ്രകാരം, സ്ഥലത്തുണ്ടായിരുന്ന രക്ഷാപ്രവർത്തകർ ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകുകയും ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിന്റെ കൃത്യമായ കാരണം ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഒക്ടോബർ 11-ന് രാവിലെ 8:49 ഓടെ, ഹാഫ് മാരത്തൺ പൂർത്തിയാക്കാൻ വെറും 500 മീറ്റർ മാത്രം ബാക്കിനിൽക്കെയാണ് ജീ-വോൺ കുഴഞ്ഞുവീണത്. മത്സരത്തിന്റെ 20.6 കിലോമീറ്റർ പോയിന്റിൽ വെച്ച് ഒരു മത്സരാർത്ഥി കുഴഞ്ഞുവീണെന്നും സ്ഥലത്ത് പ്രഥമശുശ്രൂഷ നൽകിയ ശേഷം ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും നിർഭാഗ്യവശാൽ മരണം സംഭവിക്കുകയായിരുന്നുവെന്നും സംഘാടകർ അറിയിച്ചു. വേർപാടിൽ അനുശോചനം അറിയിച്ച സമിതി, സംഭവം വിശദമായി പരിശോധിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി.
മരണവാർത്ത സ്ഥിരീകരിച്ചതോടെ ജീ-വോണിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ആദരാഞ്ജലികൾ പ്രവഹിക്കുകയാണ്. കഠിനമായ പഠനത്തോടൊപ്പം കായികരംഗത്തോടുള്ള അഭിനിവേശവും കൈവിടാതെ മുന്നേറിയ ജീ-വോണിന്റെ പ്രയത്നങ്ങളെ സഹ ഓട്ടക്കാരും എഞ്ചിനീയർമാരും ഓർത്തെടുത്തു. യുവ കായികതാരത്തിന്റെ അപ്രതീക്ഷിത വിയോഗം ദക്ഷിണ കൊറിയയിലെ റണ്ണിംഗ് സമൂഹത്തെ വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
മരണകാരണം വ്യക്തമല്ലാത്തതിനാൽ സംഘാടകർ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ്.




