പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ സഹോദരങ്ങളായ രണ്ട് കുട്ടികളെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കുട്ടികളുടെ അമ്മയായ നിവേദ്യയാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ചോദ്യംചെയ്യലിൽ നിവേദ്യ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചിട്ടുണ്ട്.
കുട്ടികളുടെ മരണത്തിൽ തുടക്കം മുതൽ തന്നെ സംശയങ്ങളുണ്ടായിരുന്നതിനാൽ നാട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. തുടർന്നാണ് അമ്മയെ വിളിച്ച് വിശദമായി ചോദ്യം ചെയ്തതും കൊലപാതക വിവരം പുറത്തുവന്നതും. സ്വതന്ത്രമായി ജീവിക്കുന്നതിന് കുട്ടികൾ തടസ്സമാണെന്ന് കരുതിയാണ് ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് നിവേദ്യ നൽകിയ മൊഴി. മോഡലിങ് രംഗത്തേക്ക് പ്രവേശിക്കാനും ഉപരിപഠനത്തിന് പോകാനും ആഗ്രഹിച്ചിരുന്നതായും എന്നാൽ കുട്ടികൾ അതിന് തടസ്സമായി നിന്നതു കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും ഇവർ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും വ്യക്തമായ കാരണം കൂടുതൽ പരിശോധനകൾക്ക് ശേഷമേ വ്യക്തമാകൂ എന്നും പോലീസ് വ്യക്തമാക്കി.
അതേസമയം, കുട്ടികളെക്കുറിച്ചും ഭർത്താവിനെക്കുറിച്ചും നാട്ടുകാർ അപവാദം പ്രചരിപ്പിച്ചിരുന്നെന്നും കുട്ടികൾ തന്റേതല്ലെന്ന് പറഞ്ഞ് പരത്തിയെന്നും നിവേദ്യ പോലീസിനോട് പറഞ്ഞതായി വിവരമുണ്ട്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാൻ പദ്ധതിയിട്ടിരുന്നതായും ഇവർ മൊഴി നൽകി. എന്നാൽ പോലീസ് ഈ അവകാശവാദങ്ങൾ പൂർണമായി വിശ്വസിച്ചിട്ടില്ല. ഇതോടൊപ്പം, നിവേദ്യക്കെതിരെ കുട്ടികളുടെ പിതാവും കുടുംബവും പരസ്യമായി രംഗത്തുവന്നു. കുളിമുറിയിലെ തൊട്ടിയിൽ രണ്ടു കുട്ടികളും ഒരേസമയം മുങ്ങിമരിക്കാനുള്ള വെള്ളം ഉണ്ടായിരുന്നില്ലെന്നും, ഒരാൾ വീണാൽപ്പോലും മറ്റേയാൾ ഉറക്കെ വിളിച്ചു കൂവുമായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, നിവേദ്യയുടെ നിരന്തരമായ ഫോൺ ഉപയോഗവും പെരുമാറ്റവും മുൻപേ സംശയമുണർത്തിയിരുന്നതായി ബന്ധുക്കൾ വ്യക്തമാക്കി.
കുട്ടികൾ തൊട്ടിയിലെ വെള്ളത്തിൽ വീണ് മരിക്കാൻ സാധ്യതയില്ലെന്നും ഒരുകുട്ടി വീണാൽ മറ്റേയാൾ ആളുകളെ വിളിച്ച് വരുത്താൻ പ്രാപ്തിയുള്ളവളായിരുന്നുവെന്നും പിതാവ് പറഞ്ഞു. ഈ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരാതി നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളുടെ കാര്യത്തിൽ താൻ ഭാര്യയെ വഴക്കുപറയാറുണ്ടായിരുന്നെന്നും ഇവർ എപ്പോഴും ഫോണിൽ സംസാരിച്ച് കുട്ടികളെ ശ്രദ്ധിക്കാറില്ലായിരുന്നുവെന്നും ആരോടാണ് സംസാരിച്ചിരുന്നതെന്ന് അറിയില്ലായിരുന്നുവെന്നും പിതാവ് കൂട്ടിചേർത്തു.
വടകരപ്പതി പഴണിയാർപാളയം മണൽക്കാട് ജോൺകുമാർ-നിവേദ്യ ദമ്പതികളുടെ മക്കളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റിഫർ (3) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10.30-ന് മേനോൻപാറ കൂരാങ്കാട്ടിലെ വാടകവീട്ടിലായിരുന്നു സംഭവം. രണ്ട് മാസം മുമ്പാണ് വിറകുവെട്ടു തൊഴിലാളിയായ ജോൺകുമാറും കുടുംബവും ഇവിടെ വാടകയ്ക്ക് താമസത്തിനെത്തിയത്. സംഭവദിവസം രാവിലെ ജോൺകുമാർ ജോലിക്ക് പോയതിനാൽ നിവേദ്യയും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിനു മുന്നിൽ ജോലി ചെയ്യുകയായിരുന്നെന്നും കുട്ടികളുടെ ശബ്ദം കേൾക്കാതായപ്പോൾ തിരഞ്ഞുപോയതാണെന്നുമാണ് നിവേദ്യ ആദ്യം നൽകിയ വ്യാജമൊഴി. കുളിമുറിയിലെ തൊട്ടിയിൽ ചലനമറ്റ നിലയിൽ കണ്ടെത്തിയ കുട്ടികളെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിൽ മരിച്ച ജെനിഫർ ജൂലിയറ്റ് മേനോൻപാറ സ്കൂളിലെ എൽ.കെ.ജി. വിദ്യാർഥിനിയാണ്.




