Crime

സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ നാടകീയ ട്വിസ്റ്റ്! കുറ്റം ഏറ്റു പറയാന്‍ തയ്യാറായി പ്രതി മുഹമ്മദ് ഷെരീഫുൾ ഇസ്ലാം

കഴിഞ്ഞ ജനുവരിയിൽ നടൻ സെയ്ഫ് അലി ഖാന്റെ വസതിയിൽ അതിക്രമിച്ചുകയറി അദ്ദേഹത്തെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയായ ബംഗ്ലാദേശ് പൗരൻ, കുറ്റം ഏറ്റുപറയാൻ ആഗ്രഹിക്കുന്നുവെന്ന് കാണിച്ച് വ്യാഴാഴ്ച വീണ്ടും കോടതിയിൽ അപേക്ഷ നൽകി. മുൻപ് നൽകിയ ഇതേ അപേക്ഷ കോടതി തള്ളി ഒരു മാസത്തിന് ശേഷമാണ് പ്രതിയുടെ ഭാഗത്തുനിന്ന് പുതിയ നീക്കമുണ്ടായിരിക്കുന്നത്.

സെപ്റ്റംബർ 11-നാണ് മുംബൈ കോടതി പ്രതിയുടെ മുൻ അപേക്ഷ തള്ളുകയും വിചാരണ നടപടികളിലേക്ക് കടക്കാൻ ഉത്തരവിടുകയും ചെയ്തതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. 2025 ജനുവരി 16-ന് നടന്റെ വസതിയിലുണ്ടായ സംഭവത്തിന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് പ്രതിയായ മുഹമ്മദ് ഷെരീഫുൾ ഇസ്ലാം അറസ്റ്റിലായത്. ഇയാൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

തനിക്കെതിരെയുള്ള മുഴുവൻ കുറ്റങ്ങളും സമ്മതിക്കാൻ തയ്യാറാണെന്ന് ഇസ്ലാം വ്യാഴാഴ്ചയും കോടതിയെ അറിയിക്കുകയായിരുന്നു. തുടർന്ന് കേസ് പരിഗണിക്കുന്ന അഡീഷണൽ സെഷൻസ് ജഡ്ജി ജി.പി. ദേശ്മുഖ്, ബംഗ്ലാദേശ് എംബസിയുമായി ഔദ്യോഗികമായി ബന്ധപ്പെടാനും പ്രതിക്ക് എംബസി അധികൃതരുമായി സംസാരിക്കാൻ ആവശ്യമായ സൗകര്യങ്ങളൊരുക്കാനും ജയിൽ അധികൃതർക്ക് നിർദ്ദേശം നൽകി.

മാരകായുധങ്ങൾ ഉപയോഗിച്ച് കവർച്ച നടത്തൽ, ഗുരുതരമായി പരിക്കേൽപ്പിക്കൽ, വീട്ടിൽ അതിക്രമിച്ചു കയറൽ തുടങ്ങിയ ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്) പ്രസക്തമായ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. ബാന്ദ്രയിലെ ആഡംബര അപ്പാർട്ട്മെന്റിന്റെ 12-ാം നിലയിലുള്ള വീട്ടിൽ അതിക്രമിച്ചുകയറിയ അക്രമി സെയ്ഫ് ഖാനെ തുടർച്ചയായി കത്തിയുപയോഗിച്ച് കുത്തുകയായിരുന്നു. 54 കാരനായ നടനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും അഞ്ച് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. സംഭവത്തിന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ഇസ്ലാമിനെ പോലീസ് പിടികൂടുന്നത്.