യൂറോപ്പിലെയും ഇന്ത്യയിലെയും പച്ചക്കറി വിലകൾ തമ്മിലുള്ള വലിയ വ്യത്യാസം ചൂണ്ടിക്കാണിച്ചുകൊണ്ട് നോർവേയിൽ താമസിക്കുന്ന ഒരു ഇന്ത്യക്കാരൻ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായി മാറിക്കഴിഞ്ഞു. വിനോദ് എന്ന ഇൻസ്റ്റാഗ്രാം/എക്സ് ഉപയോക്താവാണ് നോർവേയിലെ ഉയർന്ന പച്ചക്കറി വിലകൾ വ്യക്തമാക്കുന്ന വീഡിയോ പങ്കുവെച്ചത്. നോർവേയിൽ ഒരു കിലോഗ്രാം ഓർഗാനിക് നാരങ്ങയ്ക്ക് ഏകദേശം 850 രൂപയും, തക്കാളിക്ക് കിലോഗ്രാമിന് 680 രൂപയും, ഒരു വെള്ളരിക്കയ്ക്ക് മാത്രം 300 രൂപയോളവുമാണ് വില.
“വർഷങ്ങളായി നോർവേയിൽ ജീവിക്കുന്നുണ്ടെങ്കിലും കടകളിൽ പോകുമ്പോഴൊക്കെ ഇവിടുത്തെ വിലനിലവാരം എന്നെ അത്ഭുതപ്പെടുത്താറുണ്ട്. ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ നാരങ്ങയ്ക്ക് കിലോയ്ക്ക് 90 മുതൽ 110 രൂപ വരെയും, തക്കാളിക്ക് 60 മുതൽ 80 രൂപ വരെയും, വെള്ളരിക്കയ്ക്ക് ഒരെണ്ണത്തിന് 20 മുതൽ 30 രൂപ വരെയുമാണ് വില,” എന്ന് അദ്ദേഹം കുറിച്ചു. ഇന്ത്യയെ അപേക്ഷിച്ച് നോർവേയിൽ പച്ചക്കറികൾക്ക് എട്ടിരട്ടിയിലധികം വിലയുണ്ടെങ്കിലും ആളുകളുടെ ശമ്പളം അതിനനുസരിച്ച് എട്ടിരട്ടിയൊന്നുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എങ്കിലും ഇന്ത്യയിൽ നമ്മൾ എപ്പോഴും വിലക്കയറ്റത്തെക്കുറിച്ച് പരാതിപ്പെടാറുണ്ടെന്നും, ഇന്ത്യയിലെ കർഷകർക്ക് അവരുടെ അധ്വാനത്തിന് അർഹമായ പ്രതിഫലം നമ്മൾ നൽകുന്നുണ്ടോ എന്ന് സംശയമാണെന്നും അദ്ദേഹം ചോദിച്ചു.
പോസ്റ്റ് വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ആളുകളിൽ നിന്നുണ്ടായത്. ഇന്ത്യയിൽ ഇടനിലക്കാരാണ് നേട്ടമുണ്ടാക്കുന്നതെന്നും കർഷകർക്ക് അർഹമായ വില ലഭിക്കുന്നില്ലെന്നും ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ ഇരു രാജ്യങ്ങളിലെയും പ്രതിശീർഷ വരുമാനവും സാമ്പത്തിക സ്ഥിതിയും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് മറ്റുചിലർ ചൂണ്ടിക്കാട്ടി. വിദേശ രാജ്യങ്ങളിലെ ഉയർന്ന വിലയെ വിമർശിക്കുകയും ഇന്ത്യയിലെ കുറഞ്ഞ വിലയെ പുകഴ്ത്തുകയും ചെയ്യുന്നവർ കർഷകരുടെ കുറഞ്ഞ വരുമാനത്തെയും കഠിനാധ്വാനത്തെയും കുറിച്ച് ചിന്തിക്കുന്നില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് പലരും അദ്ദേഹത്തിന്റെ നിലപാടിനെ പിന്തുണയ്ക്കുകയും ചെയ്തു.




