ഉത്തർപ്രദേശിലെ ലക്നൗവിൽ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് വീണു മരിച്ച 28കാരനായ കഫേ ഉടമ ശിവ ശർമയുടെ മരണത്തിൽ, കാമുകിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ശ്രദ്ധ ദുബെയ്ക്കെതിരെ യുവാവിന്റെ അമ്മ രംഗത്തെത്തി.
ശിവയെ ശ്രദ്ധ കുറച്ചുനാളുകളായി മാനസികമായി പീഡിപ്പിക്കുകയും ബ്ലാക്ക്മെയിൽ ചെയ്യുകയുമായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. ശിവയുടെ അശ്ലീല വീഡിയോകൾ പുറത്തുവിടുമെന്നും ശാരീരികമായി ഉപദ്രവിച്ചെന്ന് പൊലീസിൽ പരാതി നൽകുമെന്നും പറഞ്ഞായിരുന്നു ഭീഷണി. ഈ കേസിൽ ശ്രദ്ധ, സഹോദരി രശ്മി, ഡ്രൈവർ ഡാനിഷ്, വീട്ടുസഹായി ആദിൽ എന്നിവർക്ക് പങ്കുണ്ടെന്ന് ശിവയുടെ അമ്മ പൊലീസിന് പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് ശിവ ബാൽക്കണിയിൽ നിന്ന് താഴെ വീണെന്ന വിവരം കുടുംബത്തിന് ഫോണിലൂടെ ലഭിക്കുന്നത്. ഡ്രൈവറോടൊപ്പം ശിവയെ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്നാണ് ശ്രദ്ധ ഫോണിൽ പറഞ്ഞതെന്ന് അമ്മ വെളിപ്പെടുത്തി. തുടർന്ന് ലക്നൗവിലെ കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ എത്തിയപ്പോൾ കണ്ട സ്വകാര്യ ആംബുലൻസിലെ ഡ്രൈവർ ഡാനിഷിനോട് ചോദിച്ചപ്പോൾ, മൃതദേഹം ആശുപത്രിയിലെത്തിക്കാൻ പറഞ്ഞതുകൊണ്ട് കൊണ്ടുവന്നതാണെന്ന് മാത്രമാണ് മറുപടി ലഭിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോൾ തന്നെ ശിവ മരിച്ചിരുന്നതായി ഡോക്ടർമാരും സ്ഥിരീകരിച്ചു.
സംഭവ സമയത്ത് ഫ്ലാറ്റിൽ വച്ച് എന്തെങ്കിലും തർക്കമുണ്ടായോ എന്നും അപകടം എങ്ങനെയാണ് സംഭവിച്ചതെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. മുൻപും ശിവയുടെ ശരീരത്തിൽ പരിക്കുകൾ കണ്ടിട്ടുണ്ടെന്നും, ശ്രദ്ധയിൽ നിന്ന് പിന്മാറാൻ ശ്രമിച്ചെങ്കിലും അവർ വിട്ടില്ലെന്നും അമ്മ രഞ്ജന വ്യക്തമാക്കുന്നു. ഇതിനിടെ ശ്രദ്ധ തന്നെ വന്നു കണ്ട് ശിവക്ക് വിവാഹത്തിന് താല്പര്യമുണ്ടെന്ന് പറഞ്ഞിരുന്നതായും പരാതിയിലുണ്ട്. ശിവയുടെ ശരീരത്തിലും മുഖത്തും ഗുരുതരമായ പരിക്കുകളുണ്ടായിരുന്നു. നിലവിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.




