ഡെറാഡൂൺ: ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉൾവനത്തിലെ കൊക്കയിലേക്ക് തള്ളിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിലായി. ഡെറാഡൂണിൽ നടന്ന ക്രൂരമായ സംഭവത്തിൽ ബിഹാർ സ്വദേശിയായ മദൻ മുഖിയ എന്നയാളാണ് കൊല്ലപ്പെട്ടത്. മദന്റെ ഭാര്യ മീന ദേവി (30), ഇവരുടെ കാമുകൻ ലല്ലൻ ശർമ (23) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ബിഹാറിലെ സഹർസ ജില്ലയിൽനിന്നെത്തി ഇവിടെ ജോലി ചെയ്തുവരികയായിരുന്ന മദനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷമാണ് മൃതദേഹം വനത്തിലെ കൊക്കയിലേക്ക് തള്ളിയത്.
ശനിയാഴ്ച മണ്ഡുവാല വനമേഖലയിലെ കൊക്കയിൽ നിന്നാണ് മദന്റെ മൃതദേഹം കണ്ടെത്തുന്നത്. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവുകളാണ് കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പൊലീസിനെ നയിച്ചതും, തുടർന്ന് ഭൂവുടമ സുരേന്ദ്ര സിങ്ങിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതും. പരിസരത്തെ സിസിടിവി ദൃശ്യങ്ങളും പ്രാദേശിക തൊഴിലാളികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളും അടിസ്ഥാനമാക്കി ലല്ലൻ ശർമയെ പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തു. ലല്ലനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിൽ ഭാര്യ മീന ദേവിയുടെ പങ്കും പുറത്തുവരുന്നത്.
മദൻ മുഖിയയുടെ സഹപ്രവർത്തകനായിരുന്ന ലല്ലൻ ശർമയും മീനയും കഴിഞ്ഞ മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. തങ്ങളുടെ രഹസ്യബന്ധം മദൻ തിരിച്ചറിഞ്ഞെന്ന് മനസ്സിലാക്കിയതോടെയാണ് ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. തുടർന്ന് മദ്യം കഴിക്കാമെന്ന് പറഞ്ഞ് മീന ഭർത്താവിനെ സമീപത്തുള്ള കോളജിനോട് ചേർന്നുള്ള വനമേഖലയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച് അമിതമായി മദ്യപിച്ച് ബോധരഹിതനായ മദനെ മീനയും ലല്ലനും ചേർന്ന് വധിക്കുകയും മൃതദേഹം കൊക്കയിലേക്ക് എറിയുകയുമായിരുന്നു.




