Lifestyle

ഒരു പ്ലാസ്റ്റിക് കുപ്പി മാത്രം മതി! അടുക്കളയിലെ സിങ്ക് അടഞ്ഞാൽ സെക്കൻഡുകൾക്കുള്ളിൽ ക്ലിയറാക്കാം എളുപ്പവഴി

അടുക്കളയിലെ സിങ്കിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഒരു പ്ലാസ്റ്റിക് കുപ്പി ഉപയോഗിച്ച് ചെയ്യാവുന്ന ലളിതമായൊരു വഴിയിതാ. സിങ്കിൽ വെള്ളം കെട്ടിക്കിടക്കുമ്പോഴും പതുക്കെ മാത്രം താഴേക്ക് ഇറങ്ങുമ്പോഴും രാസവസ്തുക്കൾ ഉപയോഗിക്കുന്നതിന് പകരം ഈ മാർഗ്ഗം പരീക്ഷിക്കാവുന്നതാണ്.

ഇതിനായി ആദ്യം ഒരു പ്ലാസ്റ്റിക് കുപ്പിയിൽ പകുതിയോളം ചെറുചൂടുവെള്ളം എടുക്കുക. തുടർന്ന് കുപ്പിയുടെ വായ്ഭാഗം സിങ്കിന്റെ ഡ്രെയിനേജ് ദ്വാരത്തിന് മുകളിൽ അമർത്തിപ്പിടിച്ച് കുപ്പി പലതവണ ശക്തിയായി ഞെക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഉണ്ടാകുന്ന വായുവിന്റെയും വെള്ളത്തിന്റെയും സമ്മർദ്ദം പൈപ്പിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന അഴുക്കുകളെയും ഭക്ഷണാവശിഷ്ടങ്ങളെയും തള്ളിമാറ്റാൻ സഹായിക്കും. വെള്ളം വേഗത്തിൽ പോയിത്തുടങ്ങുന്നത് വരെ ഇത് ആവർത്തിക്കുക.

അടപ്പ് മാറിയ ശേഷം കുറച്ച് തിളച്ച വെള്ളം സിങ്കിലേക്ക് ഒഴിച്ചുകൊടുക്കുക. ഇത് പൈപ്പിനുള്ളിൽ ശേഷിക്കുന്ന എണ്ണമയവും അഴുക്കുകളും പൂർണ്ണമായി കഴുകിക്കളയാൻ സഹായിക്കും. അതിനുശേഷം ലക്വിഡ് സോപ്പും സ്പോഞ്ചും ഉപയോഗിച്ച് സിങ്ക് നന്നായി കഴുകി വൃത്തിയാക്കുക. ഇത് സിങ്കിലെ ദുർഗന്ധവും കറകളും മാറ്റി വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കും.

സിങ്കിൽ തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ ഉപയോഗിച്ച എണ്ണയോ കൊഴുപ്പോ സിങ്കിലേക്ക് ഒഴിക്കാതിരിക്കുക, ഭക്ഷണാവശിഷ്ടങ്ങൾ വീഴാതിരിക്കാൻ സ്ട്രെയ്നർ ഉപയോഗിക്കുക, ആഴ്ചയിലൊരിക്കൽ ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക എന്നീ കാര്യങ്ങളും ശ്രദ്ധിക്കാവുന്നതാണ്.