ആകാശത്തുനിന്ന് മീനുകൾ മഴയായി പെയ്യുന്നത് എങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ? 1947 ഒക്ടോബർ 23-ന് ലൂസിയാനയിലെ മാർക്സ്വില്ലെയിലെ താമസക്കാർ സാക്ഷ്യം വഹിച്ചത് അത്തരത്തിലുള്ള ഒരു അപൂർവ്വ പ്രതിഭാസത്തിനാണ്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രകാരം, മീൻ പിടുത്തത്തെക്കുറിച്ചും ജലജീവികളെക്കുറിച്ചും പഠനം നടത്തുന്ന ഡോ. അലക്സാണ്ടർ ദിമിത്രിയേവിച്ച് ബജ്കോവും ഭാര്യയും ഒരു ഹോട്ടലിൽ പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് പുറത്ത് മീൻമഴ പെയ്യുന്നതായി വെയ്റ്റർ അവരെ അറിയിക്കുന്നത്.
ദമ്പതികൾ പുറത്തിറങ്ങി നോക്കിയപ്പോൾ ടൗൺ കോർട്ട്ഹാൗസിന് ചുറ്റും മീനുകൾ ചിതറിക്കിടക്കുന്നതാണ് കണ്ടത്. ഏകദേശം 1,000 അടി നീളത്തിലും 80 അടി വീതിയിലുമുള്ള പ്രദേശത്തോളം മീനുകൾ വീണിരുന്നു. പ്രദേശവാസികളായ പലരും ഈ അപൂർവ്വ സംഭവത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ബാങ്ക് ഡയറക്ടർ ജെയിംസ് ബാർഹാം തന്റെ മുറ്റത്ത് മീനുകൾ കണ്ടെത്തിയതായി പറഞ്ഞു, മറ്റ് ചില അയൽക്കാരും സമാനമായ കാഴ്ചയാണ് കണ്ടത്.
പ്രധാന തെരുവിലൂടെ നടന്നുപോകുമ്പോൾ മീനുകൾ ശരീരത്തിൽ വീണതായി രണ്ട് കടയുടമകളും വ്യക്തമാക്കി. സമീപത്ത് ഫീൽഡ് വർക്ക് നടത്തിയിരുന്ന ബജ്കോവ് ഈ മീനുകളുടെ സാമ്പിളുകൾ ശേഖരിക്കാൻ തുടങ്ങി. ചതുരശ്ര യാർഡിൽ ഒരു മീൻ എന്ന കണക്കിൽ അവിടെ മീനുകൾ ഉണ്ടായിരുന്നുവെന്നും, ബാസ്, സൺഫിഷ് തുടങ്ങിയ ശുദ്ധജല മത്സ്യങ്ങളെയാണ് തിരിച്ചറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഇവയിൽ ഏറ്റവും വലിപ്പമുള്ള ലാർജ്മൗത്ത് ബാസ് മത്സ്യത്തിന് ഏകദേശം 24 സെന്റിമീറ്റർ നീളമുണ്ടായിരുന്നു. ആ മീനുകൾ കഴിക്കാൻ പാകത്തിന് പുതിയതാണെന്ന് ബജ്കോവ് കണ്ടെത്തി. വിശ്വസിക്കാൻ പ്രയാസമുള്ളതാണെങ്കിലും ഇതൊരു അസാധാരണമായ പ്രകൃതി പ്രതിഭാസമായാണ് അദ്ദേഹം കണക്കാക്കിയത്.
ചരിത്രത്തിൽ ഇത്തരം സംഭവങ്ങൾ പലതവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1946-ലെ ഒരു പഠനത്തിൽ ഇത്തരം 78 സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. 2023 ഫെബ്രുവരിയിൽ ആസ്ട്രേലിയയിലെ ലജാമാനുവിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. വെള്ളത്തിന് മുകളിലായി രൂപപ്പെടുന്ന ചുഴലിക്കാറ്റോ വാട്ടർ സ്പൗട്ടോ ആകാം ഇതിന് കാരണമെന്ന് ബജ്കോവ് വിശ്വസിച്ചു. ആഴം കുറഞ്ഞ ജലാശയങ്ങളിൽ നിന്നുള്ള ചെറിയ മീനുകളെ വായുവിലൂടെ ഉയർത്തി ദൂരേക്ക് വർഷിക്കാൻ ഇത്തരം പ്രതിഭാസങ്ങൾക്ക് കഴിയും.
ഔദ്യോഗിക കാലാവസ്ഥാ റിപ്പോർട്ടുകളിൽ അന്നേദിവസം കൊടുങ്കാറ്റോ ചുഴലിക്കാറ്റോ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും, തലേദിവസം പ്രദേശത്ത് ചുഴലിക്കാറ്റുകൾ കണ്ടിരുന്നു. ശക്തമായ കാറ്റിന് ഭാരമുള്ള വസ്തുക്കളെ വരെ ഉയർത്താൻ കഴിയുമെന്നും, വെള്ളത്തോടൊപ്പം മീനുകളും ചുഴലിക്കാറ്റിൽ ഉയർത്തപ്പെട്ടതാകാം എന്നും അദ്ദേഹം തന്റെ ശാസ്ത്രീയ റിപ്പോർട്ടിൽ വാദിച്ചു. മാർക്സ്വില്ലെയിലെ മീൻമഴയുടെ കൃത്യമായ കാരണം പൂർണ്ണമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഈ സിദ്ധാന്തം ഏറെക്കുറെ സാധ്യമാണെന്ന് കരുതപ്പെടുന്നു.




