Sports

‘ക്രിസ്റ്റ്യാനോയ്‌ക്ക് ആറു മാസത്തേയ്ക്ക് പോർച്ചുഗൽ ടീമിൽനിന്നു വിലക്ക്?’: ഒഴിവാക്കാനും വഴിയുണ്ട്

ലിസ്‌ബൻ: പോർച്ചുഗൽ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ആറു മാസം വരെ വിലക്ക് ലഭിച്ചേക്കാം. പരിശീലകൻ ജോർജ്ജ് ജീസസുമായുള്ള ഭിന്നതയെ തുടർന്ന് റൊണാൾഡോ ടീം ക്യാമ്പ് വിട്ടിരുന്നു. ഡെൻമാർക്കിനെതിരായ യുവേഫ നാഷൻസ് ലീഗ് മത്സരത്തിൽ ബെഞ്ചിലിരുത്തിയതിൽ പ്രതിഷേധിച്ചായിരുന്നു റൊണാൾഡോയുടെ ഈ ഇറങ്ങിപ്പോക്ക്. ഈ മത്സരത്തിൽ ഡെൻമാർക്കിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പോർച്ചുഗൽ തോൽപ്പിച്ചിരുന്നു.

അനുവാദമില്ലാതെ ക്യാമ്പ് വിട്ട സംഭവത്തിൽ സഹതാരങ്ങളോടും ആരാധകരോടും റൊണാൾഡോ ക്ഷമാപണം നടത്തിയിട്ടുണ്ട്. ഫെഡറേഷൻ നൽകുന്ന ഏതു ശിക്ഷയും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക നിയമപ്രകാരം ടീം ക്യാമ്പ് വിടുന്ന കളിക്കാർക്ക് ഒരു മാസം മുതൽ ആറു മാസം വരെ വിലക്ക് ലഭിക്കാം. ക്യാമ്പ് വിട്ട ദിവസം മുതൽ ഈ വിലക്ക് പ്രാബല്യത്തിലായെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ. എങ്കിലും അദ്ദേഹത്തിന് ചില ഇളവുകൾ ലഭിക്കാനും സാധ്യതയുണ്ട്.

സോഷ്യൽ മീഡിയയിലൂടെയുള്ള പരസ്യമായ ക്ഷമാപണം ക്രിസ്റ്റ്യാനോയ്ക്ക് അനുകൂലമായേക്കും. ഫെഡറേഷന്റെ അച്ചടക്ക സമിതി യോഗം ചേർന്ന ശേഷമായിരിക്കും താരത്തിന് ഔദ്യോഗിക നോട്ടീസ് അയക്കുക. സമിതിക്ക് മുന്നിൽ ഹാജരാകുമ്പോൾ സ്വന്തം ഭാഗം വിശദീകരിക്കാൻ അവസരമുണ്ടാകും. ഉപാധികളില്ലാതെ കുറ്റം സമ്മതിക്കുകയും അതിന്റെ സത്യാവസ്ഥയിൽ സംശയമില്ലാതിരിക്കുകയും ചെയ്താൽ കൂടുതൽ വിചാരണ ഒഴിവാകും. ഒപ്പം കുറഞ്ഞതും കൂടിയതുമായ ശിക്ഷാ കാലാവധി പകുതിയായി കുറയ്ക്കുകയും ചെയ്യാം. തെറ്റ് നിബന്ധനകളില്ലാതെ ഏറ്റ് പറഞ്ഞതിനാൽ റൊണാൾഡോയുടെ ശിക്ഷ പകുതിയായി കുറയ്ക്കാനാണ് സാധ്യത.

നാഷൻസ് ലീഗ് മത്സരങ്ങൾക്കിടെ ക്യാമ്പ് വിടാനിടയായ സാഹചര്യം വ്യക്തമാക്കുന്ന കുറിപ്പിൽ, താൻ വിരമിക്കില്ലെന്ന് റൊണാൾഡോ വ്യക്തമാക്കിയിരുന്നു. പരിശീലകൻ യോർജ്ജിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച താരം, കോച്ച് തന്നോട് കള്ളം പറയുകയും വാഗ്ദാനങ്ങൾ ലംഘിക്കുകയും ചെയ്തതായി ആരോപിച്ചു. തന്റെ അന്താരാഷ്ട്ര കരിയർ അവസാനിച്ചിട്ടില്ലെന്ന് വ്യക്താമാക്കിയ റൊണാൾഡോയോട്, വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും ടീമിലാണ് ശ്രദ്ധയെന്നുമാണ് കോച്ച് മറുപടി നൽകിയത്.