മീററ്റിൽ ഭർത്താവിന്റെ മരണം പാമ്പുകടിയാണെന്ന് വരുത്തിത്തീർക്കാൻ ജീവനുള്ള മൂർഖൻ പാമ്പിനെ കിടപ്പുമുറിയിൽ തുറന്നുവിട്ട് കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. രവിത കശ്യപ്, കാമുകൻ അമർ ദീപ് എന്നിവരാണ് നിലവിൽ ജയിലിൽ കഴിയുന്നത്. ഇവർക്കുള്ള ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും. 2025 ഏപ്രിൽ 13-ന് പുലർച്ചെയാണ് രവിതയുടെ ഭർത്താവ് അമിത് കശ്യപിനെ (31) കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവസ്ഥലത്തെത്തിയ പോലീസ് പരിശോധനയിൽ അമിതിൻ്റെ ശരീരത്തിനടിയിൽ നിന്ന് ജീവനുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തുകയും ശരീരത്തിൽ പത്തുതവണ പാമ്പുകടിയേറ്റ പാടുകൾ കാണുകയും ചെയ്തു. പാമ്പുകടിയേറ്റാണ് ഭർത്താവ് മരിച്ചതെന്നാണ് രവിത ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാൽ, അമിതിൻ്റെ മരണം ശ്വാസംമുട്ടിയാണെന്നും പാമ്പുകടിയേറ്റല്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. മൂക്കും വായും പൊത്തിപ്പിടിച്ച് കഴുത്ത് ഞെരിച്ചതിനെത്തുടർന്ന് തൈറോയിഡ് ഗ്രന്ഥിക്കും തൊണ്ടയിലെ നാഭാസ്ഥിക്കും ക്ഷതമേറ്റാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.
തുടർന്ന് നടന്ന് ചോദ്യം ചെയ്യലിൽ രവിത കുറ്റം സമ്മതിച്ചു. പൂജയ്ക്കെന്ന വ്യാജേന 1000 രൂപ നൽകി പാമ്പാട്ടിയിൽ നിന്നാണ് അമർ മൂർഖൻ പാമ്പിനെ വാങ്ങിയതെന്ന് അന്വേഷണസംഘം കണ്ടെത്തി. പാമ്പാട്ടിയുടെ മൊഴിയും പോലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. 20കാരന് കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണ് അമിതിനെ വധിച്ചതെന്ന് രവിത വെളിപ്പെടുത്തി. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി 2025 ജൂൺ 26-ന് പോലീസ് കുറ്റപത്രം സമർപ്പിക്കുകയും കേസിൽ 12 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു.




