റെയിൽവേ ട്രാക്കിൽ നിർത്തിയിട്ടിരുന്ന തീവണ്ടിയുടെ എഞ്ചിനിൽ സാരിത്തമ്പ് കെട്ടിവെച്ച് യുവതി ഡാൻസ് കളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻ വിമർശനത്തിന് വഴിവെച്ചു. സാരിയും കൂളിംഗ് ഗ്ലാസും ധരിച്ച് ട്രാക്കിൽ നിൽക്കുന്ന യുവതി, നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ എഞ്ചിനിൽ സാരിയുടെ അറ്റം കെട്ടിയിട്ട ശേഷം മുന്നോട്ട് വന്ന് സിനിമാറ്റിക് രീതിയിൽ നൃത്തം ചെയ്യുന്നതാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. ഒരു ബോളിവുഡ് സിനിമാ രംഗം ഓർമ്മിപ്പിക്കുന്ന തരത്തിൽ പാട്ടിനൊപ്പം അഭിനയിച്ചുകൊണ്ട് യുവതി ട്രെയിനിലേക്ക് കൈചൂണ്ടുന്നതും കാണാം.
“റീലുകൾ നിർമ്മിക്കാനുള്ള നെട്ടോട്ടം ആളുകളെ മാനസികമായി മാത്രമല്ല സാമൂഹികമായും തകർക്കുകയാണ്. കുറച്ച് ലൈക്കുകൾക്കും വ്യൂസിനും വേണ്ടി ജനങ്ങൾ തങ്ങളുടെ വിവേകവും നാണവും ഉത്തരവാദിത്തവും പണയം വെക്കുകയാണ്. ക്യാമറ ഓൺ ആകുന്നതോടെ മനുഷ്യത്വം തന്നെ ഇല്ലാതാകുന്നതായി തോന്നുന്നു,” എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
വീഡിയോ പകർത്തിയ തീയതിയും സമയവും വ്യക്തമല്ലെങ്കിലും ട്രാക്കിലിറങ്ങി വീഡിയോ ചിത്രീകരിച്ചതിനെതിരെ വലിയ അമർഷമാണ് ഉയരുന്നത്. തീവണ്ടിക്ക് തൊട്ടടുത്ത് നിൽക്കുന്നതിലെ അപകടം ചൂണ്ടിക്കാട്ടിയ ഉപയോക്താക്കൾ, സോഷ്യൽ മീഡിയയിലെ താൽക്കാലിക ശ്രദ്ധയ്ക്കായി ആളുകൾ എന്തിനാണ് ഇത്തരം അപകടകരമായ കാര്യങ്ങൾ ചെയ്യുന്നതെന്ന് ചോദ്യമുയർത്തുന്നു. സംഭവത്തിൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്ന് പലരും ആവശ്യപ്പെട്ടു.
ട്രെയിനുകൾ, പ്ലാറ്റ്ഫോമുകൾ, ട്രാക്കുകൾ എന്നിവ കേന്ദ്രീകരിച്ച് റീലുകളും സ്റ്റന്റുകളും ചിത്രീകരിക്കുന്ന പ്രവണത വർദ്ധിച്ചുവരുന്നതിൽ ആശങ്ക ശക്തമായിട്ടുണ്ട്. ട്രാക്കുകളിൽ അതിക്രമിച്ചു കയറുന്നതും ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും വലിയ അപകടമാണെന്ന് റെയിൽവേ അധികൃതർ നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും ഇത്തരം സംഭവങ്ങൾ തുടരുകയാണ്.




