Crime

ലഹരി നല്‍കി യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തു: ശരണ്യയും സഞ്ജുവും പിടിയില്‍, ലോഡ്ജിലെത്തിയ ആ രണ്ടു പേർ ആര്?

കളമശേരി: കളമശേരിയിലെ സ്‌പായില്‍ ജോലി വാഗ്ദാനം ചെയ്ത് വിവാഹിതയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ ഒളിവിലായിരുന്ന രണ്ടു പ്രതികളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാം പ്രതിയായ ആലപ്പുഴ എസ്‌.എന്‍. പുരം സ്വദേശി ശരണ്യ ശശി, നാലാം പ്രതി തൃശൂര്‍ പറപ്പൂക്കര സ്വദേശി സഞ്‌ജയ്‌ (21) എന്നിവരെയാണ് വയനാട്ടിലെ പുല്‍പ്പള്ളി ഭാഗത്തുനിന്ന് കളമശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ എ.എല്‍. അഭിലാഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. കുറ്റകൃത്യത്തിന് ശേഷം കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ ഒളിവില കഴിയുകയായിരുന്നു ഇവർ.

എന്നാൽ, യുവതി ആത്മഹത്യാ ഭീഷണി മുഴക്കി രക്ഷപ്പെടുന്നതിന് തൊട്ടുമുമ്പ് ലോഡ്ജിലേക്ക് എത്തിയ രണ്ടു പേർ ആരാണെന്ന കാര്യത്തിൽ പോലീസിന് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. നിലവിൽ നാലു പേർക്കെതിരെ മാത്രമാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് യുവതിയുടെ ഭർത്താവ് ഇന്നലെ ആരോപിച്ചിരുന്നു. ലോഡ്ജിലെത്തിയ ഇവർ പ്രതികളുടെ കൂട്ടാളികളാണോ എന്ന കാര്യത്തിലും അന്വേഷണം നടക്കുകയാണ്.

കഴിഞ്ഞ രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവിധ സ്‌പാകളിൽ ജോലി ശരിയാക്കി നൽകാമെന്ന് വിശ്വസിച്ച് ഇടപ്പള്ളിയിലെ സ്വകാര്യ ലോഡ്‌ജിൽ വിളിച്ചുവരുത്തിയ യുവതിക്ക് ബിയറിലും മയക്കുമരുന്നിലും ലഹരി നൽകിയ ശേഷമാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. കേസിൽ ഒന്നാം പ്രതിയായ ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശി ശ്രീരാജ് (30), കാക്കനാട് തേവക്കൽ സ്വദേശി ജിത്ത് മാർട്ടിൻ (27) എന്നിവരെ പ്രത്യേക അന്വേഷണസംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അതിക്രമത്തിനിരയായ യുവതി നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ശരണ്യ ശശിയാണ് (അമ്മു) തന്നെ ശാരീരികമായി കൂടുതൽ ഉപദ്രവിച്ചതെന്നാണ് യുവതി മൊഴി നൽകിയിട്ടുള്ളതെന്ന് സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി. മാനസികമായും ശാരീരികമായും ഗുരുതരാവസ്ഥയിലുള്ള യുവതിയുടെ ആരോഗ്യനില തൃപ്തികരമാകുന്ന മുറയ്ക്ക് പോലീസ് വിശദമായ മൊഴിയെടുക്കും.

സ്‌പാകൾ കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിപ്പിക്കുന്നവരാണ് പിടിയിലായതെന്ന സംശയം ശക്തമാണ്. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി യുവതിയെ ഭീഷണിപ്പെടുത്തി തങ്ങളുടെ വരുതിയിലാക്കാനും മറ്റ് ആവശ്യക്കാർക്ക് വഴങ്ങി കൊടുക്കാൻ പ്രേരിപ്പിക്കാനുമായിരുന്നു പ്രതികൾ പദ്ധതിയിട്ടിരുന്നത്. സമാനമായ രീതിയിൽ മറ്റ് യുവതികളെയും ഇവർ കെണിയിൽപ്പെടുത്തിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. സംഭവം നടന്ന ദിവസം കൂടുതൽ ആളുകൾ ലോഡ്ജിലെത്തിയതോടെയാണ് യുവതി ബീയർ കുപ്പി പൊട്ടിച്ച് കഴുത്തിൽ വെച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയതും, തുടർന്ന് പ്രതികൾ ഇവരെ പുറത്തുവിടാൻ നിർബന്ധിതരായതും.