Featured Good News

ഇതാണ് മുതലാളി! ജീവനക്കാർ സ്കൂട്ടറിൽ വരുന്നത് കണ്ട് BMW കാറുകൾ വാങ്ങി നൽകി റെസ്റ്റോറന്റ് ഉടമ

മഴയും തണുപ്പും നിറഞ്ഞ കാലാവസ്ഥയിലെ കഠിനമായ യാത്രയിൽ നിന്ന് സംരക്ഷിക്കാൻ മികച്ച രീതിയിൽ ജോലി ചെയ്ത ജീവനക്കാർക്ക് പുത്തൻ ബി.എം.ഡബ്ല്യു (BMW) കാറുകൾ സമ്മാനിച്ച് ചൈനയിലെ ഒരു റസ്റ്റോറന്റ് ഉടമ. മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ ബീഫ് ഹോട്ട്പോട്ട് റെസ്റ്റോറന്റ് ശൃംഖല നടത്തുന്ന മാ യാൻലി എന്ന ഉടമയാണ് ജീവനക്കാരെ ഞെട്ടിച്ചുകൊണ്ട് ഈ അപൂർവ്വ സമ്മാനം നൽകിയത്.

തന്റെ ജീവനക്കാരിൽ ഭൂരിഭാഗവും ഇലക്ട്രിക് സ്കൂട്ടറുകളിലാണ് ജോലിക്ക് എത്തുന്നതെന്നും, കഠിനമായ തണുപ്പിലും മഴയിലും ഇവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നേരിട്ടുകണ്ടതിനെ തുടർന്നുമാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും മാ യാൻലി പറഞ്ഞു.

സെപ്റ്റംബർ 24-ന് ഒരു യോഗത്തിൽ പങ്കെടുക്കാനെന്ന വ്യാജേന ജീവനക്കാരെ ബി.എം.ഡബ്ല്യു ഷോറൂമിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് ഏകദേശം 43 ലക്ഷം രൂപ (3,00,000 യുവാൻ) വീതം വിലമതിക്കുന്ന കാറുകൾ സമ്മാനമായി നൽകിയത്. കാറുകളുടെ മുഴുവൻ തുകയും മുൻകൂട്ടി അടച്ചാണ് ഉടമ ഇവ വാങ്ങിയത്.

തന്റെ ബിസിനസ്സ് വളർന്നത് ജീവനക്കാരുടെ കൂട്ടായ പരിശ്രമം കൊണ്ടാണെന്നും, അതിനാൽ കമ്പനിയുടെ വിജയത്തിന്റെ ഫലം നേരിട്ട് അനുഭവിക്കാൻ അവർക്ക് അർഹതയുണ്ടെന്നും മാ യാൻലി വ്യക്തമാക്കി. ജീവനക്കാരോടുള്ള ഉടമയുടെ ഈ കരുതലും ഔദാര്യവും സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.