സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് സ്വര്‍ണാഭരണങ്ങൾ കവർന്ന സംഭവത്തിൽ വടകര സ്വദേശിയായ മുഹമ്മദ് നജീറിനെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണഞ്ചേരി സ്വദേശിനിയുടെ 15 പവൻ സ്വർണം തട്ടിയെടുത്തു മുങ്ങിയ പ്രതിയെ പരാതിക്കാരി നൽകിയ കേസിലെ അന്വേഷണത്തിനൊടുവിലാണ് പൊലീസ് വലയിലാക്കിയത്.
ഇയാൾക്കെതിരെ വളയം, പട്ടാമ്പി ഉൾപ്പെടെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിൽ മുൻപും സമാനമായ കേസുകൾ നിലവിലുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ പരിചയപ്പെട്ട് ബന്ധം സ്ഥാപിക്കുന്നതാണ് നജീറിന്റെ രീതി. തുടർന്ന് അവരുടെ വ്യക്തിഗത വിവരങ്ങളും കൈവശമുള്ള സ്വർണാഭരണങ്ങളെക്കുറിച്ചും ഇയാൾ തന്ത്രപൂർവം അന്വേഷിച്ചറിയും.
സ്വർണമുണ്ടെന്ന് മനസ്സിലാക്കിയാൽ അത് പുതിയ ഡിസൈനിൽ നിർമിച്ചു നൽകാമെന്ന് വിശ്വസിപ്പിച്ച് മോഡൽ കാണിക്കാനെന്ന വ്യാജേന വാങ്ങിയെടുത്ത് മുങ്ങുകയാണ് ചെയ്യാറുള്ളത്. ഇത്തരത്തിൽ വിവിധ ജില്ലകളിൽ നിന്നായി 65 പവനിലധികം സ്വർണം തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്.




