Oddly News

ക്ഷേത്രത്തിലേക്ക് കാർ പാഞ്ഞുകയറി! വിഗ്രഹത്തിന് തൊട്ടുമുന്നിൽ വണ്ടി നിന്നു, അത്ഭുതരക്ഷപ്പെടൽ! വീഡിയോ

ബാങ്കോക്കിലെ ചൈനാടൗണിൽ ബ്യാങ്ക്‌യാങ് സന്യാസിമഠത്തിന് സമീപമുള്ള ഗുവാന്യൻ ക്ഷേത്രത്തിലേക്ക് ഇലക്ട്രിക് കാർ ഇടിച്ചുകയറി മൂന്ന് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ യാവോവരാട്ട് റോഡിലെ തിയാൻ ഫ ഫൗണ്ടേഷൻ വളപ്പിലുള്ള ക്ഷേത്രത്തിലായിരുന്നു അപകടം. ആൾക്കാർ പ്രാർത്ഥിച്ചുകൊണ്ടിരുന്ന സമയത്താണ് വാഹനം ക്ഷേത്രത്തിലേക്ക് പാഞ്ഞുകയറിയത്.

ഉയർന്ന രക്തസമ്മർദ്ദത്തിന് ചികിത്സയിലായിരുന്ന വയോധികനാണ് കാർ ഓടിച്ചിരുന്നതെന്നും, യാത്രയ്ക്കിടെ ഇയാൾക്ക് ബോധക്ഷയം സംഭവിച്ചതുമാണ് അപകടത്തിന് കാരണമായതെന്നും പോലീസ് അറിയിച്ചു. ഡ്രൈവർക്ക് ബോധം നഷ്ടപ്പെട്ടപ്പോൾ അബദ്ധത്തിൽ ആക്സിലറേറ്ററിൽ കാൽ അമരുകയും, വാഹനം പെട്ടെന്ന് മുന്നോട്ട് പാഞ്ഞ് ആളുകളുടെ ഇടയിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.

അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ എല്ലാവരെയും ഉടനടി ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തിൽ ക്ഷേത്രത്തിന്റെ ഘടനയ്ക്കും വസ്തുക്കൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ കാർ ക്ഷേത്രത്തിനുള്ളിലേക്ക് ആഴത്തിൽ ഇടിച്ചുകയറി ഗുവാന്യൻ ദേവിയുടെ പ്രധാന പ്രതിമയുടെ ചുവട്ടിലാണ് നിന്നതെങ്കിലും, പ്രതിമയ്ക്ക് യാതൊരു കേടുപാടുകളും സംഭവിച്ചില്ല. സംഭവ സ്ഥലത്തെത്തിയ അടിയന്തിര രക്ഷാപ്രവർത്തകർ പരിക്കേറ്റവർക്ക് ആവശ്യമായ സഹായങ്ങൾ നൽകി. ഡ്രൈവറുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.