Crime Featured

ആണ്‍കുട്ടിയോട് മിണ്ടി; പിതാവ് പലതവണ പീഡിപ്പിച്ചതായി 14-കാരി, അമ്മ നഗ്നചിത്രങ്ങൾ പകർത്തിയെന്ന് പെണ്‍കുട്ടി

ഗുജറാത്തിലെ കച്ച് ജില്ലയിൽ പതിനാലുകാരിയായ മകളെ മാതാപിതാക്കൾ ചേർന്ന് തുടർച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. കുട്ടിയെ മുറിക്കുള്ളിൽ പൂട്ടിയിടുകയും നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തതായും ആരോപണമുണ്ട്. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛനും അമ്മയ്ക്കുമെതിരെ പോക്സോ നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. കച്ചിലെ അഞ്ജാർ മേഖലയിലാണ് മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്.

മാതാപിതാക്കൾക്കും മൂന്ന് സഹോദരിമാർക്കുമൊപ്പമാണ് പെൺകുട്ടി കഴിഞ്ഞിരുന്നത്. മറ്റൊരു സംസ്ഥാനത്തു നിന്നുള്ള ഈ കുടുംബം കഴിഞ്ഞ ആറു വർഷമായി ഗുജറാത്തിലാണ് താമസം. ഒരു ആൺകുട്ടിയുമായുള്ള സൗഹൃദത്തെച്ചൊല്ലി മാതാപിതാക്കൾ മർദിക്കുകയും മുറിക്കുള്ളിൽ പൂട്ടിയിടുകയും ചെയ്തതോടെയാണ് പെൺകുട്ടി പൊലീസ് ഹെൽപ്പ് ലൈനിന്റെ സഹായം തേടിയത്.

സെപ്റ്റംബർ 14-ന് ആഗ്രയിലുള്ള ആൺസുഹൃത്തുമായി ഫോണിൽ സംസാരിക്കുന്നത് പെൺകുട്ടിയുടെ അമ്മ കാണുകയും ഇതേക്കുറിച്ച് ചോദ്യം ചെയ്യുകയുമായിരുന്നു. തുടർന്ന് ജോലി കഴിഞ്ഞെത്തിയ ഭർത്താവിനോട് കുട്ടിക്ക് പ്രണയബന്ധമുണ്ടെന്ന് അമ്മ അറിയിച്ചു. ഇതോടെ പ്രകോപിതനായ അച്ഛൻ കുട്ടിയെ ക്രൂരമായി മർദിക്കുകയും മുറിക്കുള്ളിൽ പൂട്ടിയിടുകയുമായിരുന്നു. മണിക്കൂറുകളോളം മർദിച്ചെന്നും ഭക്ഷണവും വെള്ളവും നൽകിയില്ലെന്നും കുട്ടി നൽകിയ പരാതിയിൽ പറയുന്നു.

പിന്നീടുള്ള ദിവസങ്ങളിൽ അമ്മയുടെ ഒത്താശയോടെ അച്ഛൻ പലതവണ ലൈംഗികമായി ഉപദ്രവിച്ചതായി പെൺകുട്ടി ആരോപിക്കുന്നു. സെപ്റ്റംബർ 20-നും 29-നും പീഡനം തുടർന്നു. സെപ്റ്റംബർ 29-ന് സമീപത്തു താമസിക്കുന്ന അമ്മായി യശോദ ബെന്നിന്റെ വീട്ടിലെത്തിയ പെൺകുട്ടി അവരുടെ ഫോണിൽനിന്ന് 112 എന്ന എമർജൻസി നമ്പറിൽ വിളിച്ചെങ്കിലും മാതാപിതാക്കൾ എത്തി ഫോൺ പിടിച്ചെടുത്ത് കുട്ടിയെ വീണ്ടും വീട്ടിലേക്ക് കൊണ്ടുപോയി പൂട്ടിയിടുകയായിരുന്നു.

ഒക്ടോബർ ഒന്നിന് അമ്മയുടെ സാന്നിധ്യത്തിൽ അച്ഛൻ വീണ്ടും പീഡിപ്പിച്ചെന്നും ഈ സമയം അമ്മ തന്റെ നഗ്നചിത്രങ്ങൾ ഫോണിൽ പകർത്തിയെന്നും കുട്ടി പൊലീസിന് മൊഴി നൽകി. തൊട്ടടുത്ത ദിവസം രാവിലെ അച്ഛൻ ജോലിക്ക് പോയതിനു പിന്നാലെ വീണ്ടും അമ്മായിയുടെ വീട്ടിലെത്തിയ പെൺകുട്ടി താൻ അനുഭവിച്ച ക്രൂരതകൾ വിവരിക്കുകയും പൊലീസ് ഹെൽപ്പ് ലൈനിൽ ബന്ധപ്പെടുകയുമായിരുന്നു. സന്ദേശം ലഭിച്ചയുടൻ സ്ഥലത്തെത്തിയ പൊലീസ് മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയെ നിലവിൽ അധികൃതരുടെ സംരക്ഷണയിൽ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.