ഹാപ്പൂർ (ഉത്തർപ്രദേശ്): കാമുകിക്കൊപ്പം സമയം ചെലവഴിക്കാനെത്തിയ ഭർത്താവിനെ രണ്ട് പ്ലേറ്റ് ‘ചോള ബട്ടൂര’യുടെ പേരിൽ നടുറോഡിൽ തടഞ്ഞുവെച്ച് കൈകാര്യം ചെയ്ത് ഭാര്യയും ബന്ധുക്കളും. ഉത്തർപ്രദേശിലെ ഹാപ്പൂരിലുള്ള പ്രശസ്തമായ തീർത്ഥാടന കേന്ദ്രമായ ബ്രിജ്ഘട്ടിലാണ് ഈ നാടകീയ സംഭവങ്ങൾ നടന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
രണ്ട് കുട്ടികളുടെ പിതാവായ അജയ് എന്നയാൾക്കാണ് ഭാര്യ കവിതയുടെയും ബന്ധുക്കളുടെയും കയ്യിൽ നിന്ന് കടുത്ത മർദ്ദനമേറ്റത്. ജോലിക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങുന്ന അജയ് സ്ഥിരമായി കാമുകിയെ കാണാൻ പോകാറുണ്ടായിരുന്നുവെന്നാണ് കവിതയുടെ ആരോപണം. കഴിഞ്ഞ ദിവസം ഇയാൾ ബ്രിജ്ഘട്ടിലെ ഒരു ഗസ്റ്റ് ഹൗസിൽ കാമുകിക്കൊപ്പമുണ്ടെന്ന വിവരമറിഞ്ഞാണ് കവിതയും ബന്ധുക്കളും അവിടെയെത്തിയത്. തുടർന്ന് സമീപത്തെ കടയിൽ നിന്ന് ഇയാൾ രണ്ട് പ്ലേറ്റ് ചോള ബട്ടൂര പാഴ്സൽ വാങ്ങുന്നത് കവിതയും സംഘവും നേരിട്ട് കാണുകയും തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയുമായിരുന്നു. എന്നാൽ, താൻ ഒറ്റയ്ക്കാണ് വന്നതെന്നും കുടുംബ പ്രശ്നങ്ങൾ മൂലമുള്ള വിഷമം മാറ്റാനാണ് ഇവിടെയെത്തിയതെന്നുമായിരുന്നു അജയ്യുടെ മറുപടി.
ഒറ്റയ്ക്കാണ് വന്നതെങ്കിൽ പിന്നെന്തിനാണ് രണ്ട് പ്ലേറ്റ് ചോള ബട്ടൂര വാങ്ങിയതെന്ന ഭാര്യയുടെ ചോദ്യത്തിന് മുന്നിൽ അജയ്യുടെ കള്ളത്തരങ്ങൾ പൊളിഞ്ഞു. ഇതോടെ നിയന്ത്രണം വിട്ട കവിതയും കുടുംബവും നടുറോഡിലിട്ട് ഇയാളെ മർദ്ദിക്കാൻ തുടങ്ങി. സംഭവം കാണാൻ ആളുകൾ തടിച്ചുകൂടിയതോടെ സ്ഥലത്ത് വലിയ ബഹളവും ഗതാഗത തടസ്സവുമുണ്ടായി. വിവരമറിഞ്ഞെത്തിയ പൊലീസ് ഇരുവിഭാഗത്തെയും ബ്രിജ്ഘട്ട് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചകൾക്കൊടുവിൽ പരാതികളില്ലാതെ വിഷയം ഒത്തുതീർപ്പാക്കുകയും ഇരു കൂട്ടരും മടങ്ങുകയും ചെയ്തു.




