പ്ലാസ്റ്റിക് മുട്ടകളെക്കുറിച്ചുള്ള വ്യാജപ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. വിപണിയിൽ ലഭിക്കുന്ന ചില മുട്ടകൾ പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ ഉപയോഗിച്ച് കൃത്രിമമായി നിർമ്മിച്ചതാണെന്ന് ആരോപിക്കുന്ന വീഡിയോകളും പോസ്റ്റുകളും വ്യാപകമായി പ്രചരിക്കാറുമുണ്ട്. എന്നാൽ ഇത്തരം പ്രചാരണങ്ങൾക്കെതിരെ പ്രതികരണവുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) രംഗത്തെത്തി. പഴക്കം ചെന്ന മുട്ടകളുടെ ഘടനയിലോ കാഴ്ചയിലോ ഉണ്ടാകുന്ന മാറ്റങ്ങൾ അവ പ്ലാസ്റ്റിക് മുട്ടകളാണെന്നതിന് തെളിവല്ലെന്ന് എഫ്.എസ്.എസ്.എ.ഐ വ്യക്തമാക്കി. മുട്ടയുടെ പുതുമയും പഴക്കവും തിരിച്ചറിയാൻ സഹായിക്കുന്ന ലളിതമായ ഒരു പരിശോധനാ രീതിയെക്കുറിച്ച് വിശദീകരിക്കുന്ന വീഡിയോയും അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
ഭക്ഷണത്തെക്കുറിച്ചുള്ള ഇത്തരം വ്യാജപ്രചാരണങ്ങളിൽ വീഴരുതെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് എഫ്.എസ്.എസ്.എ.ഐ എക്സ് (X) പ്ലാറ്റ്ഫോമിൽ വീഡിയോ പങ്കുവെച്ചത്. മുട്ടകൾ ശരിയായ രീതിയിൽ സൂക്ഷിക്കാതിരിക്കുകയോ പഴക്കം ചെല്ലുകയോ ചെയ്യുമ്പോൾ അവയുടെ മണം, ഘടന, കാഴ്ച എന്നിവയിൽ മാറ്റങ്ങൾ വരാം. പഴക്കം കൂടുന്തോറും മുട്ടയിലെ വെള്ളദ്രാവകം കനം കുറയുകയും മഞ്ഞക്കരുവിന്റെ ഉറപ്പ് നഷ്ടപ്പെടുകയും ചെയ്യും. ഇത്തരം മാറ്റങ്ങളാണ് പലപ്പോഴും വ്യാജ അല്ലെങ്കിൽ പ്ലാസ്റ്റിക് മുട്ടകൾ എന്ന തരത്തിലുള്ള തെറ്റിദ്ധാരണകൾക്ക് കാരണമാകുന്നത്.
മുട്ടയുടെ പുതുമ പരിശോധിക്കാൻ വെള്ളം ഉപയോഗിച്ചുള്ള ഒരു ലളിതമായ പരീക്ഷണമാണ് എഫ്.എസ്.എസ്.എ.ഐ നിർദ്ദേശിക്കുന്നത്. ഒരു പാത്രത്തിലോ ഗ്ലാസിലോ വെള്ളമെടുത്ത് അതിലേക്ക് മുട്ട പതുക്കെ താഴ്ത്തി വെയ്ക്കുക. പുതിയ മുട്ടയാണെങ്കിൽ അത് വെള്ളത്തിന്റെ അടിത്തട്ടിൽ ചരിഞ്ഞു കിടക്കും. എന്നാൽ മുട്ടയ്ക്ക് പഴക്കം കൂടുന്തോറും അതിനുള്ളിലെ വായുവിന്റെ അളവ് കൂടുകയും, തൽഫലമായി മുട്ട അടിത്തട്ടിൽ നിവർന്നു നിൽക്കുകയോ വെള്ളത്തിൽ പൊങ്ങിപ്പൊങ്ങിക്കിടക്കുകയോ ചെയ്യും. എന്നാൽ ഇത് മുട്ടയുടെ പഴക്കം അറിയാനുള്ള ഒരു സൂചന മാത്രമാണെന്നും, പൂർണ്ണമായ ഭക്ഷ്യസുരക്ഷാ പരിശോധനയായി ഇതിനെ കാണേണ്ടതില്ലെന്നും അതോറിറ്റി വ്യക്തമാക്കുന്നു.
മുട്ടയ്ക്ക് പഴക്കം ചെല്ലുമ്പോൾ മഞ്ഞക്കരുവും വെള്ളയും തമ്മിൽ വേർതിരിച്ചറിയാൻ പ്രയാസമായേക്കാം. ഇവയുടെ രൂപത്തിൽ മാറ്റം വരുന്നതോ അല്ലെങ്കിൽ രണ്ടും തമ്മിൽ കലരുന്നതോ മുട്ട കൃത്രിമമാണെന്നതിന്റെ തെളിവല്ല. സോഷ്യൽ മീഡിയയിലെ വ്യാജപ്രചാരണങ്ങൾക്ക് പകരം ശാസ്ത്രീയമായ വിവരങ്ങളെ മാത്രം ആശ്രയിക്കാൻ എഫ്.എസ്.എസ്.എ.ഐ ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്നു. മുട്ട വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും അവ ശരിയായ രീതിയിൽ സൂക്ഷിക്കുന്നതും നന്നായി വേവിച്ച് കഴിക്കുന്നതും പ്രധാനമാണ്. അതിനാൽ, കാഴ്ചയിലോ തൊട്ടറിയുമ്പോഴോ വ്യത്യാസം തോന്നുന്ന മുട്ടകൾ പ്ലാസ്റ്റിക് ആണെന്ന് ഉറപ്പിച്ചു പറയാനാവില്ല. സോഷ്യൽ മീഡിയ സന്ദേശങ്ങൾ വിശ്വസിക്കുന്നതിന് മുൻപ് മുട്ടയുടെ പുതുമയും സൂക്ഷിച്ചുവെച്ച സാഹചര്യങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തുകയാണ് വേണ്ടത്.




