ജിം പരിശീലനവുമായും കായികതാരങ്ങളുടെ വ്യായാമങ്ങളുമായുമാണ് ക്രിയേറ്റിൻ എന്ന പോഷകവും കാലങ്ങളായി ബന്ധപ്പെട്ടിരിക്കുന്നത്. എന്നാൽ ഇതിന്റെ പ്രയോജനങ്ങൾ ലഭിക്കാൻ വ്യായാമം നിർബന്ധമില്ലെന്ന പുതിയ കണ്ടെത്തലുമായി എത്തിയ പുതിയൊരു പഠനം മുൻധാരണകളെ തിരുത്തുന്നു.
ജേണൽ ഓഫ് ദി ഇന്റർനാഷണൽ സൊസൈറ്റി ഓഫ് സ്പോർട്സ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, 12 ആഴ്ച പ്രായപൂർത്തിയായ ആരോഗ്യമുള്ള വ്യക്തികൾ ക്രിയേറ്റിൻ കഴിച്ചപ്പോൾ വ്യായാമത്തിൽ ഏർപ്പെടാതെ തന്നെ അവരുടെ ശരീരത്തിലെ കൊഴുപ്പില്ലാത്ത പേശികളുടെ പിണ്ഡം (Lean tissue) വർദ്ധിക്കുകയും പേശീബലം മെച്ചപ്പെടുകയും ചെയ്തതായി കണ്ടെത്തി.
45-നും 65-നും ഇടയിൽ പ്രായമുള്ള 64 ആരോഗ്യമുള്ള വ്യക്തികളിലാണ് ഈ പഠനം നടത്തിയത്. പങ്കെടുത്തവരെ വ്യായാമം ചെയ്യാത്ത ഗ്രൂപ്പുകളായും കൃത്യമായ വ്യായാമവും ഭക്ഷണക്രമവും പിന്തുടരുന്ന ഗ്രൂപ്പുകളായും തിരിച്ചാണ് ക്രിയേറ്റിൻ മോണോഹൈഡ്രേറ്റ് നൽകിയത്. ഇവർ ദിവസം 10 ഗ്രാം ക്രിയേറ്റിൻ വീതം രണ്ട് ഘട്ടങ്ങളായി കഴിച്ചു. വ്യായാമം ചെയ്യാത്ത ആളുകളിൽ ക്രിയേറ്റിൻ നൽകിയപ്പോൾ ഏകദേശം 1.1 കിലോഗ്രാം പേശീഭാരം വർദ്ധിച്ചതായി കണ്ടു. വ്യായാമം ചെയ്ത ആളുകളിൽ ഇതൊടൊപ്പം ക്രിയേറ്റിൻ നൽകിയപ്പോൾ ഇതിനേക്കാൾ വലിയ രീതിയിലുള്ള മാറ്റങ്ങൾ കണ്ടെങ്കിലും, വ്യായാമമില്ലാതെയും ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് തെളിഞ്ഞു.
ശരീരത്തിലെ ഊർജ്ജ വ്യവസ്ഥയിൽ വലിയ പങ്ക് വഹിക്കുന്ന സ്വാഭാവിക സംയുക്തമാണ് ക്രിയേറ്റിൻ. കോശങ്ങൾക്ക് ആവശ്യമായ ഉടനടിയുള്ള ഊർജ്ജം നൽകാൻ ഇത് സഹായിക്കുന്നു. എന്നാൽ വ്യായാമം ചെയ്യാതെയുള്ള പേശീവളർച്ച എന്നത് പേശിയിലെ ജലാംശം വർദ്ധിക്കുന്നത് കൊണ്ടുമാകാം എന്നൊരു പരിമിതിയും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിനുപുറമെ, ക്രിയേറ്റിൻ കഴിച്ചവരിൽ ഓർമ്മശക്തിയും ബുദ്ധിശക്തിയും നേരിയ രീതിയിൽ മെച്ചപ്പെട്ടതായി പ്രാഥമിക നിരീക്ഷണത്തിൽ കണ്ടെത്തി. ചെറിയൊരു കൂട്ടം ആളുകളിൽ കുറഞ്ഞ കാലയളവിൽ മാത്രം നടത്തിയ പഠനമായതിനാൽ ഇതിൽ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണെങ്കിലും, ക്രിയേറ്റിൻ എന്നാൽ വ്യായാമം ചെയ്യുന്നവർക്ക് മാത്രം ഉള്ളതാണെന്ന ധാരണ മാറ്റാൻ ഈ പുതിയ പഠനത്തിന് സാധിച്ചിട്ടുണ്ട്.




