മധ്യപ്രദേശ് നഴ്സസ് രജിസ്ട്രേഷൻ കൗൺസിലിന്റെ ഓൺലൈൻ രജിസ്ട്രേഷൻ നടപടികളിലെ ഗുരുതരമായ പിഴവുകൾ തുറന്നുകാട്ടാൻ വ്യാജ വിവരങ്ങളും കഴുതയുടെ ചിത്രവും നൽകി അപേക്ഷ സമർപ്പിച്ചയാൾക്ക് മിനിറ്റുകൾക്കകം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചു. നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യയുടെ (എൻ.എസ്.യു.ഐ) സംസ്ഥാന വൈസ് പ്രസിഡന്റ് രവി പർമാറാണ് ഈ വിചിത്രമായ രീതിയിലൂടെ അധികൃതരുടെ വീഴ്ച ചൂണ്ടിക്കാണിച്ചത്. 2,050 രൂപ ഫീസടച്ച് ഓൺലൈനായി അപേക്ഷ സമർപ്പിച്ച് വെറും അഞ്ച് മിനിറ്റിനുള്ളിൽ തന്നെ സർട്ടിഫിക്കറ്റ് ലഭിച്ചതായി പർമാർ വ്യക്തമാക്കി.
അപേക്ഷയിൽ പേരിന്റെ സ്ഥാനത്ത് ‘Donkey’ എന്നും മാതാപിതാക്കളുടെ പേരുകളായി ‘Donkey Father’, ‘Donkey Mother’ എന്നും ഫോട്ടോയ്ക്ക് പകരം കഴുതയുടെ ചിത്രവുമാണ് നൽകിയിരുന്നത്. ജാതിയുടെ കോളത്തിൽ ‘Animal’ എന്ന് രേഖപ്പെടുത്തുകയും വ്യാജ വിലാസം നൽകുകയും ചെയ്തിട്ടും അധികൃതർ ഇതൊന്നും പരിശോധിക്കാതെ സർട്ടിഫിക്കറ്റ് അനുവദിക്കുകയായിരുന്നു.
ഭോപ്പാൽ നഴ്സിങ് കോളേജ്, ഭോപ്പാൽ മെമ്മോറിയൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ എന്നിവ പരിശീലന കേന്ദ്രങ്ങളായി തിരഞ്ഞെടുക്കുകയും പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും മാർക്കുകളും റോൾ നമ്പറുകളും വ്യാജമായി പൂരിപ്പിച്ചുമാണ് അപേക്ഷ സമർപ്പിച്ചത്. സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യേണ്ട സ്ഥാനത്ത് വെറും ഒഴിഞ്ഞ വെള്ളക്കടലാസുകൾ മാത്രമാണ് നൽകിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.
രജിസ്ട്രേഷൻ നമ്പറും ഡിജിറ്റൽ ഒപ്പുമുള്ള സർട്ടിഫിക്കറ്റ് ലഭിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളും പർമാർ പുറത്തുവിട്ടിട്ടുണ്ട്. രേഖകൾ കൃത്യമായി പരിശോധിക്കാതെ ഇത്തരത്തിൽ സർട്ടിഫിക്കറ്റുകൾ നൽകുന്നത് വ്യാജ രജിസ്ട്രേഷനുകൾ വ്യാപിക്കാൻ ഇടയാക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആരോപണം.
യാതൊരുവിധ പരിശോധനകളുമില്ലാതെ വ്യാജ വിവരങ്ങളടങ്ങിയ അപേക്ഷ അംഗീകരിച്ച് സർട്ടിഫിക്കറ്റ് നൽകിയ സംഭവം വലിയ ചോദ്യശരങ്ങളാണ് ഉയർത്തുന്നത്. ഇതോടെ മധ്യപ്രദേശ് നഴ്സസ് രജിസ്ട്രേഷൻ കൗൺസിലിന്റെ സുതാര്യതയെക്കുറിച്ചും പ്രവർത്തനരീതിയെക്കുറിച്ചും വലിയ രീതിയിലുള്ള വിമർശനങ്ങളും പ്രതിഷേധങ്ങളുമാണ് ഉയർന്നുവരുന്നത്.
എൻ.ഡി.ടി.വി (NDTV) റിപ്പോർട്ട് പ്രകാരം, വെബ്സൈറ്റ് വഴി ലഭ്യമായത് ഒരു താത്കാലിക (പ്രൊവിഷണൽ) സർട്ടിഫിക്കറ്റ് മാത്രമാണെന്നും രേഖകൾ കൃത്യമായി പരിശോധിച്ച ശേഷമേ അന്തിമ അനുമതി നൽകൂ എന്നും മധ്യപ്രദേശ് നഴ്സസ് രജിസ്ട്രേഷൻ കൗൺസിൽ അറിയിച്ചു. സർട്ടിഫിക്കറ്റ് നേടിയെടുക്കുന്നതിനായി വ്യാജ വിവരങ്ങൾ നൽകുന്നത് തട്ടിപ്പിന്റെ പരിധിയിൽ വരുമെന്നും കൗൺസിൽ വ്യക്തമാക്കി.
ഈ സംഭവത്തിന് പിന്നാലെ, വെബ്സൈറ്റിൽ നിന്നുള്ള ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക് താൽക്കാലികമായി നീക്കം ചെയ്തിട്ടുണ്ട്. കൂടുതൽ സുരക്ഷാ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തിയ ശേഷമായിരിക്കും ഇത് വീണ്ടും പുനഃസ്ഥാപിക്കുക. അപേക്ഷ സമർപ്പിച്ചതിന് തൊട്ടുപിന്നാലെ രജിസ്ട്രേഷൻ നമ്പർ ലഭ്യമാകുമെങ്കിലും, ശേഷമാണ് യോഗ്യതകളും മറ്റ് രേഖകളും വിശദമായി പരിശോധിക്കുന്നതെന്ന് കൗൺസിൽ വ്യക്തമാക്കി.
പരിശോധനവേളയിൽ വ്യാജമായ വിവരങ്ങളോ ചിത്രങ്ങളോ രേഖകളോ കണ്ടെത്തിയാൽ 7 മുതൽ 15 ദിവസത്തിനകം തന്നെ ഇത്തരം രജിസ്ട്രേഷനുകൾ റദ്ദാക്കാൻ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.




