മസ്കത്ത്: ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച സമുദ്ര മൈനിൽ ഇടിച്ച് വൻ കണ്ടെയ്നർ കപ്പൽ തകർന്ന് അപകടമുണ്ടായി. ഇതേത്തുടർന്ന് ആയിരക്കണക്കിന് ഐഫോണുകളും മറ്റ് വിലപിടിപ്പുള്ള ഉൽപ്പന്നങ്ങളും കടലിൽ ഒഴുകിനടക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നത്.
2,500-ലധികം കണ്ടെയ്നറുകൾ വഹിച്ചിരുന്ന ചരക്കുകപ്പലാണ് അപകടത്തിൽപ്പെട്ടത്. ഒമാൻ തീരത്തിന് സമീപം ഹോർമുസ് കടലിടുക്കിന്റെ തെക്കൻ മേഖലയിൽ കപ്പൽ മൈനിൽ തട്ടി മുങ്ങിയതായി ഇറാൻ റെവല്യൂഷണറി ഗാർഡ് സ്ഥിരീകരിച്ചു. അനുമതിയില്ലാത്തതും അപകടകരവുമായ സമുദ്രപാതയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ഇറാൻ ആരോപിച്ചു.
മൈനിൽ തട്ടിയതിനെ തുടർന്ന് കപ്പലിൽ ശക്തമായ സ്ഫോടനവും വൻ തീപിടിത്തവുമുണ്ടായി. ഒരു വശത്തേക്ക് ചരിഞ്ഞ കപ്പലിൽ നിന്ന് കറുത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ റെവല്യൂഷണറി ഗാർഡ് പുറത്തുവിട്ടിട്ടുണ്ട്. അപകടത്തിൽപ്പെട്ട കപ്പലിന് സമീപം രക്ഷാപ്രവർത്തനത്തിനായി ടഗ് ബോട്ടും നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഹോർമുസ് കടലിടുക്കിന് സമീപം ഒരു കണ്ടെയ്നർ കപ്പലും ഒരു ഡ്രൈ ബൾക്ക് കാരിയറും ഉൾപ്പെടെ രണ്ട് കപ്പലുകൾ മുങ്ങിയതായി രാജ്യാന്തര ഷിപ്പിങ് ഉദ്യോഗസ്ഥരും വ്യക്തമാക്കി.




