ന്യൂഡൽഹി: ഉത്തർപ്രദേശിലെ വൃന്ദാവനിലുള്ള ഗുരുകൃപ കുഞ്ച് ആശ്രമത്തിലെ നാലുനില കെട്ടിടത്തിൽനിന്ന് യുവസന്യാസി വീണു മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. സന്ത് പ്രേമാനന്ദ് മഹാരാജിന്റെ ശിഷ്യനായ ദീപക് ലോധി (രസിക് ദുലാരി ശരൺ–25) ആണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. സന്യാസിയുടെ ശരീരത്തിലെ മുറിവുകളും മരണത്തിന് തൊട്ടുമുൻപുള്ള സിസിടിവി ദൃശ്യങ്ങളും മുറിയിൽ നിന്ന് കണ്ടെത്തിയ ഗ്രൈൻഡറുമാണ് ദുരൂഹത വർധിപ്പിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ 10.30 ഓടെയാണ് സന്യാസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ പ്രകാരം 10.25-ന് രക്തക്കറ പുരണ്ട വസ്ത്രങ്ങളോടെയാണ് ദീപക് മുറിയിൽ നിന്ന് പുറത്തിറങ്ങിയത്. കുറച്ചുസമയം പുറത്തുനിന്ന ശേഷം മൂന്നാം നിലയിൽനിന്ന് നാലാം നിലയിലെ ടെറസിലേക്ക് പോവുകയും അവിടെ കുറച്ചുനേരം ഇരിക്കുകയും കിടക്കുകയും ചെയ്ത ശേഷം പെട്ടെന്ന് താഴേക്ക് ചാടുകയുമായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ദീപക്കിനെ ഉടൻ ആശുപതിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ടെറസിൽനിന്ന് താഴേക്ക് വീഴുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആദ്യകാഴ്ചയിൽ ആത്മഹത്യയെന്ന് കരുതുമെങ്കിലും മുറിയിൽ നിന്ന് പുറത്തിറങ്ങും മുൻപ് അവിടെ എന്താണ് സംഭവിച്ചതെന്ന ചോദ്യമാണ് അന്വേഷണസംഘത്തെ ആശയക്കുഴപ്പത്തിലാക്കുന്നത്.
ദീപക്ക് താമസിച്ചിരുന്ന മുറിയിൽ നിന്ന് ലഭിച്ച ഗ്രൈൻഡർ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. കൂടാതെ സന്യാസിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം കണ്ടെത്തിയ പരുക്കുകൾ എങ്ങനെ സംഭവിച്ചുവെന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല.
സംഭവത്തിൽ ദീപക്കിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഫോണിലെ ഡാറ്റയോ ചിത്രങ്ങളോ മരണത്തിന് മുൻപ് നീക്കം ചെയ്തിട്ടുണ്ടോ എന്നറിയാൻ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. ഇതിലൂടെ സംഭവത്തിന് പിന്നിലെ യഥാർത്ഥ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.




